വിമാനം ഉയര്‍ന്നുപൊങ്ങിയതോടെ ഇ സിഗററ്റ് ഉപയോഗിക്കാന്‍ ശ്രമിച്ചതായി യാത്രക്കാരി; ജീവനക്കാര്‍ അരുതെന്ന് പറഞ്ഞതോടെ ശബ്ദമുയര്‍ത്തി യാത്രക്കാരി; മദ്യലഹരിയിലായ യുവതി അറസ്റ്റു ചെയ്തപ്പോള്‍ ആര്‍പ്പുവിളിച്ച് സഹയാത്രികര്‍

വിമാനം ഉയര്‍ന്നുപൊങ്ങിയതോടെ ഇ സിഗററ്റ് ഉപയോഗിക്കാന്‍ ശ്രമിച്ചതായി യാത്രക്കാരി

Update: 2025-07-10 03:12 GMT

സിഡ്‌നി: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാവരും പാലിക്കേണ്ട ചില അടിസ്ഥാന ചിട്ടകളുണ്ട്. അത് ലംഘിക്കുന്നവരുടെ അവസ്ഥ അത്ര നല്ലതായിരിക്കില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോകുകയായിരുന്ന ജെറ്റ്സ്ററാര്‍ വിമാനത്തില്‍ ഉണ്ടായ സംഭവം. ശനിയാഴ്ച രാത്രി വാനുവാട്ടുവിലെ പോര്‍ട്ട് വിലയില്‍ നിന്നാണ് വിമാനം സിഡ്നിയേലിക്ക് തിരിച്ചത്. ഇതിലെ ഒരു യാത്രക്കാരി കാട്ടിക്കൂട്ടിയ പ്രശ്നങ്ങള്‍ ഒടുവില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പോലീസ് പിടികൂടി കൊണ്ട് പോകുമ്പോള്‍ മറ്റുള്ള യാത്രക്കാര്‍ അത് ആഘോഷമാക്കുന്നതും കാണാം. വിമാനം യാത്ര ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് യുവതി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്. ഇവര്‍ യാത്രക്കിടയില്‍ ഇ സിഗററ്റ് ഉപയോഗിക്കാന്‍ ശ്രമിച്ചതായി സഹയാത്രക്കാരായ കുടുംബം പരാതിപ്പെട്ടു.

തുടര്‍ന്് ക്യാബിന്‍ ക്രൂ ഇടപെടുകയും ഇവരുടെ പ്രവൃത്തി വ്യോമയാന നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന്

മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കനത്ത പിഴയോ അല്ലെങ്കില്‍ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും ജീവനക്കാര്‍ അവരോട് പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയായി ജീവനക്കാരോട് അവര്‍ മോശമായി പെരുമാറുകയായിരുന്നു. വലിയ തോതില്‍ ശബ്ദമുയര്‍ത്തിയാണ് അവര്‍ ജീവനക്കാരോട് സംസാരിച്ചത്.

തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ സിഡ്നിയിലെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍മാരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമാനത്തിനുള്ളില്‍ കയറിയ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ പ്രശ്നക്കാരിയായ യാത്രക്കാരിയെ ചോദ്യം ചെയ്തു. നിങ്ങള്‍ ഇ സിഗററ്റ് ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന് തന്റെ കൈവശമുള്ളത് സാധാരണ സിഗററ്റാണെന്ന് മറുപടി നല്‍കി.

വിമാനത്തില്‍ നടന്ന കശപിശ ഈ യാത്രക്കാരി ചിത്രീകരിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് വാങ്ങിയപ്പോള്‍ അവര്‍ അത് തിരികെ തട്ടിപ്പറിക്കുകയായിരുന്നു. അറസ്റ്റ് ചെയ്തതിന് ശേഷം പുറത്തേക്ക് കൊണ്ടു വരുമ്പോള്‍ അവര്‍ അലറി വിളിക്കുകയും കുതറി മാറാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മറ്റുള്ള യാത്രക്കാര്‍ ഇവരുടെ അറസ്റ്റിനെ

ആഘോഷമാക്കി മാറ്റി. അവര്‍ കൈയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

ഈ സ്ത്രീയുടെ ഒറ്റയ്ക്കോണോ ആരുടെ എങ്കിലും കൂടെയാണോ എത്തിയത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. യാത്രക്കാരി മദ്യപിച്ചിരുന്നതായി പോലീസ് പിന്നീട് വെളിപ്പെടുത്തി. സഹയാത്രികരോടും വിമാനജീവനക്കാരോടും ഇവര്‍ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചതായും അവര്‍ വ്യക്തമാക്കി. കേസ് ഇനി കോടതി പരിഗണിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Tags:    

Similar News