പത്തനംതിട്ടയില്‍ സിപിഎം വിട്ട പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; എല്ലാം പറഞ്ഞ് കോംപ്ലിമെന്‍സാക്കി; മൂന്നു പ്രതികള്‍ കീഴടങ്ങി; നഗരസഭ ചെയര്‍മാന്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി; വധശ്രമം കുറവ് ചെയ്തു; ഒടുവില്‍ പാര്‍ട്ടി പിടിച്ചിടം ജയിക്കുമ്പോള്‍
ഒടുവില്‍ പാര്‍ട്ടി പിടിച്ചിടം ജയിക്കുമ്പോള്‍
പത്തനംതിട്ട: കഴിഞ്ഞ ഒരാഴ്ചയായി ജില്ലാ ആസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നാടകം കണ്ട് കണ്ണുതള്ളി നില്‍ക്കുകയാണ് നാട്ടുകാര്‍. സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന മുന്‍ബ്രാഞ്ച് സെക്രട്ടറിയെ മുഖംമൂടി സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചതായി പരാതി ഉയരുന്നു. നഗരസഭ ചെയര്‍മാനാണ് ഇതിന് പിന്നിലെന്ന് വെട്ടേറ്റ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോലീസിന് മൊഴി നല്‍കുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി സിപിഎം ജില്ലാ കമ്മറ്റിയംഗം കൂടിയായ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ അടക്കം ഏഴു പേരെ പ്രതികളാക്കി വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുക്കുന്നു.
കേട്ടുകേഴ്വിയില്ലാത്ത സംഭവങ്ങള്‍ നടക്കുന്നത് കണ്ട് പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. എന്നിട്ടും മറ്റാരോ നിര്‍ദേശിച്ചതു പോലെ രണ്ടു പ്രതികളെ മൊഴിയെടുക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നു. ഇവിടെ വച്ച് കളി മാറുന്നു. പാര്‍ട്ടി ഗൗരവമായി ഇടപെടുന്നു. പോലീസിന്റെ ശൂരത്വം ശൂ ആകുന്നു. എഫ്ഐആര്‍ ആകെ തകിടം മറിയുന്നു. വെട്ടേറ്റയാളുടെ മൊഴി കളവാണെന്ന് സമര്‍ഥിക്കും വിധം എഫ്ഐആറില്‍ നിന്ന് വധശ്രമവും നിലവിലുളള പ്രതികളെയും ഒഴിവാക്കി കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നു. പറഞ്ഞുറപ്പിച്ചതു പോലെ മൂന്നു പ്രതികള്‍ വന്ന് കീഴടങ്ങുന്നു. അവരെ മൊഴിയെടുത്ത് നോട്ടീസും കൊടുത്ത് പോലീസ് പറഞ്ഞു വിടുന്നു. ശുഭം. ഇനി പണി കിട്ടാന്‍ പോകുന്നത് ചെയര്‍മാനെതിരേ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കാകും.
മന്ത്രി വീണാ ജോര്‍ജും നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനും തമ്മിലുള്ള ഭിന്നതയുടെ ഉപോല്‍പ്പന്നമാണ് കേസും നാടകീയതയുമെല്ലാം എന്നാണ് പറയപ്പെടുന്നത്. ജില്ലാ കമ്മറ്റിയംഗമായ ചെയര്‍മാനെതിരേ പോലീസ് ചാടിക്കയറി വധശ്രമം അടക്കം ചുമത്തി കേസെടുക്കണമെങ്കില്‍ ഉന്നതങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകണം. അല്ലാതെ അതിനുള്ള ധൈര്യം പോലീസിനുണ്ടാകില്ല. അത്രത്തോളം ധൈര്യം പകര്‍ന്ന ആ ഉന്നതതല ഇടപെടല്‍ മന്ത്രി അറിയാതെ ഉണ്ടാകാന്‍ വഴിയില്ലെന്ന് സക്കീറിന്റെ ക്യാമ്പ് കരുതുന്നു. എന്തായാലും ആത്യന്തികമായി പാര്‍ട്ടി പിടിച്ച ഇടം ജയിച്ചതോടെ എതിരേ കളിച്ചവര്‍ക്ക് വലിയ ക്ഷീണമായി. ഒരു കേസ് തന്നെ മാറ്റി എഴുതപ്പെടുകയാണുണ്ടായത്.
സിപിഎം കൊടുന്തറ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗ്രേസ് ഭവനില്‍ ജോണിന്റെ മകന്‍ റോബിന്‍ ജോണ്‍ എന്ന റോബിന്‍ വിളവിനാലി(39)ന് കഴിഞ്ഞ ആറിന് രാത്രി ഒമ്പതരയ്ക്കാണ് വീടിന് സമീപം വച്ച് വെട്ടേറ്റതായി പരാതി ഉയര്‍ന്നത്. മങ്കിക്യാപ് ധരിച്ചെത്തിയ മൂന്നംഗ സംഘം തന്നെ പിന്തുടര്‍ന്ന് ആക്രമിച്ചുവെന്നായിരുന്നു
റോബിന്റെ മൊഴി. അടുത്ത കാലത്താണ് സിപിഎം വിട്ട് റോബിന്‍ സിപിഐയില്‍ ചേര്‍ന്നത്. നിലവില്‍ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) ജില്ലാ കമ്മറ്റി അംഗമാണ് റോബിന്‍. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സി.പി.എം ജില്ലാ കമ്മറ്റിയംഗവും നഗരസഭ ചെയര്‍മാനുമായ ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ ആര്‍. സാബു, പ്രാദേശിക നേതാവ് നവീന്‍ എന്നിവരടക്കം ഏഴു പേരെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പിട്ട് പോലീസ് കേസെടുത്തു.
എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് സി.പി.എം നഗരസഭ ഭരിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു റോബിന്‍ പാര്‍ട്ടി വിട്ടത്. കഴിഞ്ഞയിടെ മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് എസ്.ഡി.പി.ഐ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നില്‍ നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനാണെന്ന് റോബിന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. സ്പോണ്‍സേര്‍ഡ് സമരം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എം.എല്‍.എ വീണാ ജോര്‍ജിനെതിരേ എസ്.ഡി.പി.ഐ സമരം ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്റെ തീരുമാന പ്രകാരം എന്നായിരുന്നു പോസ്റ്റ്.
ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് റോബിന്‍ പറഞ്ഞിരുന്നത്. നീ സക്കീര്‍ഹുസൈനെതിരേ പോസ്റ്റ് ഇടുമല്ലേടാ എന്ന് ആക്രോശിച്ചാണ് ആക്രമണം നടന്നതേ്രത
പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവിനെതിരേ ഒരു തെളിവുമില്ലാതെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത പോലീസ് നടപടി വലിയ വിവാദമായി. സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മറ്റി അംഗം കെ.പി. ഉദയഭാനു എന്നിവര്‍ അടക്കം ജില്ലാ പോലീസ് മേധാവിയെ അസംതൃപ്തി അറിയിച്ചു. സി.പി.എം നേതൃത്വം ഇടപെട്ടിട്ടും പോലീസ് പിന്മാറാന്‍ കൂട്ടാക്കിയില്ല. കൗണ്‍സിലര്‍ ആര്‍. സാബുവിനെയും പ്രാദേശിക നേതാവ് നവീനെയും മൊഴി എടുക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാന്‍ ഡിവൈ.എസ്.പി നീക്കം നടത്തി. പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെ പോലീസ് പ്ലാന്‍ മാറ്റി. ഉന്നതതല ഇടപെടല്‍ കാരണമാണ് തങ്ങള്‍ക്ക് ഇതൊക്കെ ചെയ്യേണ്ടി വരുന്നത് എന്നായിരുന്നു പോലീസ് ഭാഷ്യം.
സി.സി.ടി.വി ദൃശ്യങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് പോലീസ് ഇപ്പോള്‍ കേസ് മാറ്റി എഴുതിയിരിക്കുന്നത്. ബൈക്കില്‍ വന്ന മൂന്നംഗസംഘം റോബിനെ പിന്തുടര്‍ന്ന് ഓടിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ വീണാണ് റോബിന്റെ താടിയില്‍ പരുക്കേറ്റത്. താടിയിലെ മുറിവ് വടിവാള്‍ കൊണ്ട് ഉണ്ടായതല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളും റോബിന്റെ മൊഴിയില്‍ നിന്ന് വ്യത്യസ്തമാണ് എന്നാണ് അറിയുന്നത്.
ഇതോടെ പോലീസ് പ്രതികളെയും വധശ്രമം എന്ന വകുപ്പും കുറവ് ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തു. ശ്യാംരാജ്, സിറാജ് മജീദ്, രാഹുല്‍ എന്നിങ്ങനെ മൂന്നു പ്രതികള്‍ കീഴടങ്ങി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നോട്ടീസ് നല്‍കി വിട്ടയക്കുകയും ചെയ്തു. ഇങ്ങനെ ഒരു കേസ് വന്നതിലും അതിന് പിന്നിലെ കളികളും പാര്‍ട്ടി നേതൃത്വത്തിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തിനും അതൃപ്തിയുണ്ട്. കേസില്‍ ട്വിസ്റ്റുണ്ടായത് മന്ത്രി വീണയെ അനുകൂലിക്കുന്ന വിഭാഗത്തിനും തിരിച്ചടിയായി.