മകനില്ലാതെ കീഴടങ്ങാന്‍ പിസി ഒരിടത്തും പോകില്ലെന്ന പോലീസ് ധാരണ പൊളിഞ്ഞു; മകനേയും നിരീക്ഷിച്ച് ഈരാറ്റുപേട്ടയിലെ വീട്ടില്‍ കുത്തിയിരുന്ന പോലീസ്! കൃത്യം 11മണിക്ക് മരുമകള്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങിയ പൂഞ്ഞാറിലെ നേതാവ്; ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ തമ്പടിച്ചതും പോലീസിനെ പറ്റിക്കാന്‍; പോലീസിന്റെ അറസ്റ്റ് നീക്കം പൊളിഞ്ഞു; പിസി ജോര്‍ജ് കീഴടങ്ങുമ്പോള്‍
ഈരാറ്റുപേട്ട: പോലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊളിച്ച് പിസി ജോര്‍ജ്. നാടകീയമായി മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോര്‍ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ജോര്‍ജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടില്‍നിന്ന് വിട്ടുനിന്ന പി.സി. ജോര്‍ജ് താന്‍ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു പോലീസിനെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ പോലീസ് പിസിയെ അറസ്റ്റു ചെയ്യാന്‍ നീക്കം തുടങ്ങി. പോലീസിന് ചുറ്റം വലിയ സന്നാഹമൊരുക്കി. പിസി വീട്ടിലുണ്ടെന്നും പ്രതീക്ഷിച്ചു. പക്ഷേ ഇതെല്ലാം അസ്ഥാനത്തായി. പോലീസ് അറസ്റ്റിന് ശ്രമിച്ചതോടെ കോടതിയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ പിസി തീരുമാനിക്കുകയും ചെയ്തു. പോലീസിന് തടയാന്‍ കഴിയും മുമ്പേ കോടതിയില്‍ പിസി ഹാജരായി.
പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോര്‍ജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോര്‍ജിനെ അറസ്റ്റു ചെയ്യാനായി രാവിലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയം പി.സി.ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാന്‍ രണ്ടു ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു. അത് പോലീസ് തത്വത്തില്‍ സമ്മതിച്ചു. അതിന് ശേഷമാണ് ഇന്ന് വീണ്ടും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി.സി. ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.
തിങ്കളാഴ്ച രാവിലെ മുതല്‍ പി.സി. ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് ബി.ജെ.പി. പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. പിന്നാലെ ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി. പി.സി. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി സ്റ്റേഷനിലേക്ക് എത്തിയേക്കാം എന്ന സ്ഥിതി മുന്നില്‍ക്കണ്ടാണ് പോലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. മത വിദ്വേഷ പരമാര്‍ശത്തില്‍ പി.സി.ക്കെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പി.സി. ജോര്‍ജ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനം നടത്തിയാല്‍ അത് മതസ്പര്‍ദ്ധയ്ക്ക് വഴിവെച്ചേക്കാം എന്ന വിലയിരുത്തലിലാണ് പോലീസ്. അതുകൊണ്ട് തന്നെ അറസ്റ്റു ചെയ്യുമെന്നും സൂചനകള്‍ എത്തി. അനുമതിയില്ലാതെ പ്രകനം നടത്തുന്നതിനോ മറ്റോ തുനിഞ്ഞാല്‍ കൃത്യമായ നിയമനടപടി ഉണ്ടാകും എന്നാണ് ഈരാറ്റുപേട്ട സി.ഐ. കെ.ജെ. തോമസ് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനേയും ബി.ജെ.പി. ഭാരവാഹികളേയും അറിയിച്ചത്. ഈരാറ്റുപേട്ടയില്‍ വലിയ തോതിലുള്ള പോലീസ് സന്നാഹവും ഒരുക്കി. ഈ വീട്ടില്‍ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഷോണ്‍ വീട്ടിലുള്ളതു കൊണ്ട് തന്നെ പിസി വീട്ടിലെത്തുമെന്നും പോലീസ് കരുതി. ഷോണ്‍ പുറത്തിറങ്ങിയാല്‍ പിന്തുടരാനും തീരുമാനിച്ചു. പക്ഷേ ഷോണ്‍ പുറത്തു പോയില്ല. എന്നാല്‍ പിസി കോടതിയില്‍ എത്തുകയും ചെയ്തു.
മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി. സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കീഴടങ്ങിയ ഈരാറ്റുപേട്ട കോടതിയുടെ നടപടി നിര്‍ണ്ണായകമാകും.