മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു; 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്; ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം: ഈ ഉപദേശം മതസ്പര്‍ദ്ധയാകുമോ? നിയമോപദേശം നിര്‍ണ്ണായകം; പിസി ജോര്‍ജിനെതിരെ കേസ് വന്നേക്കും

Update: 2025-03-11 03:15 GMT

കോട്ടയം: : ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ സാധ്യത. നിയമപോദേശം തേടിയാകും തീരുമാനം. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശവും തേടും. പി.സി ജോര്‍ജിനെതിരെ ഇതുവരെ മൂന്ന് പരാതികള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. തൊടുപുഴയില്‍ നിന്നും പാലായില്‍ നിന്നും പി.സി ജോര്‍ജിനെതിരെ ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ലൗ ജിഹാദ് വര്‍ദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന.

മുസ്ലിം യൂത്ത് ലീഗാണ് ജോര്‍ജിനെതിരെ പാലായില്‍ പരാതി കൊടുത്തത്. നേരത്തെ പി.സി ജോര്‍ജ് റിമാന്‍ഡിലായ ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തിനെതിരായ പരാതിക്കാരും മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു. ഈ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് ഇപ്പോള്‍ ജോര്‍ജിനെതിരെ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. ലൗ ജിഹാദ് പരാമര്‍ശത്തിലൂടെ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് ആരോപണം. പാലായില്‍ ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പി.സി ജോര്‍ജ്.

'മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നും' പി.സി ജോര്‍ജ് പ്രസംഗത്തിലെ വിവാദ പരാമര്‍ശം ഇതാണ്. 'കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

'മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ്സ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിക്കട്ടെ 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടികൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്നമാണത്.' പി.സി. ജോര്‍ജ് പറഞ്ഞു.

ഒരു 22 - 23 വയസാകുമ്പോള്‍ ആ കുഞ്ഞിനെ കെട്ടിച്ചുവിടണ്ടേ, ആ മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോള്‍ എനിക്ക് തോന്നിയല്ലോ പെണ്‍കുട്ടികളെ കാണുമ്പോ സന്തോഷം. അപ്പോള്‍ ഒരു പെണ്‍കൊച്ചിന് ആണുങ്ങളെ കാണുമ്പോള്‍ സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ബല്യമാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. ഒരു 28-29 ആയാല്‍ വല്ല ശമ്പളവും കിട്ടുന്നതാണെങ്കില്‍ കെട്ടിക്കില്ല. ആ ശമ്പളം അങ്ങ് ഊറ്റിയെടുക്കാമല്ലോ. അതാണ് പ്രശ്നം. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും ഒരു 24 വയസ്സിനകം പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിക്കണം-പി.സി ജോര്‍ജ് പറഞ്ഞു.

മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിസി ജോര്‍ജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ഈ കേസില്‍ റിമാന്‍ഡിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നാലെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിപി.സിക്ക് ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്‌നം കണക്കിലെടുത്താണ് ജാമ്യം പരിഗണിച്ചത്.

മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ആ കേസിലുള്ളത്. അതേ വകുപ്പുകള്‍ വീണ്ടും വന്നാല്‍ പിസി ജോര്‍ജിന് ജയിലില്‍ പോകേണ്ടി വരും.

Tags:    

Similar News