അര്‍ഹതയും അവകാശവാദവും ഉന്നയിച്ച് നൊബേല്‍ വാങ്ങാന്‍ ട്രംപിന്റെ കാത്തിരിപ്പ്; ''പീസ് പ്രസിഡന്റ്'' വിശേഷണവുമായി വൈറ്റ് ഹൗസും; പിന്തുണച്ച് ഗാസയിലെ ബന്ദികളുടെ കുടുംബവും ഇസ്രായേലും പാകിസ്ഥാനും; നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് 244 വ്യക്തികളും 94 സംഘടനകളും; സമാധാന നൊബേല്‍ ആര്‍ക്കെന്ന ആകാംക്ഷയില്‍ ലോകം
സമാധാന നൊബേല്‍ ആര്‍ക്കെന്ന ആകാംക്ഷയില്‍ ലോകം
വാഷിങ്ടണ്‍: പ്രഖ്യാപിക്കും മുമ്പുതന്നെ ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആര്‍ക്കെന്ന ആകാംക്ഷയിലാണ് ലോകം. സമാധാന നൊബേലിനുള്ള അര്‍ഹത പലയാവര്‍ത്തി ഉന്നയിച്ച് അത് മോഹിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അത് കിട്ടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ട്രംപ് നിരന്തരമുന്നയിക്കുന്ന അവകാശവാദങ്ങള്‍ നൊബേല്‍ പുരസ്‌കാര സമിതി വിലമതിക്കുമോ എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഡിസംബര്‍ 10ന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വച്ചാണ് നൊബേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുക.
244 വ്യക്തികളും 94 സംഘടനകളുമാണ് ഇത്തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. മൊത്തം 338 നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 286 നാമനിര്‍ദേശങ്ങളായിരുന്നു ലഭിച്ചത്. ഇത്തവണ അപേക്ഷകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് നൊബേല്‍ കമ്മിറ്റി അറിയിക്കുന്നത്. ഇക്കണോമിക്‌സിന് തൊട്ടുമുന്‍പായി ഒടുവിലായാണ് സമാധാന നൊബേല്‍ പ്രഖ്യാപിക്കുന്ന പതിവ്. സയന്‍സ് വിഷയങ്ങള്‍ക്ക് ശേഷം സാഹിത്യം, സമാധാനം എന്നിങ്ങനെയാണ് ക്രമം. നാമനിര്‍ദേശം ലഭിച്ച പേരുകള്‍ നൊബേല്‍ പുരസ്‌കാര സമിതി പരസ്യപ്പെടുത്താറില്ല. ഇന്ത്യയും പാകിസ്ഥാനുമായുണ്ടായത് ഉള്‍പ്പെടെ യുദ്ധങ്ങളില്‍ സമാധാന പുനഃസ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ട്രംപ് സ്വയം സ്ഥാനാര്‍ത്ഥിത്വം അവകാശപ്പെട്ടത്. ഗാസ സമാധാന കരാര്‍ വേഗത്തിലാക്കാന്‍ സജീവ ശ്രമങ്ങള്‍ തുടരുകയാണ്. മൂന്നു ദിവസത്തിനകം കരാര്‍ എന്ന ലക്ഷ്യം നടന്നില്ല.
വൈറ്റ് ഹൗസ് തന്നെ അവസരം മുതലെടുത്ത് നേരിട്ട് രംഗത്ത് എത്തിയിതാണ് പുതിയ കൗതുകം. അവര്‍ ഡൊണാള്‍ഡ് ട്രംപിനെ 'പീസ് പ്രസിഡന്റ്' ആയി അവതരിപ്പിച്ചു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പ്രതികരണം. ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ഈ പുരസ്‌കാരത്തിനായുള്ള മോഹം പലതവണ പ്രകടിപ്പിച്ചിരുന്നു. തനിക്ക് നൊബേലിന് അര്‍ഹതയുണ്ടെന്ന ട്രംപിന്റെ അവകാശവാദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2018-ല്‍ തന്നെ അദ്ദേഹം തനിക്ക് നൊബേലിന് അര്‍ഹതയുണ്ടെന്ന പരമാര്‍ശം നടത്തിയിട്ടുണ്ട്. അന്ന് അദ്ദേഹം തമാശരൂപേണയായിരുന്നു കാര്യം അവതരിപ്പിച്ചതെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അത് ഉറച്ച അവകാശവാദമായി മാറിയിട്ടുണ്ട്. 'ഞാന്‍ അത് അര്‍ഹിക്കുന്നുണ്ട്, പക്ഷെ അവര്‍ എനിക്ക് അത് തരില്ല' എന്നാണ് ട്രംപ് നൊബേല്‍ സമ്മാനത്തെക്കുറിച്ച് ഈ അടുത്ത് പറഞ്ഞത്.
ഇസ്രായേലും പാകിസ്ഥാനും ട്രംപിനെ നോബല്‍ സമ്മാനത്തിന് പിന്തുണച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ നേരിട്ട് സമാധാന നോബലിന് അര്‍ഹന്‍ എന്ന് വിശേഷിപ്പിച്ചു. കംബോഡിയയും ട്രംപിനെ പിന്തുണച്ചു, അയല്‍ക്കാരനായ തായ്ലന്‍ഡുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിച്ചതിന് യുഎസ് പ്രസിഡന്റിനെ പ്രശംസിച്ചു. അവര്‍ക്ക് മുമ്പ്, അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ സമാധാന കരാറില്‍ ഒപ്പുവച്ചതിന് ശേഷം അര്‍മേനിയയും അസര്‍ബൈജാനും ട്രംപിനെ നോബല്‍ സമാധാന സമ്മാനത്തിന് പിന്തുണച്ചു.
എന്നാല്‍ ഏറ്റവും ഒടുവിലായി ഇതു സംബന്ധിച്ച ട്രംപിന്റെ പ്രതികരണം അല്പം നിരാശ കലര്‍ന്നതായിരുന്നു. 'എനിക്കറിയില്ല... മാര്‍ക്കോ (സ്റ്റേറ്റ് സെക്രട്ടറി റൂബിയോ) നിങ്ങളോട് പറയും, ഞങ്ങള്‍ ഏഴ് യുദ്ധങ്ങള്‍ പരിഹരിച്ചു. എട്ടാമത്തേത് പരിഹരിക്കുന്നതിലേക്ക് ഞങ്ങള്‍ അടുത്തിരിക്കുന്നു. റഷ്യയിലെ സാഹചര്യം ഞങ്ങള്‍ പരിഹരിക്കുമെന്ന് ഞാന്‍ കരുതുന്നു. ചരിത്രത്തില്‍ ആരും ഇത്രയധികം പരിഹരിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു,' വൈറ്റ് ഹൗസിലെ ഒരു റിപ്പോര്‍ട്ടര്‍ അദ്ദേഹത്തോട് കഴിഞ്ഞ ദിവസം സമാധാന നോബല്‍ സമ്മാനം നേടാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ട്രംപിന് പുറമെ അദ്ദേഹത്തിന്റെ മുന്‍സുഹൃത്തും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹി, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിയവര്‍ ഊഹങ്ങളിലുണ്ട്.
ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയും രംഗത്ത് വന്നിരുന്നു. ആഗോളസമാധാനത്തിനും യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനുമായി ട്രംപ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കി നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തിലൂടെയാണ് അവര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന 'ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിങ് ഫാമിലീസ് ഫോറം' എന്ന കൂട്ടായ്മയാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് കത്ത് അയച്ചിരിക്കുന്നത്.
ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ട്രംപിന്റെ പദ്ധതികളെക്കുറിച്ച് പ്രതിപാദിക്കുന്ന കത്തില്‍, 'ആഗോള സമാധാനത്തിന് നല്‍കിയ അഭൂതപൂര്‍വമായ സംഭാവനകളെ മാനിച്ച് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണം' എന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്. 'കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ലോകസമാധാനത്തിന് പ്രസിഡന്റ് ട്രംപിനെക്കാള്‍ കൂടുതല്‍ സംഭാവന നല്‍കിയ മറ്റൊരു നേതാവോ സംഘടനയോ ഇല്ല. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി, ബന്ദികളെ സംബന്ധിച്ച ഞങ്ങളുടെ ദുഃസ്വപ്നം അവസാനിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷ കൈവന്നിരിക്കുന്നു.' കത്തില്‍ പറയുന്നു. ഗാസയില്‍ 48 ബന്ദികളുണ്ടെന്നും അവരില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി, തടവിലാക്കപ്പെട്ട നൂറുകണക്കിന് ഫലസ്തീനികളെ വിട്ടയക്കുന്നതിന് പകരമായി ബന്ദികളെ മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വിലപ്പെട്ട സമാധാന ബഹുമതിക്ക് അര്‍ഹതയുണ്ടെന്ന് സ്ഥാപിക്കാന്‍ ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിച്ചു(ഇന്ത്യ അംഗീകരിച്ചിട്ടില്ല) എന്നതടക്കമുള്ള അവകാശവാദങ്ങള്‍ ട്രംപ് ഉന്നയിക്കുന്നു. 2017- മുതല്‍ ഏഴ് യുദ്ധങ്ങള്‍ താന്‍ മുന്‍കൈയെടുത്ത് നിര്‍ത്തലാക്കിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. മറ്റൊരു പ്രസിഡന്റോ പ്രധാനമന്ത്രിയോ ഇത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇസ്രയേല്‍ - ഇറാന്‍, റുവാണ്ട - ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, അര്‍മേനിയ - അസര്‍ബൈജാന്‍, തായ്‌ലാന്‍ഡ് - കംബോഡിയ, ഇന്ത്യ - പാകിസ്ഥാന്‍, ഈജിപ്ത് - എത്യോപ്യ, സെര്‍ബിയ - കോസോവോ തുടങ്ങിയ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ തന്റെ ഇടപെടലില്‍ കൂടി ഇല്ലാതാക്കിയെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.
ബരാക് ഒബാമ അധികാരത്തില്‍ വന്ന വര്‍ഷം തന്നെ നൊബേല്‍ സമ്മാനം ലഭിച്ചതിനെ ട്രംപ് നേരത്തെ പരിഹസിച്ചിരുന്നു. പല രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം ഒഴിവാക്കി, സമാധാനം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും തനിക്ക് നൊബേല്‍ ലഭിക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരിഭവിച്ചിരുന്നു. നൊബേലിന് വേണ്ടി താന്‍ രാഷ്ട്രീയം കളിക്കുന്നില്ലെന്നും തനിക്ക് വേണ്ടി ഒരുപാടാളുകള്‍ അത് ചെയ്യുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. പാക് സൈനിക മേധാവി അസിം മുനീര്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. നെതന്യാഹു, കംബോഡിയ സര്‍ക്കാര്‍, അമേരിക്കന്‍ രാഷ്ട്രീയ നേതാവായ ബഡ്ഡി കാര്‍ട്ടര്‍ തുടങ്ങിയവര്‍ ട്രംപിനെ നൊബേലിന് നാമനിര്‍ദേശം ചെയ്തതായാണ് സൂചന. ഇന്ത്യ, പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധം ഒഴിവാക്കിയത് ട്രംപ് ആണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കര്‍ണിയും പറഞ്ഞിരുന്നു.