പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ്; ദൃശ്യങ്ങള്‍ പുറത്തു വന്നതിനാല്‍ ഇനി മര്‍ദ്ദിച്ചില്ലെന്ന് പറയാനാകില്ല; സസ്‌പെന്‍ഷ് ഉറപ്പ്; കാരണം കാണിക്കല്‍ നോട്ടീസ് വെറും നടപടി ക്രമം; പിവി രതീഷും പോലീസിന് പുറത്തേക്ക് തന്നെ
തൃശ്ശൂര്‍: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ്. രതീഷിനെ സസ്‌പെന്റ് ചെയ്‌തേയ്ക്കും. ഇതിന്റെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ്. നേരത്തെ കുന്നംകുളത്തെ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. രതീഷ് പീച്ചി എസ് ഐ ആയിരുന്നപ്പോഴാണ് സംഭവം.
നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. മറുപടി കിട്ടിയാലുടന്‍ രതീഷിനെതിരെ നടപടിയെടുക്കും. അഡീഷണല്‍ എസ്പി ശശിധരന്റെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍ ആണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്കുന്നത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കന്നതിന്റെ ഭാഗമായി മാത്രമാണ്. അഡീഷണല്‍ എസ് പിക്ക് രതീഷ് നല്‍കിയ മറുപടിയും പുറത്ത് വന്നിട്ടുണ്ട്.
ദിനേശനെ വായില്‍ ബിരിയാണി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി കിട്ടിയതെന്നും ഇതേ തുടര്‍ന്നാണ് ഹോട്ടല് മാനേജറേയും ഡ്രൈവറെയും സ്റ്റേഷനില് വിളിച്ചുവരുത്തിയത്. എന്നാല്‍ താന്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് രതീഷിന്റെ ന്യായീകരണം. എന്നാല്‍ വീഡിയോ പുറത്തു വന്നതോടെ ഇത് പൊളിഞ്ഞു.
2023 മേയ് 24ന് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരെയാണ് പീച്ചി എസ്ഐ ആയിരുന്ന പി എം രതീഷ് മര്‍ദിച്ചത്. ഹോട്ടല്‍ മാനേജര്‍ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മര്‍ദിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ നല്‍കിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദനം. സംഭവത്തില്‍ പരാതി നല്‍കാന്‍ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിര്‍ത്തി മര്‍ദനം ഉണ്ടായത്.
എസ്‌ഐ ഫ്ളാസ്‌ക് കൊണ്ട് തല്ലാന്‍ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാന്‍ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു. രതീഷിനെ പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്തു മാറ്റി നിര്‍ത്താനാണ് നിര്‍ദേശം. ദക്ഷിണ മേഖല ഐജിയുടെ പക്കലുള്ള റിപ്പോര്‍ട്ടില്‍ നടപടി എടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
ഹോട്ടല്‍ എത്തിയ പാലക്കാട് സ്വദേശികളെ മര്‍ദിച്ച സംഭവത്തില്‍ മകനെയും ജീവനക്കാരെയും കുടുക്കുമെന്ന് ഭയപ്പെടുത്തി അഞ്ച് ലക്ഷം രൂപക്ക് പരാതിക്കാരെ പൊലീസ് ഒതുക്കിത്തീര്‍പ്പാക്കിയെന്നും ഔസേപ്പ് പറയുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചെയ്യാന്‍ പൊലീസ് നിര്‍ദേശിച്ച പ്രകാരം പണം കൈമാറുന്ന ദൃശ്യങ്ങളും ഹോട്ടല്‍ ജീവനക്കാര്‍ പരാതിക്കാരനായ ദിനേശനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. രതീഷിനെതിരെ അന്വേഷണം നടത്തിയത് അന്നത്തെ തൃശൂര്‍ അഡി. എസ്പി ശശിധരന്‍ ആയിരുന്നു. സംഭവത്തില്‍ രതീഷ് കുറ്റക്കാരനാണ് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ രതീഷിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോഴേക്കും രതീഷ് കടവന്ത്ര സിഐ ആവുകയും ചെയ്തു.