'ശ്രീകൃഷ്ണ ജയന്തിയാഘോഷം ആര്‍എസ്എസിന്റെ പരിപാടി; 'ഒറ്റക്കൈയ്യാ ജയരാജാ, നിന്നെ പിന്നെ കണ്ടോളാം' എന്നു മുദ്രാവാക്യം വിളിച്ചവരാണ് അവര്‍'; ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനെതിരെ ഭീഷണിയുമായി സിപിഎം പ്രാദേശിക നേതാവ്; ഭീഷണി ആലക്കാട്ട് മുത്തപ്പന്‍ മടപ്പുരക്കെതിരെ
ശ്രീകൃഷ്ണ ജയന്തിയാഘോഷം ആര്‍എസ്എസിന്റെ പരിപാടി
കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ ആഗോള അയ്യപ്പസംഗമം നടത്താനൊരുങ്ങവേ, ശ്രീകൃഷ്ണ ജയന്തിയാഘോഷ സമാപനം ക്ഷേത്രത്തില്‍ നടത്തരുതെന്ന ഭീഷണിയുമായി സി.പി.എം പ്രാദേശിക നേതാവ്. കണ്ണൂര്‍ പെരളശ്ശേരിയില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷ സമാപനം ആലക്കാട്ട് മുത്തപ്പന്‍ മടപ്പുരയില്‍ നടത്തരുതെന്ന ഭീഷണിയുമായി സി.പി.എം മാവിലായി ലോക്കല്‍കമ്മിറ്റി അംഗം അനീഷാണ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍്റിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ശ്രീകൃഷ്ണ ജയന്തി ആ.എസ്.എസിന്റെ പരിപാടിയാണെന്നും അതിന് അനുവാദം നല്‍കിയാല്‍ സിപി.എമ്മിനും ഡിവൈ.എഫ്്.ഐക്കും ഉള്‍പ്പെടെ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നും സി.പി.എം നേതാവ്.
പെരളശ്ശേരിയില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷ സമാപനം അടുത്ത 14 നാണ് നിശ്ചയിച്ചിട്ടുള്ളത്. ആലക്കാട്ട് മുത്തപ്പന്‍ മടപ്പുരയില്‍ വര്‍ണാഭമായ സമാപന ചടങ്ങുകള്‍ നടത്തുമെന്നും സംഘാടകരായ ബാലഗോകുലം അറിയിച്ചു. ഇതുസംബന്ധിച്ച നോട്ടീസും പെരളശേരിയില്‍ വ്യാപകമായി വിതരണം ചെയ്തു. ഇതിനിടയില്‍ കഴിഞ്ഞ ദിവസമാണ് സി.പി.എം മാവിലായി ലോക്കല്‍കമ്മിറ്റി അംഗം അനീഷ് മുത്തപ്പന്‍ മടപ്പുര ക്ഷേത്രകമ്മിറ്റി പ്രസിഡന്‍്റ് വിനോദിനെ ഫോണില്‍ വിളിച്ചത്.
ആര്‍.എസ്.എസ് നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം രാഷ്്ട്രീയ പരിപാടിയുടെ ഭാഗമാണെന്നും അതിന് അനുവദിക്കരുതെന്നും അനീഷ് ആവശ്യപ്പെട്ടു. ഒരു ദൈവീകമായ കാര്യമായതിനാല്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതില്‍ മറ്റൊന്നും ആലോചിച്ചിട്ടില്ലെന്നും വിനോദ് മറുപടി നല്‍കി. അത് അങ്ങനെയല്ലെന്നായിരുന്നു അനീഷിന്റെ പ്രതികരണം.
'ഒറ്റക്കൈയ്യാ ജയരാജാ, നിന്നെ പിന്നെ കണ്ടോളാം,' എന്നു മുദ്രാവാക്യം വിളിച്ചവരാണ് അവരെന്നും ആര്‍.എസ്.എസിന്‍െ്റ പോഷക സംഘടനയാണ് ബാലഗോകുലമെന്നും സി.പി.എമ്മിന്റെ പോഷക സംഘടനകളായ ഡിവൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നിവര്‍ പരിപാടികള്‍ നടത്തിയാല്‍ എതിരു നില്‍ക്കരുതെന്ന മുന്നറിയിപ്പും അനീഷ് നല്‍കി.
എതിരഭിപ്രായം ഉണ്ടെങ്കില്‍ ക്ഷേത്രം അനുവാദം നല്‍കുന്നതില്‍ നിന്നും പിന്‍മാറാമെന്നും സി.പി.എം നേതാവ് പറഞ്ഞതു പ്രകാരമാണ് മാറുന്നതെന്ന് അറിയിക്കാമെന്നും ആരെയും വെറുപ്പിക്കാനില്ലെന്നും വിനോദ് മറുപടി നല്‍കി. അതുവേണ്ട, തന്‍െ്റ പേരു പറയേണ്ട, ക്ഷേത്രം സ്വന്തം നിലയില്‍ മാറുകയാണെന്ന് അറിയിച്ചാല്‍ മതിയെന്ന് അനീഷ് പറഞ്ഞു.
പരിപാടി നിര്‍ത്താന്‍ തീരുമാനിക്കുകയാണെന്ന് അറിയിച്ച വിനോദ്, തനിക്ക് കാരണം കൂടി പറയേണ്ടി വരുമെന്നും വ്യക്തമാക്കി. എന്നാല്‍, നമുക്കു കാണാമെന്ന ഭീഷണിയോടെ അനീഷ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം ഭീഷണി രൂപത്തിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ വിഷയത്തെ കുറിച്ച് പ്രദേശത്തു ചര്‍ച്ചയുമായി. ഇതോടെ ബാലഗോകുലത്തിന്റെ ശോഭാ യാത്ര ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാതെ പുറത്തു വെച്ചു പിരിയാനാണ് ധാരണയായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.