കുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ടും ആറു മാസം അധികാര കസേരയില്‍ തുടര്‍ന്നു; ആ കാലയളവിലെ ആനുകൂല്യം തിരിച്ചു പിടിക്കേണ്ടേ എന്ന ചോദ്യം സജീവം; പെരിയ കൊലയിലെ മണികണ്ഠന് ഈ തദ്ദേശത്തില്‍ വോട്ട് ചെയ്യാനും കഴിയില്ല; ഫോക് ലോറില്‍ നിന്നും എല്ലാം കിട്ടുന്ന കുഞ്ഞിരാമനും; കുറ്റവാളികളെ സംരക്ഷിക്കുന്നത് ആര്?
കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 14-ാം പ്രതി കെ. മണികണ്ഠന് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് എ്ല്ലാ വശങ്ങളും പരിശോധിച്ച ശേഷം ആറുവര്‍ഷത്തേക്കാണ് വിലക്കെന്ന് ഉത്തരവില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ആറുവര്‍ഷത്തേക്ക് മത്സരിക്കുന്നതിന് മണികണ്ഠനെ അയോഗ്യനാക്കിയിട്ടുണ്ട്.
അതിനിടെ മണികണ്ഠന്‍ അയോഗ്യനാക്കപ്പെട്ടത് 2025 ജനുവരി മൂന്നിന് സിബിഐ കോടതി വിധി വന്നപ്പോള്‍ മുതലാണെന്നും അതിനുശേഷം ആറുമാസം കഴിഞ്ഞാണ് അദ്ദേഹം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതെന്നും അതിനാല്‍ അത്രയും മാസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കൈപ്പറ്റിയ സകല ആനൂകൂല്യങ്ങളും തിരിച്ചടയ്ക്കണമെന്നും ആവശ്യമുണ്ട്. കൊലക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതി കെ.വി. കുഞ്ഞിരാമനും ഫോക്ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഈ വിഷയവും കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നുണ്ട്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന മണികണ്ഠന്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്‍പാകെ കേസ് വിസ്താരം നടക്കുന്ന വേളയിലാണ് പ്രസിഡന്റ് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെച്ചത്. രാജിവെച്ചെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കണമെന്നുമുള്ള മണികണ്ഠന്റെ അഭ്യര്‍ഥന കമ്മിഷന്‍ സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ആനുകൂല്യങ്ങള്‍ തിരിച്ചടയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കുന്നത്.
മണികണ്ഠന്‍ സ്ഥാനത്തില്ലെങ്കിലും വിസ്താരം തുടരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത കല്പിച്ചുള്ള വിധി പറയുകയുമായിരുന്നു കമ്മീഷന്‍. കോണ്‍ഗ്രസ് നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവും കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധുവുമായ അഡ്വ. എം.കെ. ബാബുരാജാണ് മണികണ്ഠനെതിരേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സിബിഐ കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ച മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനുള്‍പ്പെടെയുള്ള നാലുപേരിലൊരാളാണ് മണികണ്ഠന്‍. ഈ ആനുകൂല്യത്തിലാണ് കെവി കുഞ്ഞിരാമന്‍ ഫോക്ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നത്.
അഞ്ച് വര്‍ഷത്തെ തടവിന് എറണാകുളം സിബിഐ കോടതി ശിക്ഷിച്ചതോടെയാണ് മണികണ്ഠന് അയോഗ്യത നേരിട്ടത്. വിധി വന്ന ദിവസം മുതല്‍ തന്നെ മണികണ്ഠന്‍ പദവിക്ക് അര്‍ഹനല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കേരള പഞ്ചായത്ത് രാജ് ആക്ട്, 1994ലെ സെക്ഷന്‍ 35(1) പ്രകാരമാണ് കമ്മീഷന്റെ നടപടി. 2025 ജനുവരി മൂന്നിനാണ് ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 225 പ്രകാരമുള്ള കുറ്റത്തിന് മണികണ്ഠനെതിരെ കോടതി വിധി വന്നതെന്ന് കമ്മീഷന്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ഹര്‍ജി ഒഴിവാക്കുന്നതിനായി മണികണ്ഠന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചിരുന്നു. എന്നാല്‍, താന്‍ നിരപരാധിയാണെന്നും അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. എന്നാല്‍, ശിക്ഷ റദ്ദാക്കാന്‍ അപ്പീല്‍ കോടതി തയ്യാറായിട്ടില്ലെന്ന് പിന്നീട് അദ്ദേഹം തന്നെ സമ്മതിച്ചു. രാജി വെച്ചാലും കോടതി വിധി വന്ന ദിവസം മുതല്‍ മണികണ്ഠന്‍ അയോഗ്യനാണെന്നും അതിനാല്‍ രാജിക്ക് പ്രസക്തിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ആറു മാസത്തെ ആനുകൂല്യം തിരിച്ചു പിടിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
ശിക്ഷ വിധിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചതിനാല്‍ മണികണ്ഠന്‍ ജയിലിലായില്ല. തനിക്കെതിരെയുള്ള കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണികണ്ഠന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്നാണ് ജൂണ്‍ 21-ന് മണികണ്ഠന്‍ രാജിക്കത്ത് നല്‍കിയത്. ഉദുമ പാക്കം ഡിവിഷനില്‍ നിന്നാണ് മണികണ്ഠന്‍ വിജയിച്ചത്.