'സാറേ മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കണം'; വാര്‍ത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിനൊരു ഫോണ്‍ കോള്‍; പിന്നാലെ പരസ്യമായി പ്രിന്‍സിപ്പലിന് നിര്‍ദേശം; ഉന്നത തലങ്ങളില്‍ നിന്നാണ് ആ കോളെന്ന് ശരീരഭാഷയില്‍ വ്യക്തം; ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിര്‍ത്താന്‍ സ്‌ക്രിപ്റ്റഡ് പ്രസ് മീറ്റോ? ആ ഫോണ്‍കോളിന്റെ മറുതലയ്ക്കല്‍ ആരെന്നതിനെ ചൊല്ലി വിവാദം
ആ ഫോണ്‍കോളിന്റെ മറുതലയ്ക്കല്‍ ആരെന്നതിനെ ചൊല്ലി വിവാദം
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ വീണ്ടും സംശയനിഴലില്‍ നിര്‍ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി.കെ. ജബ്ബാര്‍ നടത്തിയ വാര്‍ത്ത സമ്മേളനം സ്‌ക്രിപ്റ്റഡ് പ്രസ് മീറ്റോ? ഡോ. ഹാരിസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി നടത്തിയ വാര്‍ത്താസമ്മേളനം മുന്‍കൂട്ടി തയ്യാറാക്കി തിരക്കഥ പ്രകാരമെന്ന സംശയം ജനിപ്പിക്കുന്നതാണ്. വാര്‍ത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിനൊരു ഫോണ്‍ കോള്‍ വരുന്നു. ഉന്നത തലങ്ങളില്‍ നിന്നാണ് കോളെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. പിന്നാലെ അദ്ദേഹം പരസ്യമായി പ്രിന്‍സിപ്പലിനോട് ആവശ്യപ്പെടുന്നുണ്ട്, സാറേ മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കണം എന്ന്. വാര്‍ത്താ സമ്മേളനത്തിനിടെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ സൂപ്രണ്ട് നിരവധി തവണ സര്‍ എന്ന് വിളിക്കുന്നുണ്ട്. ഉന്നതങ്ങളില്‍ നിന്ന് നിര്‍ദേശം വന്നിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്താ സമ്മേളനമെന്നും പറയാവുന്ന രീതിയിലാണ്. നിര്‍ദേശം പ്രിന്‍സിപ്പലിന് കൈമാറി, അതിന് ശേഷമാണ് റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കുന്നത്.
തന്റെ മുറി മറ്റൊരു താഴിട്ടു പൂട്ടിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിന്റെ ആരോപണത്തിനു മറുപടിയുമായാണ് ഡോ.പി.കെ.ജബ്ബാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. യുറോളജി വിഭാഗത്തില്‍നിന്ന് ഒരു ഉപകരണം കാണാതായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍നിന്ന് ഒരു ഉപകരണം കണ്ടെത്തിയെന്നും സമീപത്തെ പെട്ടിയില്‍ ചില ബില്ലുകളുണ്ടായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജബ്ബാര്‍ പറഞ്ഞിരുന്നു. അതില്‍ അസ്വാഭാവികതയുണ്ട്. വിശദമായി പരിശോധിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ ഡോ. ജബ്ബാറിനൊപ്പം ഉണ്ടായിരുന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സുനില്‍ കുമാറിനെ ആരോ ഫോണില്‍ വിളിച്ചു നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കാന്‍ അദ്ദേഹം ഡോ.ജബ്ബാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഉപകരണം കാണാനില്ലെന്നു വിദഗ്ധസമിതി കണ്ടെത്തിയെന്നും വകുപ്പ് മേധാവി ഡോ.ഹാരിസ് ഇതു സമ്മതിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് പ്രിന്‍സിപ്പല്‍ വായിച്ചു കേള്‍പ്പിച്ചു.
സൂപ്രണ്ടിന്റെ ഫോണിന്റെ മറുതലയ്ക്കല്‍ ആരായിരുന്നു എന്നതു സംബന്ധിച്ചും പുറത്തിരുന്നു വാര്‍ത്താ സമ്മേളനം നിയന്ത്രിച്ചത് ആരാണെന്നതിനെക്കുറിച്ചും വിവാദമുയര്‍ന്നിട്ടുണ്ട്. അതേസമയം, കാണാതായ ഉപകരണത്തിന്റെ ഫോട്ടോ പോലെ ഉള്ളതല്ല ഹാരിസിന്റെ മുറിയില്‍ കണ്ടെത്തിയ ഉപകരണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഡോ. ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കടന്നുകയറുന്നത് സിസിടിവിയില്‍ കണ്ടതുകൊണ്ടാണ് പഴയ താഴ് മാറ്റി പുതിയ താഴിട്ടു പൂട്ടിയതെന്ന് സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ പൂട്ട് പൊളിച്ചിട്ടല്ല. താക്കോല്‍ ഉപയോഗിച്ചാണോ കയറിയതെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നും സൂപ്രണ്ട് പറഞ്ഞു.
തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ഡോ. ഹാരിസ് പരാതിപ്പെട്ടിരുന്നു. തന്റെ ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടിയ അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
ഡോ.ഹാരിസ് വെളിപ്പെടുത്തിയത് ചെറിയ ഒരു പ്രശ്നമാണെന്നും പ്രഗത്ഭരായ ഡോക്ടര്‍മാരാണ് അന്വേഷിച്ചതെന്നും ഡോ. ജബ്ബാര്‍ പറഞ്ഞു. ആരു ചട്ടലംഘനം നടത്തിയാലും അന്വേഷിക്കും. ഒരു ഉപകരണം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ഒരു ചെറിയ പ്രശ്നത്തിന്റെ പേരില്‍ അതിന്റെ സല്‍പേര് കെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. ഡോ.ഹാരിസ് ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഡോക്ടറാണെന്ന് ആര്‍ക്കും സംശയമില്ല. അദ്ദേഹം ഒരു വിഷയം ഉന്നയിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത് വലിയ വിവാദമാകുകയും അത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. പ്രഗത്ഭരായ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമിതി അന്വേഷിച്ച് ശുപാര്‍ശകള്‍ നല്‍കി. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ശുപാര്‍ശ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
യൂറോളജി വിഭാഗത്തില്‍ ഒരു ഉപകരണം കാണാനില്ലെന്ന കാര്യവും സമിതി ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ശനിയാഴ്ച ഡിഎംഇയുടെ നേതൃത്വത്തില്‍ പലയിടത്തും പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വകുപ്പു മേധാവിയായ ഡോ. ഹാരിസിന്റെ മുറിയും പരിശോധിക്കണമെന്നു പറഞ്ഞതനുസരിച്ച്, യൂറോളജി വിഭാഗത്തിലെ ഡോ.ടോണിയുടെ സാന്നിധ്യത്തില്‍ ഞാന്‍ അവിടെ പരിശോധിച്ചു. ഡോ.ടോണിയില്‍നിന്നാണ് മുറിയുടെ താക്കോല്‍ വാങ്ങിയത്. ഒരു ചെറിയ പെട്ടിയില്‍ മോസിലോസ്‌കോപ്പ് എന്ന ഉപകരണം ഡോ.ടോണി കാട്ടിത്തന്നു. വിശദ പരിശോധന വേണമെന്നു തോന്നിയതിനാല്‍ ഇന്നലെ വീണ്ടും ഡോ. ഹാരിസിന്റെ ഓഫിസിലെത്തി. ഡോ.സാജു, ഡോ.ടോണി, ഡിഎംഇ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. തലേന്നു കണ്ട ചെറിയ പെട്ടിക്കൊപ്പം ഒരു വലിയ പെട്ടിയും അവിടെയുണ്ടായിരുന്നു. തലേദിവസം അത് ഉണ്ടായിരുന്നില്ല. അതില്‍ ചില ബില്ലുകളുണ്ടായിരുന്നു. ഓഗസ്റ്റ് രണ്ടിന് മോസിലോസ്‌കോപ്പ് വാങ്ങിയതിന്റേതായിരുന്നു ബില്ല്. മറ്റൊരു പെട്ടിയില്‍ നെഫ്രോസ്‌കോപ് എന്ന ഉപകരണവും കണ്ടു. അസ്വാഭാവികത തോന്നിയതിനാല്‍ കൂടുതല്‍ പരിശോധന നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
സിസിടിവി പരിശോധിച്ചപ്പോള്‍ ഡോ.ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കയറുന്നതു കണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അതില്‍ വിശദമായ അന്വേഷണം വേണം. അതിന്റെ സമയം ഉള്‍പ്പെടെ എടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധിച്ചുവരികയാണ്. ഡോ.ഹാരിസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയല്ല സംസാരിക്കുന്നത്. മുറി താക്കോല്‍ ഉപയോഗിച്ചാണോ തുറന്നതെന്ന് സിസിടിവിയില്‍ വ്യക്തമല്ല. മുറിയുടെ താക്കോല്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നു ഡോ.ടോണി അറിയിച്ചിട്ടുണ്ട്. മുറിയില്‍ മറ്റൊരാള്‍ കടന്നുകയറിയതിനെപ്പറ്റി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അക്കാര്യം സര്‍ക്കാരിനാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഉപകരണം കാണാതായത് 2024 ഏപ്രിലിലാണ്. അന്ന് ഡോ. ഹാരിസ് ആയിരുന്നു വകുപ്പ് മേധാവിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആരോപണങ്ങള്‍
ഡോ.ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കടന്നുകയറുന്നതു കണ്ടുവെന്ന് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു വ്യക്തമായി പ്രതികരിക്കാന്‍ പ്രിന്‍സിപ്പലോ സൂപ്രണ്ടോ തയാറായില്ല. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും പരിശോധിക്കാന്‍ സമയമെടുക്കുമെന്നുമാണ് സൂപ്രണ്ട് മറുപടി പറഞ്ഞത്. പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും അറിയാത്ത ഒരാള്‍ മെഡിക്കല്‍ കോളജില്‍ കടന്ന് യൂറോളജി വകുപ്പ് മേധാവിയുടെ മുറിയില്‍ കടന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയല്ലേ എന്ന ചോദ്യത്തിനും ഇരുവര്‍ക്കും വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.
പൊലീസില്‍ പരാതിപ്പെടുകയല്ല, സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും പ്രിന്‍സിപ്പലും സൂപ്രണ്ടും പറയുന്നു. രണ്ടാം തീയതിലെ ആദ്യപരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ആറാം തീയതിയിലെ പരിശോധനയില്‍ ചെറിയ പെട്ടിയില്‍ ഉപകരണം കാണുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം പരിശോധന നടത്തുമ്പോള്‍ പുതിയ ഒരു പെട്ടി കൂടി കണ്ടെത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും പറഞ്ഞത്. ഈ ദിവസങ്ങളില്‍ ഡോ. ഹാരിസ് അവധിയിലായിരുന്നു.
നിലവില്‍ ഡോ. ഹാരിസ് അവധിയിലാണ്. താക്കോല്‍ മറ്റൊരു ഡോക്ടറുടെ കൈയിലാണ്. അപ്പോള്‍ ആരായിരിക്കാം ഈ ബോക്‌സ് കൊണ്ടുവെച്ചത് എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സിസിടിവി പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ ആരോ കടന്നതായി തോന്നിയിട്ടുണ്ടെന്നും വിശദമായ പരിശോധന നടത്തണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പോലീസിന് പരാതി നല്‍കാമായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ളത് സര്‍ക്കാരിനാണ് എന്നായിരുന്നു മറുപടി.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്ന് നടപടിയെന്നോണം ഡോ. ഹാരിസിന് സര്‍ക്കാര്‍ തലത്തില്‍ മെമ്മോ നല്‍കിയിട്ടുണ്ട്. അത് സാധാരണ നടപടിയാണ്. ആര് ചട്ടലംഘനം നടത്തിയാലും അന്വേഷിക്കും. ഇതിനപ്പുറത്തേക്ക് പോകാന്‍ എനിക്കോ സര്‍ക്കാരിനോ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.