'ജയസൂര്യയുടെ ഫോട്ടോ എടുക്കരുത്; വയറിന് ഇടിച്ചു, ക്യാമറ ലെന്‍സ് പിടിച്ചു തിരിച്ചു'; നടന്റെ കൂടെയുള്ളവര്‍ അകാരണമായി മര്‍ദിച്ചു; കൊട്ടിയൂരില്‍ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചതില്‍ പരാതിയുമായി ദേവസ്വം ബോര്‍ഡും

കൊട്ടിയൂരില്‍ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചതില്‍ പരാതിയുമായി ദേവസ്വം ബോര്‍ഡും

Update: 2025-06-27 09:31 GMT

കണ്ണൂര്‍: കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ്. നടന്‍ ജയസൂര്യയുടെ കൂടെയുള്ളവര്‍ അകാരണമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ദേവസ്വം ഓഫീസര്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് സജീവ് എത്തി ദൃശ്യം പകര്‍ത്തിയെത്തിയതെന്നും പരാതിയിലുണ്ട്. കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് ജയസൂര്യ എത്തിയപ്പോഴാണ് സംഭവം.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനമേറ്റത്. ഫോട്ടോഗ്രാഫര്‍ സജീവന്‍ നായരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജയസൂര്യയുടെ കൂടെ വന്നയാളുകള്‍ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. അക്കര കൊട്ടിയൂരിലാണ് കയ്യേറ്റം ഉണ്ടായത്.

ജയസൂര്യയുടെ കൂടെ വന്നയാളുകളാണ് തന്നെ തല്ലിയതെന്നാണ് സജീവന്‍ പറയുന്നത്. നടനൊപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിക്കുകയും ക്യാമറ ലെന്‍സ് പിടിച്ചു തിരിക്കുകയും ചെയ്തുവെന്നാണ് സജീവന്റെ പരാതി. തന്റെ വയറിനിട്ട് ഇടിച്ചതായാണ് സജീവന്‍ പറയുന്നത്. തുടര്‍ന്ന് സജീവന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും കൊട്ടിയൂര്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.

പുറത്തുവന്ന വിഡിയോയില്‍ താന്‍ ദേവസ്വം ഫോട്ടോഗ്രാഫറാണെന്ന് സജീവ് പറയുന്നത് വ്യക്തമായി കേള്‍ക്കാം. അപ്രതീക്ഷിതമായി കണ്ട നടന്റെ ഫോട്ടോ എടുക്കാനായി ഭക്തരും തിങ്ങിക്കൂടുന്നുണ്ടായിരുന്നു. ഇതിനിടെയാണ് സജീവിനു മര്‍ദനമേറ്റത്. കാമറ ലെന്‍സ് പിടിച്ചുതിരിക്കുകയും വയറിനിട്ട് ഇടിക്കുകയും ചെയ്തതായി സജീവ് പറഞ്ഞു.

തന്നെ മര്‍ദിച്ചവരെ കണ്ടാലറിയാമെന്നും നടനൊപ്പമുള്ളവരാണെന്നും സജീവ് പറയുന്നു. ഈ സംഭവം ജയസൂര്യ അറിഞ്ഞോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാനും നടന്‍ തയ്യാറായിട്ടില്ല. ജയസൂര്യ കടന്നുപോയതിനു പിന്നാലെയാണ് ദേവസ്വം ഫോട്ടോഗ്രാഫറായ സജീവിനെ സംഘം മര്‍ദിച്ചത്.

ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാന്‍ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവന്‍ നായര്‍. ഇദ്ദേഹം പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തത്. ഇതിനിടിയിലാണ് ഇങ്ങനെ കയ്യേറ്റം നടന്നത്.

ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്യുകയായിരുന്നു. സജീവനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. കൊട്ടിയൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News