മലയാളി ക്രൈസ്തവ പുരോഹിതരെ പൊലീസിന് മുന്നിലിട്ട് മര്‍ദിച്ച സംഭവം: നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചു വിശ്വ ഹിന്ദു പരിഷത്ത്; ബസില്‍ യാത്ര ചെയ്യുന്നവരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ആദിവാസികളെന്ന് മനസ്സിലായെന്ന് വിഎച്ച്പി ദേശീയ വക്താവ്; പ്രതിഷേധിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍

മലയാളി ക്രൈസ്തവ പുരോഹിതരെ പൊലീസിന് മുന്നിലിട്ട് മര്‍ദിച്ച സംഭവം

Update: 2025-04-03 07:11 GMT

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമണം വിവാദമാകുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് മലയാളി വൈദികര് അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. അതേസമയം മര്‍ദ്ദന സംഭവത്തിലേക്ക് നയിച്ചത് മതപരിവര്‍ത്തനമാണെന്നാണ് വിഎച്ച് പി ആരോപിക്കുന്നത്. മണ്ട്‌ലയില്‍ വ്യാപകമായി നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുവെന്നും ബസില്‍ യാത്ര ചെയ്യുകയായിരുന്ന പലരുടെയും രേഖകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ ആണെന്ന് മനസിലായെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ ആരോപിച്ചു.

മേഖലയിലെ ഒരു ബിഷപ്പ് ശ്രീരാമനെതിരെ മോശം പരാമര്‍ശവും നടത്തിയെന്ന് വിഎച്ച്പി ആരോപിച്ചു. നിര്‍ബന്ധിത മത പരിവര്‍ത്തണത്തിനും, ശ്രീരാമന് എതിരെയുള്ള പരമര്‍ശത്തിലും ഇന്ന് മധ്യപ്രദേശില്‍ പ്രതിഷേധിക്കും എന്നും സംഘടന അറിയിച്ചിട്ടുണ്ട്. മണ്ഡ്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെ വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ആളുകളെത്തി വാഹനം തടയുകയും ആക്രമണം നടത്തുകയുമായിരുന്നു.

ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ വിവരമറിഞ്ഞ് സഹായിക്കാനെത്തിയ മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജ്, ഫാദര്‍ ജോര്‍ജ് എന്നിവര്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മര്‍ദനമേറ്റു. സ്ത്രീകള്‍ അടക്കമുള്ളവരുടെ സംഘം പൊലീസുകാരുടെ മുന്നില്‍വച്ച് വൈദികരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മലയാളി വൈദികരായ ഫാദര്‍ ഡേവിസ് ജോര്‍ജും ഫാദര്‍ ജോര്‍ജും പറഞ്ഞു.

സംഭവം ദേശീയ തലത്തിലും ചര്‍ച്ചയായിട്ടുണ്ട്. വിഷയം കേരളാ എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനിരിക്കയാണ്. പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഒരു സംഘം വി.എച്ച്.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരുടെ ബസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, പൊലീസ് ഇവരെ വിട്ടയച്ചു. മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

ആക്രമണത്തെ അപലപിച്ച് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പുരോഹിതര്‍ക്ക് നേരെയുണ്ടായ പ്രാകൃതമായ ആക്രമണത്തെ അപലപിക്കുകയാണെന്ന് ക്രിസ്ത്യന്‍ റിഫോം യുണൈറ്റഡ് പീപിള്‍സ് അസോസിയേഷന്‍ അറിയിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജബല്‍പൂരില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ

(സി.ബി.സി.ഐ) അപലപിച്ചു. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും നിര്‍ണായക പങ്ക് വഹിക്കുകയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ക്രിസ്ത്യന്‍ സമൂഹത്തെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കുന്നത് ദുഃഖകരമാണെന്ന് സി.ബി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു. സമുദായത്തെ ആവര്‍ത്തിച്ച് ലക്ഷ്യംവയ്ക്കുകയും ഉപദ്രവിക്കുകയും ആരാധന നടത്താനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ്താവനയില്‍ സി.ബി.സി.ഐ ചൂണ്ടിക്കാട്ടി.

മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള അസ്വസ്ഥത ഉളവാക്കുന്ന ഒരു രീതിയുടെയും തന്ത്രത്തിന്റെയും ഭാഗമാണ് ഈ സംഭവമെന്ന് ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. അടിയന്തിരമായി ഇടപെട്ട് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കാന്‍' അവര്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റുള്ളവരെയും അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News