ദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല; അവര്‍ക്കു വേണ്ടതു ഇസ്ലാമിക സാര്‍വദേശീയത; കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ബി ജെ പിയുമായി ചേര്‍ന്ന് സി പി എം സ്ഥാനാര്‍ത്ഥി തരിഗാമിയെ എതിര്‍ത്തു; ഇവിടെ ലീഗ് ബി ജെ പിയും കോണ്‍ഗ്രസുമായി ചേരുന്നു; പിണറായിയുടെ കോഴിക്കോടന്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ചാണ് 'കേരളം : മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം' എന്ന പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചത്. അതിരൂക്ഷമായ കടന്നാക്രമണായിരുന്നു നടത്തിയത്. ആര്‍ എസ് എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. വിഭജന കാലത്ത് പാകിസ്ഥാന്‍ മുസ്ലീം രാഷ്ട്രമായപ്പോള്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാവട്ടെ എന്ന ആര്‍ എസ് എസ് നിലപാടിലായിരുന്നു ജമാഅത്തെ ഇസ്ലാമി. ഇരുകൂട്ടരുടെയും അജണ്ട പൊളിച്ചുകൊണ്ടാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ഇരു കൂട്ടര്‍ക്കും ഇതില്‍ ഒരുപോലെ അസഹിഷ്ണുതയാണുള്ളത്. മതേതര ജനാധിപത്യത്തോടും ഇരുകൂട്ടര്‍ക്കും കടുത്ത അസഹിഷ്ണുതയാണുള്ളത്. ദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. അവര്‍ക്കു വേണ്ടതു ഇസ്ലാമിക സാര്‍വദേശീയതയാണ്. ലീഗിന് ഈ നിലപാടില്ല. ലോകത്തെവിടെയുള്ള മുസ്ലീങ്ങളും ഒറ്റ രാഷ്ട്രത്തിലെ പൗരരാണ് ജമാഅത്തെ ഇസ്ലാമിക്ക്. ലീഗിന് അങ്ങനെയല്ല. ആദ്യം മതാടിസ്ഥാനത്തില്‍ രാഷ്ട്രങ്ങളെ വേര്‍തിരിക്കുക. പിന്നീട് ഇസ്ലാമിക സാമ്രാജ്യശക്തിയില്‍ ഇതര മതരാഷ്ട്രങ്ങളെ തകര്‍ത്ത് ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക. ഇതാണു ജമാഅത്തെ ഇസ്ലാമിയുടെ പരിപാടി. ഈ സംഘടനയെ ഇപ്പോള്‍ മുസ്ലീം ലീഗ് പിന്തുണയ്ക്കുന്നുവെന്ന ചര്‍ച്ചയിലേക്കും മുഖ്യമന്ത്രി തന്റെ വാക്കുകളെ കൊണ്ടു പോയി. അതുകൊണ്ട ്തന്നെ ഏറെ ചര്‍ച്ചയായി മാറുകയാണ് ഈ പ്രസംഗം.
കേരളം : മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം' എന്ന പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
'കേരളം : മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം' എന്ന സഖാവ് പി ജയരാജന്റെ ഗ്രന്ഥം സന്തോഷപൂര്‍വ്വം ഞാന്‍ പ്രകാശനം ചെയ്യുന്നു.
ഈ കൃതി ഒന്നോടിച്ചു നോക്കാനേ സാവകാശം കിട്ടിയിട്ടുള്ളൂ. വിശദമായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇതിലെ എല്ലാ പരാമര്‍ശങ്ങളും അതേപോലെ ഞാന്‍ പങ്കുവെക്കുന്നു എന്ന് അര്‍ത്ഥമില്ല. എന്നുമാത്രമല്ല, ഓരോ രചയിതാവിനും ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെതായ അഭിപ്രായമുണ്ടാവാം. അതേ അഭിപ്രായമുള്ളവരേ ആ കൃതി പ്രകാശനം ചെയ്യാവൂ എന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് നമ്മുടെ പൊതുമണ്ഡലത്തില്‍ വേണ്ടത്ര ഇടമുണ്ട്. അവ സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. ഞങ്ങള്‍ ഇരുവരും ഒരേ പ്രസ്ഥാനത്തില്‍പ്പെട്ടവരാണ്. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നിടത്തൊക്കെ യോജിപ്പുണ്ടാവും. വ്യക്തിപരമായ വിലയിരുത്തലുകളില്‍ സ്വാഭാവികമായും വ്യത്യസ്ത വീക്ഷണങ്ങളുമുണ്ടാവും. അത്രയേ കരുതേണ്ടൂ.
ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും നമ്മുടെ രാഷ്ട്രീയം, പൊതുവില്‍ മതനിരപേക്ഷമായി നിലകൊള്ളുകയും ചെയ്യൂ എന്നതാണ് ഈ കൃതിയുടെ പൊതുസമീപനം. ഇന്നത്തെ കാലത്ത് ആ കാഴ്ചപ്പാടിന് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. അതുതന്നെയാണ് ഇത്തരമൊരു കൃതിയുടെ പ്രസക്തിക്ക് അടിവരയിടുന്നതും. ഏറെ പഠന-ഗവേഷണങ്ങള്‍ നടത്തി കാര്യങ്ങളെ അപഗ്രഥിച്ച് തന്റേതായ വിലയിരുത്തലുകള്‍ രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയതിന് ഞാന്‍ സഖാവ് പി ജയരാജനെ അഭിനന്ദിക്കുന്നു. പതിമൂന്ന് അധ്യായങ്ങളിലായി, ഇസ്ലാമിന്റെ കേരളത്തിലേക്കുള്ള വരവു മുതല്‍ക്കുള്ള ചരിത്രം, അപഗ്രഥനാത്മകമാം വിധം പരിശോധിച്ച് അവതരിപ്പിക്കുകയാണു ജയരാജന്‍ ഈ കൃതിയില്‍ ചെയ്തിട്ടുള്ളത്. കേരളത്തിലെ ഇസ്ലാമിന്റെ, ഇസ്ലാം രാഷ്ട്രീയതയുടെ, അതു കേരളീയ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ പ്രതിഫലനത്തിന്റെ ക്രോണിക്കിള്‍ ആണ് ഈ ഗ്രന്ഥം എന്നു പറയാം.
ഏഴാം നൂറ്റാണ്ടില്‍ കച്ചവടക്കാരായി ഇവിടെ എത്തിയവരുടെ തൊട്ടുള്ള ചരിത്രത്തിന്റെ പ്രതിപാദനമിതിലുണ്ട്. മതവ്യാപനത്തിന്റെ വഴികളുണ്ട്. സൂഫി പണ്ഡിതരുടെ ഇവിടേക്കുള്ള വരവുണ്ട്. മാപ്പിള സമുദായം ഇവിടെ രൂപപ്പെട്ടതിന്റെ പശ്ചാത്തലമുണ്ട്. ഇതിനൊക്കെയൊപ്പം മുസ്ലീം സമുദായത്തിന്റെ ഇവിടുത്തെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രവും പി ജയരാജന്‍ അടയാളപ്പെടുത്തിയിരിക്കുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിയുമായി യോജിച്ചു നടത്തിയ സമരം തൊട്ട് മലബാര്‍ കലാപത്തിലെ ചരിത്രപരമായ പങ്കുവരെ അടയാളപ്പെടുത്തിയിരിക്കുന്നു.
വെറുതെ പോരാട്ടങ്ങളെ പരാമര്‍ശിച്ചുപോവുകയല്ല, മറിച്ച്, അവയെ ചരിത്ര പശ്ചാത്തലത്തില്‍ രാഷ്ട്രീയമായി വിശകലനം ചെയ്യുകയാണ്. ആ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂതിരിയുമായി യോജിച്ചു നടത്തിയ പോരാട്ടം മതരാഷ്ട്രം കെട്ടിപ്പടുക്കാനുള്ളതായിരുന്നില്ല എന്നും സാമ്രാജ്യത്വാധിനിവേശത്തെ ചെറുക്കാനുള്ള ദേശീയ സ്വഭാവത്തോടു കൂടിയതായിരുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നത്. മലബാര്‍ കലാപം, ബ്രിട്ടീഷുകാര്‍ വിളിക്കുന്ന മാപ്പിള ലഹളയല്ല, ജന്മിത്വത്തിന്റെ അടിച്ചമര്‍ത്തലിനും അതിനു കുടപിടിച്ച സാമ്രാജ്യത്വാധിപത്യത്തിനുമെതിരായ ദേശീയ മോചന സ്വഭാവത്തോടു കൂടിയതായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതും അങ്ങനെതന്നെ.
ഇങ്ങനെയുള്ള വിലയിരുത്തലുകളാണ് ചരിത്രപരമായ ഈ വസ്തുതാകഥനത്തെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനാകെയും ആകര്‍ഷകമാക്കുന്നത്. എം പി നാരായണ മേനോനും കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരും മറ്റും ചേര്‍ന്ന് കുടിയാന്‍ സംഘം രൂപീകരിച്ചതിന്റെ മതേതര സ്വഭാവം ഇഴ പിരിച്ച് അവതരിപ്പിക്കുന്നുണ്ട് ഇതില്‍. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടതും മഹാത്മാ ഗാന്ധി മുതല്‍ മൗലാനാ ഷൗഖത്ത് അലി വരെ കോഴിക്കോടു സന്ദര്‍ശിച്ചതും അതിന്റെ സാമൂഹ്യ - സാമുദായിക പശ്ചാത്തലത്തില്‍ത്തന്നെ അവതരിപ്പിക്കുന്നു. ഖിലാഫത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സമരങ്ങളില്‍ മാപ്പിള കുടിയാന്മാര്‍ വന്‍തോതില്‍ വന്നതും ജന്മിമാരധികവും ഹിന്ദുക്കളായിരുന്നു എന്നതുകൊണ്ടു ജന്മിത്വത്തിനെതിരായ കാര്‍ഷിക പോരാട്ടം ഹിന്ദുത്വത്തിനെതിരായ പോരാട്ടമായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതും ഉദാഹരണങ്ങള്‍ സഹിതം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. തുടക്കത്തില്‍ ഖിലാഫത്തിന്റെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പിന്നീട് ഒരു ഘട്ടത്തില്‍ അതിനെ കൈയൊഴിഞ്ഞതും അങ്ങനെ പാവപ്പെട്ട മുസ്ലീം കര്‍ഷകര്‍ക്കും മറ്റും അതിനെതിരെയുള്ള അടിച്ചമര്‍ത്തലുകളാകെ തനിച്ച് സഹിക്കേണ്ടിവന്നതും കൃത്യമായിത്തന്നെ എടുത്തുപറയുന്നുണ്ട്.
നിലമ്പൂര്‍ കോവിലകത്തെ തോക്കുമോഷണ സംഭവവുമായി ബന്ധപ്പെട്ട് ആലിമുസലിയാരെ അറസ്റ്റു ചെയ്യാന്‍ ശ്രമമുണ്ടായതും അതിനെ ചെറുക്കാന്‍ ജനങ്ങള്‍ വന്‍തോതില്‍ അണിനിരന്നതും മാപ്പിള കൃഷിക്കാര്‍ വന്‍തോതില്‍ പോലീസിനെതിരെ അണിചേര്‍ന്നതും വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊന്നതും തുടര്‍ന്നു ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ജനങ്ങള്‍ ആക്രമിച്ചു കൊലപ്പെടുത്തുന്ന നില വന്നതും ബ്രിട്ടീഷ് സര്‍ക്കാര്‍ ഗൂര്‍ഖാ പട്ടാളത്തെ കൊണ്ടുവന്ന് അടിച്ചമര്‍ത്തിയതും പ്രക്ഷോഭം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ സമരത്തിനു വര്‍ഗ്ഗീയ നിറം വന്നതും ഉള്‍പ്പെടെയുള്ള ചരിത്രകാര്യങ്ങള്‍ ഈ കൃതി അടയാളപ്പെടുത്തുന്നു. എന്നാല്‍, കുഞ്ഞഹമ്മദ് ഹാജി അക്കാലത്ത് ഹിന്ദു പത്രത്തിനയച്ച കത്തുയര്‍ത്തിക്കാട്ടി, സഖാവ് ജയരാജന്‍ സമരത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് അടിവരയിടുന്നുമുണ്ട്. മതസൗഹാര്‍ദമില്ലാതായി എന്നും മതംമാറ്റ ആരോപണം സത്യമല്ലെന്നും കാണിക്കുന്ന ആ കത്ത് ചരിത്രത്തെ നേര്‍വഴിക്കാക്കാന്‍ ഒട്ടൊന്നുമല്ല പ്രയോജനപ്പെടുന്നത്. മലബാര്‍ കലാപത്തിന്റെ കാര്‍ഷിക ഉള്ളടക്കത്തെ കാണാതെ വര്‍ഗ്ഗീയ അംശം മാത്രമേ അതിലുള്ളു എന്നു തെറ്റായി വ്യാഖ്യാനിച്ചതിനെ തിരുത്താന്‍ കമ്മ്യൂണിസ്റ്റു നേതാവ് അബനി മുഖര്‍ജി തയ്യാറാക്കിയ 'ദ മാപ്പിള റയ്സിങ്ങ്' ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഖപത്രമായ കമ്മ്യൂണിസ്റ്റു റിവ്യൂവില്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെ ഈ കൃതിയില്‍ ചേര്‍ത്തുകൊണ്ട് ജയരാജന്‍ ഇതിലെ നിലപാടുകളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
കവി രവീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠന്‍ സുധീന്ദ്രനാഥ ടാഗോറിന്റെ മകന്‍ സൗമ്യേന്ദ്രനാഥ ടാഗോര്‍ ഇവിടെയെത്തി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കി എഴുതിയതും ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചതുമായ 'പെസന്റ്സ് റിവോള്‍ട്ട് ഇന്‍ മലബാര്‍', മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം അന്നേ വെളിച്ചത്തു കൊണ്ടുവന്നിരുന്നു. 1939 ല്‍ തന്നെ സഖാവ് ഇ എം എസ്സും പ്രഭാതത്തിലെ തന്റെ ലേഖനത്തില്‍ മാര്‍ക്സിയന്‍ പരിപ്രേക്ഷ്യത്തില്‍ 1921 ലെ കലാപത്തെ കൃത്യമായി വിശകലനം ചെയ്തിരുന്നു.
മലബാര്‍ കലാപത്തിന്റെ 25-ാം വര്‍ഷത്തില്‍, അതായത് 1946 ആഗസ്റ്റ് 20 ന് ഇ എം എസ്സിന്റെ 'ആഹ്വാനവും താക്കീതും' പ്രസിദ്ധീകരിക്കപ്പെട്ടതും പിന്നീടതു പാര്‍ട്ടി പ്രമേയമായി അംഗീകരിക്കപ്പെട്ടതും എല്ലാവര്‍ക്കും അറിയാം. കാര്‍ഷികസമരങ്ങള്‍ ഉയര്‍ന്നുവരണം എന്നതായിരുന്നു ആഹ്വാനം. അവസാനം അവ വര്‍ഗ്ഗീയമായി വഴിതിരിഞ്ഞു പോകരുത് എന്നതായിരുന്നു താക്കീത്. അന്ന്, അതു പ്രസിദ്ധീകരിച്ചപ്പോള്‍ ഇ എം എസ്സിനെ അറസ്റ്റു ചെയ്തു, ദേശാഭിമാനിയെ നിരോധിച്ചു. അന്നു കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട് എന്തായിരുന്നു? കോണ്‍ഗ്രസ് സമരത്തെ തള്ളിപ്പറഞ്ഞു. ലീഗാകട്ടെ, ഇങ്ങനെ പോയി അടികൊള്ളേണ്ട കാര്യമില്ലെന്ന നിലപാട് കൈക്കൊണ്ടു. വാഗണ്‍ ട്രാജഡി ഇന്ന് എല്ലാവര്‍ക്കും അറിയാം. അന്ന്, അറസ്സിലായവരെ ആന്തമാനിലേക്കു നാടുകടത്തുകയും മദ്രാസ് സ്റ്റേറ്റിലെ പല ജയിലുകളിലടയ്ക്കുകയും ചെയ്തതുമറിയാം. എന്നാല്‍, മലബാര്‍ കലാപം എന്ന പേരില്‍ കണ്ണൂര്‍ ജയിലിലടച്ചവരില്‍ പത്തുപേരെ ജയിലിലിട്ടു വെടിവെച്ചു കൊന്നതിന്റെ വിശദാംശങ്ങള്‍ വേണ്ടത്ര പുറത്തുവന്നിട്ടില്ല എന്നതാണ് വസ്തുത. ഈ കൃതിയില്‍ പി ജയരാജന്‍ അതിന്റെ വിശദാംശങ്ങള്‍ തേടിച്ചെല്ലുന്നുണ്ട്.
കോണ്‍ഗ്രസിന്റെ രൂപപരിണാമം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയര്‍ന്ന ജാതിക്കാരുടെയും സമ്പന്നരുടെയും പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. അതു സ്വാഭാവികമായും കൃത്യമായ വലതുപക്ഷ നിലപാടുകളെടുത്തു. ചെറുകിട കൃഷിക്കാരുടെയും തൊഴിലാളികളുടെയും പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി. അതു സ്വാഭാവികമായും ഇടതുപക്ഷ നിലപാടെടുത്തു. ഈ ഇടതുപക്ഷ - വലതുപക്ഷ വേര്‍തിരിവു കനത്തുവന്നതെങ്ങനെ എന്നത് ഈ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. വലതുപക്ഷം മുസ്ലീം വിരുദ്ധ നിലപാടുകളിലേക്കും മുസ്ലീം വിരുദ്ധ നിലപാട് പിന്നീട് ലീഗുവിരോധത്തിലേക്കും മാറിയതിന്റെ ചരിത്രം ഇതില്‍ വിവരിക്കുന്നുണ്ട്. വലതുപക്ഷത്തിന്റെ ലീഗിനോടുള്ള എതിര്‍പ്പ് പതുക്കെ മുസ്ലീം വിരുദ്ധ എതിര്‍പ്പായതിന്റെ ചരിത്രവും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. 1948 ല്‍ കുറുമ്പ്രനാട് താലൂക്ക് പര്യടനത്തിനിടയില്‍ കെ പി സി സി പ്രസിഡന്റായിരുന്ന കേളപ്പന്‍ നാദാപുരത്തു നടത്തിയ പ്രസംഗം മാതൃഭൂമി അന്നു റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 'മുസ്ലീങ്ങള്‍ രാജ്യത്തിന്റെ വിശ്വാസത്തിന് അര്‍ഹരാവണം' എന്നതായിരുന്നു ആ പ്രസംഗം. എന്താണ് ഇതിലെ ധ്വനി എന്നു ഞാന്‍ വിശദീകരിക്കുന്നില്ല. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളോട് ലീഗു നേതാക്കള്‍ ചോദിച്ചു മനസ്സിലാക്കട്ടെ.
ഹിന്ദു മഹാസഭ കേരള ഘടകം രൂപീകരിക്കാനെത്തിയപ്പോള്‍ തിരുനാവായ ഹിന്ദു മഹാസഭാ സമ്മേളന സംഘാടനത്തിനു കോണ്‍ഗ്രസിലെ വലതുപക്ഷ നേതൃത്വമാണു മുന്‍കൈ എടുത്തത്. മാതൃഭൂമി ആ വലതുപക്ഷത്തിനൊപ്പം നിന്നപ്പോള്‍ മുഹമ്മദ് അബ്ദുറഹ്‌മാന്റെ 'അല്‍ അമീന്‍' വലതുപക്ഷ നേതൃത്വത്തിനെതിരായുള്ള നിലപാടെടുത്തു. പത്രങ്ങളുടെ നിഷ്പക്ഷതയും മതനിരപേക്ഷതയും ഒക്കെ ആധുനിക കാലത്തു ചര്‍ച്ചയാവുമ്പോള്‍ ഇതും ചര്‍ച്ചയ്ക്കു വിഷയമാക്കാവുന്നതാണ്. അങ്ങനെയായാല്‍ പുതിയ നിലപാടുകളില്‍ വലിയ അമ്പരപ്പൊന്നും ഉണ്ടാവാതിരിക്കും. പഴയകാല ചരിത്രത്തില്‍ ഊന്നിനിന്നുകൊണ്ട് മുസ്ലീം സമുദായവും മതനിരപേക്ഷ സമൂഹമാകെയും നേരിടുന്ന പുതുകാല പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുന്നുണ്ട് സഖാവ് പി ജയരാജന്‍. കേരള മുസ്ലീങ്ങളും പൗരത്വ പ്രശ്നവും ഈ കൃതി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്‍ഡോ - പാക് വിഭജന ഘട്ടത്തില്‍ തൊഴിലിനായി കറാച്ചിയിലായിരുന്നവര്‍ അവിടെ നിന്നയച്ച മണി ഓര്‍ഡര്‍ കൊണ്ട് കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ മലബാറിലുണ്ട്. എന്നാല്‍, അവര്‍ ഉപജീവനാര്‍ത്ഥമാണവിടെ കഴിഞ്ഞിരുന്നത് എന്നതുപോലും മറന്ന് അവരെ പാക് പൗരന്മാരായി കാണുന്ന സ്ഥിതിയുണ്ടായി. ആ പ്രശ്നത്തിന്റെ ദുരന്തം കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ പലരും അനുഭവിച്ചു. ഇന്തോ - പാക് യുദ്ധത്തെ തുടര്‍ന്ന് എനിമി പ്രോപ്പര്‍ട്ടി ആയി കണക്കാക്കി ഇവരുടെ സ്വത്ത്. ഇതിന്റെ അറിയപ്പെടാത്ത വശങ്ങള്‍ ഈ കൃതിയിലുണ്ട്.
ഖിലാഫത്തിനെ തുടര്‍ന്നു രാഷ്ട്രീയത്തോടു വിരക്തി കാട്ടിയ ഇസ്ലാം ജനവിഭാഗങ്ങളില്‍ പെട്ടവരെ മതസംഘടനകള്‍ എങ്ങനെ തങ്ങളുടെ സ്വാധീനത്തിലാക്കി എന്നത് ഈ കൃതി പരിശോധിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥ 1957 ലെ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ വന്നതോടെ മാറിത്തുടങ്ങിയതിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ട് ആ രംഗത്തെ പുരോഗതിയെ ഈ കൃതി അടയാളപ്പെടുത്തുന്നുണ്ട്. മുസ്ലീങ്ങളും കേരള രാഷ്ട്രീയ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നിടത്ത് മൂന്നു ധാരകളുണ്ടായിരുന്നതായി പുസ്തകം വിലയിരുത്തുന്നുണ്ട്. ഒന്ന് : ദേശീയ മുസ്ലീങ്ങള്‍, രണ്ട് : മുസ്ലീം ലീഗ്, മൂന്ന് : കമ്മ്യൂണിസ്റ്റ്. മസ്ജിദ് പുനര്‍നിര്‍മ്മാണത്തിലെ നിയന്ത്രണം നീക്കല്‍, സ്‌കൂള്‍ വ്യാപിപ്പിക്കല്‍, മലപ്പുറം ജില്ല രൂപീകരിക്കല്‍, സച്ചാര്‍ കമ്മിറ്റിക്കു പിന്നാലെ രൂപീകരിച്ച പാലൊളി കമ്മിറ്റി തുടങ്ങിയവയൊക്കെ വിശദീകരിച്ചുകൊണ്ട് മുസ്ലീം ജനസാമാന്യത്തിന്റെ താല്‍പര്യങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ മുമ്പോട്ടു കൊണ്ടുപോയി എന്ന് പുസ്തകം വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം, ലീഗിനോടുള്ള കോണ്‍ഗ്രസ് സമീപനത്തില്‍ വന്ന മാറ്റംമറിച്ചിലുകളും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.
കോണ്‍ഗ്രസ് ലീഗിനെ തൊടുന്നതില്‍ അയിത്തം പുലര്‍ത്തിയിരുന്നതും നെഹ്റു ലീഗിനെ ചത്ത കുതിര എന്നു വിശേഷിപ്പിച്ചതും അറുപതില്‍ കോണ്‍ഗ്രസ് - ലീഗ് - പി എസ് പി മുക്കൂട്ടുമുന്നണിയുണ്ടായെങ്കിലും ലീഗിനു മന്ത്രിസ്ഥാനം നിഷേധിച്ചതും 67 ലെ തെരഞ്ഞെടുപ്പില്‍ ലീഗു സി പി ഐ എമ്മിനൊപ്പം ഐക്യ മുന്നണിയില്‍ ഒരുമിച്ചതും, എന്നാല്‍ 69 ല്‍ വിട്ടുപോയശേഷമുള്ള പ്രസംഗത്തില്‍ സി എച്ച് മുഹമ്മദ് കോയ, ജനസംഘ - ആര്‍ എസ് എസ് ശക്തികളെ പ്രീണിപ്പിക്കാന്‍ നേട്ടങ്ങളുടെ പട്ടികയില്‍ നിന്നു മലപ്പുറം ജില്ലാ രൂപീകരണം ഒഴിവാക്കിയതും ഒക്കെ സന്ദര്‍ഭോചിതമായി പി ജയരാജന്‍ വിലയിരുത്തുന്നുണ്ട്. ഈ കൃതിയുടെയും വര്‍ത്തമാനകാല മുസ്ലീം രാഷ്ട്രീയതയുടെയും പശ്ചാത്തലത്തില്‍ സമകാലികമായ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി ഈ സന്ദര്‍ഭം ഉപയോഗിക്കട്ടെ. മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണടകൊണ്ടു കാണുന്നതു ശരിയാവില്ല. ജമാഅത്തെ ഇസ്ലാമി മത സാമ്രാജ്യത്വ സ്വഭാവമുള്ള പ്രസ്ഥാനമാണ്. ഇസ്ലാമിക ലോകം സൃഷ്ടിക്കലാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. എന്നാല്‍, ലീഗ് അങ്ങനെയൊരു നിലപാടിലല്ല. മുസ്ലീം ലീഗ് ഒരു റിഫോമിസ്റ്റ് സംഘടനയാണ്. എന്നാല്‍, ജമാഅത്തെ ഇസ്ലാമി തീര്‍ത്തും റിവൈവലിസ്റ്റ് പ്രസ്ഥാനമാണ്. ആദ്യത്തേതു പരിഷ്‌ക്കരണത്തിന്, രണ്ടാമത്തേതു പഴയതിന്റെ പുനരുജ്ജീവനത്തിന്. മുസ്ലീം ലീഗിന്റെ ചരിത്രം നോക്കിയാല്‍ തന്നെ അത് ബ്രിട്ടീഷ് അനുകൂല പ്രസ്ഥാനമായിരുന്നു എന്നു കാണാം. ബ്രിട്ടീഷ് സഹായത്തോടെ വിദ്യാഭ്യാസം, ജോലി എന്നിവ ഉറപ്പാക്കി സമുദായത്തെ പരിഷ്‌ക്കരിക്കുക, ഇതായിരുന്നു തുടക്കത്തിലെ കാഴ്ചപ്പാട്.
ജമാഅത്തെ ആവട്ടെ, പഴയ കാലത്തേക്ക്, അതായതു ഖലീഫാമാരുടെ കാലത്തേക്കു സമുദായത്തെ തിരിച്ചു കൊണ്ടുപോവണമെന്ന നിര്‍ബ്ബന്ധമുള്ള പ്രസ്ഥാനമാണ്. ലീഗ് ഇന്ത്യയ്ക്കകത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍, ജമാഅത്തെ ഇസ്ലാമി അന്താരാഷ്ട്ര രാഷ്ട്രീയ പരിവര്‍ത്തനത്തിന്, അതായത് ഇസ്ലാമികാധിഷ്ഠിത പരിവര്‍ത്തനത്തിനു പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്നു. മുസ്ലീം ലീഗ് ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്ലാമിക ദേശീയത എന്നിവയില്‍ കേന്ദ്രീകരിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി ഒരു ഇസ്ലാമിക സാമ്രാജ്യസ്ഥാപന (ഇസ്ലാമിക് ഇംപീരിയലിസം) ത്തിനായി നിലകൊള്ളുന്നു. മുസ്ലീം ലീഗിന് ഇന്ത്യയ്ക്കു പുറത്തു സഖ്യങ്ങളില്ല. എന്നാല്‍, ജമാഅത്തെ ഇസ്ലാമിക്ക് യമനിലെ ഷിയാ ഭീകരപ്രവര്‍ത്തകര്‍ മുതല്‍ ഈജിപ്തിലെ ബ്രദര്‍ഹുഡ് വരെയുള്ളവരുമായി ബന്ധങ്ങളുണ്ട്. സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങള്‍ നടത്തുമ്പൊഴും സാമ്രാജ്യത്വവുമായി ചേര്‍ന്നു ശത്രുക്കളെ ഇല്ലാതാക്കാന്‍ മടിക്കാത്തവരാണ് ജമാഅത്തെ ഇസ്ലാമി. ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യപരമായി അധികാരത്തില്‍ വന്ന നജീബുള്ള ഭരണം തകര്‍ക്കാന്‍ അവിടുത്തെ ജമാഅത്തെ ഇസ്ലാമി അമേരിക്കന്‍ സാമ്രാജ്യത്വവുമായി കൈകോര്‍ത്തുനിന്നു. ഈജിപ്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് - സാമ്രാജ്യത്വ കൂട്ടുകെട്ടില്‍ നിന്നു. പലസ്തീനില്‍ ഫത്താ പാര്‍ട്ടിയെ തകര്‍ക്കാനും ഇവര്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി നിന്നു.
ചില സവിശേഷ ഘട്ടങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധത പറയും. എന്നാല്‍, സാമ്രാജ്യത്വത്തിന്റെ തന്നെ പിന്തുണയോടെ രക്തപങ്കിലമായ അട്ടിമറി നടത്തുന്ന ചരിത്രമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ലീഗിനു സാര്‍വദേശീയ ബന്ധങ്ങളില്ല; പാകിസ്ഥാനുമായിപ്പോലും ബന്ധങ്ങളില്ല. എന്നാല്‍, ലീഗ് ചെയ്യുന്ന അപരാധം കാണാതിരുന്നുകൂട. അവര്‍ വര്‍ഗ്ഗീയ ഭീകര പ്രസ്ഥാനങ്ങളുമായി ചേര്‍ന്നുനിന്ന് ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മടികാട്ടുന്നില്ല. നേരിട്ടു സാര്‍വദേശീയ ഭീകരബന്ധമില്ലെങ്കിലും അതുള്ളവരുമായി ചേര്‍ന്നുനില്‍ക്കാന്‍ ലീഗ് മടിക്കുന്നില്ല. കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ബി ജെ പിയുമായി ചേര്‍ന്ന് സി പി ഐ എം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ എതിര്‍ത്തു. ഇവിടെ ലീഗ് ബി ജെ പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സി പി ഐ എമ്മിനെ എതിര്‍ക്കുന്നു.
ആര്‍ എസ് എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. വിഭജന കാലത്ത് പാകിസ്ഥാന്‍ മുസ്ലീം രാഷ്ട്രമായപ്പോള്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാവട്ടെ എന്ന ആര്‍ എസ് എസ് നിലപാടിലായിരുന്നു ജമാഅത്തെ ഇസ്ലാമി. ഇരുകൂട്ടരുടെയും അജണ്ട പൊളിച്ചുകൊണ്ടാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ഇരു കൂട്ടര്‍ക്കും ഇതില്‍ ഒരുപോലെ അസഹിഷ്ണുതയാണുള്ളത്. മതേതര ജനാധിപത്യത്തോടും ഇരുകൂട്ടര്‍ക്കും കടുത്ത അസഹിഷ്ണുതയാണുള്ളത്. ദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. അവര്‍ക്കു വേണ്ടതു ഇസ്ലാമിക സാര്‍വദേശീയതയാണ്. ലീഗിന് ഈ നിലപാടില്ല. ലോകത്തെവിടെയുള്ള മുസ്ലീങ്ങളും ഒറ്റ രാഷ്ട്രത്തിലെ പൗരരാണ് ജമാഅത്തെ ഇസ്ലാമിക്ക്. ലീഗിന് അങ്ങനെയല്ല. ആദ്യം മതാടിസ്ഥാനത്തില്‍ രാഷ്ട്രങ്ങളെ വേര്‍തിരിക്കുക. പിന്നീട് ഇസ്ലാമിക സാമ്രാജ്യശക്തിയില്‍ ഇതര മതരാഷ്ട്രങ്ങളെ തകര്‍ത്ത് ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക. ഇതാണു ജമാഅത്തെ ഇസ്ലാമിയുടെ പരിപാടി.
ഇതില്‍ ആദ്യത്തേതിനോട്, രാഷ്ട്രത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചെടുക്കുന്നതിനോട് സംഘപരിവാറിനും പൂര്‍ണ്ണ യോജിപ്പുതന്നെ. രണ്ടാം ഘട്ടത്തില്‍ ഹിന്ദുസാമ്രാജ്യം സ്ഥാപിക്കലും സംഘപരിവാറിന്റെ ആഗ്രഹത്തിലുണ്ട്. അപ്പോള്‍ രണ്ടും ഒരേ തൂവല്‍ പക്ഷികള്‍ തന്നെ. ലീഗ് ഉണ്ടാക്കുന്ന വലിയ ആപത്ത്, കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ അവര്‍ എസ് ഡി പി ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും എന്നുവേണ്ട ഏതു വര്‍ഗ്ഗീയ ഭീകര സംഘടനയുമായും കൂട്ടുചേരുന്നു എന്നതാണ്. ഭീകര സംഘടനകള്‍ക്ക് മാന്യത നല്‍കുന്ന പരിപാടിയാണിത്. ഇത് ലീഗ് അണികള്‍ തന്നെ തീവ്രവാദ - ഭീകരവാദ ശക്തികളുടെ കുടക്കീഴിലേക്ക് ഒഴുകുന്നതിനാണു വഴിതെളിക്കുക; ലീഗ് അപ്രസക്തമാവുന്നതിനും. അതോടൊപ്പം തന്നെ ഈ കൂട്ടുകെട്ടു ചൂണ്ടിക്കാട്ടി സംഘപരിവാറിന് ധ്രുവീകരണം ശക്തമാക്കല്‍ എളുപ്പമാക്കിക്കൊടുക്കുക കൂടിയാണിവര്‍ ചെയ്യുന്നത്. ലീഗ് ചെയ്യേണ്ടത് മത തീവ്രവാദ - ഭീകര ശക്തികളോട് സഹകരിക്കില്ല എന്നു പ്രഖ്യാപിക്കലാണ്. ലീഗിന് അതു കഴിയുന്നുമില്ല.
കേരളം ഐ എസ് ഐ എസിലേക്കുള്ള റിക്രൂട്ട്മെന്റ് വലിയ തോതില്‍ നടക്കുന്ന സംസ്ഥാനമാണ് എന്നു പറഞ്ഞാല്‍ അതു സത്യമല്ല. എന്നു മാത്രമല്ല, അത് കേരളത്തില്‍ ഏതുവിധേനയും ഇടപെടാന്‍ വ്യഗ്രതപ്പെടുന്ന കേന്ദ്രത്തിന് ആയുധം കൊടുക്കലാവുകയേ ഉള്ളൂ. അതോടൊപ്പം തന്നെ സംഘപരിവാറിന് ജനസ്വാധീനമുറപ്പിക്കാനുള്ള പ്രചാരണ ആയുധമാവുക കൂടി ചെയ്യും അത്. അവര്‍ നേരത്തേ തന്നെ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന് ശക്തി പകരലാവും അത്. അത്തരം പ്രചാരണങ്ങളെ എതിര്‍ക്കണം. അതോടൊപ്പം തന്നെ ലീഗിന്റെ അവസരവാദങ്ങള്‍ തുറന്നുകാട്ടുകയും വേണം. മസ്ജിദിനും മതനിരപേക്ഷതയ്ക്കും കാവല്‍ നിന്നു രക്തസാക്ഷിത്വം വരിച്ച തലശ്ശേരിയിലെ കുഞ്ഞിരാമന്റെ പാര്‍ട്ടിയാണു സി പി ഐ (എം). അതിനെ സംഘപരിവാറുമായി രഹസ്യബന്ധമുണ്ടാക്കുന്ന പാര്‍ട്ടിയായി ചിത്രീകരിക്കുന്നതോ? ആര്‍ എസ് എസ് ശാഖയ്ക്കു കാവല്‍ നിന്നുവെന്ന് അഭിമാനത്തോടെ പറയുന്ന കെ സുധാകരന്റെ പാര്‍ട്ടി. ആ സുധാകരന്‍ ലീഗിന്റെ മുന്നണിയുടെ നേതാവാണ്. ആ കൂടാരത്തില്‍ ചെന്നു നിന്നുകൊണ്ടാണ് ലീഗ് സി പി ഐ എമ്മിനെ ആക്ഷേപിക്കുന്നത്.
മുസ്ലീംലീഗ് ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ വലിയ ഒരു പ്രചാരണ പരിപാടി അഴിച്ചുവിട്ടിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുന്നു എന്നതാണത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ലീഗ് ഇതിന്റെ ഭാഗമായി പ്രചരിപ്പിച്ചുവരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ പോലീസ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ് എന്നുള്ളതാണ്.
സത്യത്തില്‍ മുസ്ലീം ലീഗാണ് മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്നത്. കേരളാ പോലീസ് ഏറ്റവും കൂടുതല്‍ കേസ്സെടുത്തിട്ടുള്ളത് മലപ്പുറം ജില്ലയിലല്ല. അസത്യമാണ് ലീഗ് പ്രചരിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസ്സെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. ഒരു ഔദ്യോഗിക രേഖയിലും അങ്ങനെയില്ല. എന്നു മാത്രമല്ല, താരതമ്യേന ഏറ്റവും കുറവ് കുറ്റകൃത്യങ്ങളുള്ള ജില്ലകളുടെ പട്ടികയിലാണ് മലപ്പുറം. പറയാത്തതു പറഞ്ഞു എന്നു പ്രചരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലീഗ് അവിടെ ചെയ്യുന്നത്.
യാഥാര്‍ത്ഥ്യം എന്താണ്? 2023 ല്‍ മലപ്പുറം ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ് ഐ ആറുകളുടെ എണ്ണം 42,676 ആണ്. എറണാകുളം സിറ്റിയില്‍ 70,874 എഫ് ഐ ആറുകളും, എറണാകുളം റൂറലില്‍ 37,689 എഫ് ഐ ആറുകളും ഉള്‍പ്പെടെ എറണാകുളം ജില്ലയില്‍ മാത്രം 2023 ല്‍ ഒരു ലക്ഷത്തിലധികം കേസുകള്‍ ഉണ്ട് എന്നതാണ് സത്യം. തിരുവനന്തപുരം ജില്ലയിലും ഒരു ലക്ഷത്തിലധികമുണ്ട്. ആ നിലയ്ക്ക് 40,000 ത്തില്‍ ചില്വാനം മാത്രം എഫ് ഐ ആറുകളുള്ള മലപ്പുറത്തെയാണ് ഏറ്റവുമധികം കേസ്സെടുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അപമാനിക്കുന്നത് എന്നു പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും? ശരിയല്ലാത്തതു പ്രചരിപ്പിച്ച് മലപ്പുറം ജില്ല ഏറ്റവും അധികം കുറ്റകൃത്യമുണ്ടാകുന്ന ജില്ലയാണ് എന്ന പ്രതീതി സമൂഹമധ്യത്തില്‍ സൃഷ്ടിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ ആ ജില്ലയ്ക്ക് എതിരായ അപകീര്‍ത്തിപ്പെടുത്തല്‍? അത് ചെയ്യുന്നത് ലീഗല്ലേ?
കേസിന്റെ ജനസംഖ്യാപരമായ അനുപാതമെടുത്താലും മലപ്പുറം ജില്ലയില്‍ അസാധാരണായി ഒന്നുമില്ല. എന്നുമാത്രമല്ല, പല ജില്ലകളെയും അപേക്ഷിച്ച് ഭേദപ്പെട്ട നിലയിലാണ് എന്നു കാണുകയും ചെയ്യാം. 2023 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തിരുവനന്തപുരം ജില്ലയിലെ എഫ് ഐ ആറുകളുടെ ജനസംഖ്യാനുപാതം 31.51 ശതമാനമാണെങ്കില്‍ മലപ്പുറം ജില്ലയില്‍ അത് 10.35 ശതമാനം മാത്രമാണ്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞതാണ് ഈ നിരക്ക്. ഈ സത്യം മറച്ചുവെച്ചുകൊണ്ടാണ് മലപ്പുറം ജില്ലയില്‍ ഉള്ളവര്‍ക്കെതിരെ ഒറ്റതിരിച്ച് കേസ് കുന്നുകൂട്ടുന്നുവെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഉള്ള കേസുകളില്‍ തന്നെ വഞ്ചനാക്കുറ്റം, ഭാര്യാ പീഡനം, മോഷണം, അനിയന്ത്രിത ഡ്രൈവിംഗ്, വാഹനാപകടം എന്നിവയുമായി ബന്ധപ്പെട്ടവയാണ് പല കേസുകളും. ഇതാണ് സത്യമെന്നിരിക്കെ ലീഗിന്റെ പ്രചാരണത്തില്‍ സത്യമേതുമില്ല.
ഒരു കേസ് ഉണ്ടാകണമെങ്കില്‍ ഒരു പരാതി വേണം. പോലീസിന് ലഭിക്കുന്ന പരാതിയില്‍ കേസ്സെടുക്കാന്‍ പാടില്ലായെന്നാണോ ഇവര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ അത് നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കേസ്സെടുത്ത് ഫലപ്രദമായ നടപടി സ്വീകരിക്കുക എന്നതാണ് നിയമവാഴ്ച. കേസ്സെടുക്കരുത് എന്നു പറയുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. എല്ലാ ജില്ലകളിലും ഫലപ്രദമായി കേസ് നടപടികള്‍ നീക്കുന്നതുകൊണ്ടാണ് നിയമവാഴ്ചയില്‍ ഒന്നാമതായി നില്‍ക്കുന്ന സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടത്.
കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരായാണ് കേസ്. അത് ഏതെങ്കിലും ജില്ലയില്‍പ്പെട്ടവര്‍ക്കോ ജനവിഭാഗങ്ങള്‍ക്കോ എതിരായല്ല. മറിച്ച് വ്യാഖ്യാനിച്ച് കുറ്റവാളികളെ സംരക്ഷിക്കാമെന്ന് ആരും കരുതേണ്ടതുമില്ല. ഒരു പ്രത്യേക വിഭാഗത്തെ അക്രമകാരികളായി ചിത്രീകരിക്കുകയാണ് എന്നുപറഞ്ഞ് കുറ്റവാളികളെ രക്ഷപ്പെടുത്താമെന്നും കരുതേണ്ടതില്ല. ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ, പ്രത്യേക പ്രദേശത്തുള്ളവരെയോ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കുകയുമില്ല. ഒരു കുറ്റവും ചെയ്യാത്ത നിഷ്‌ക്കളങ്കരായ ജനങ്ങളെ പരിചയാക്കി കുറ്റവാളികളെ സംരക്ഷിച്ചെടുക്കാമെന്ന് കരുതേണ്ടതില്ല.
മലപ്പുറം എന്നു കേട്ടാലുടന്‍ ഇസ്ലാമിനെതിരെ പറഞ്ഞു എന്നാവും ലീഗു പ്രചാരണം. മലപ്പുറം മതജില്ലയാണെന്നും കുട്ടിപാകിസ്ഥാനാണെന്നുമൊക്കെ വാദിക്കുന്ന സംഘപരിവാറുകാരുടെ വാദം ഏറ്റെടുക്കലല്ലേ അത്? എന്തിനാണീ നിലപാട്? ഇപ്പോള്‍, മലപ്പുറം ജില്ലയുണ്ടാക്കിയതു ഞങ്ങള്‍ കൂടിയാണെന്നു ലീഗു പറയുന്നുണ്ട്. എന്നാല്‍, ആ ജില്ല ഉണ്ടാക്കിയതിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമേ ഉണ്ടായുള്ളൂ. ആ ആക്ഷേപം കത്തിനില്‍ക്കുമ്പോള്‍ തന്നെ, അങ്ങനെ ആക്ഷേപിക്കുന്നവരുടെ, മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജാഥ നയിച്ചവരുടെ വണ്ടിയില്‍ കേറി പോയില്ലേ നിങ്ങള്‍? അന്ന് മുന്നണി വിട്ടുപോവുമ്പോള്‍ ലീഗു നേതാവു നടത്തിയ പ്രസംഗത്തില്‍ മലപ്പുറം ജില്ലാ രൂപീകരണം തങ്ങളുടെ നേട്ടമാണെന്നു പറയാതിരുന്നതുപോലും ജില്ലാ വിരുദ്ധരെ സന്തോഷിപ്പിക്കാനായിരുന്നില്ലേ?
ഒരു പോലീസുകാരന്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീര്‍ കൂടിയായ അതിന്റെ ദേശീയ സെക്രട്ടറിയുടെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്? തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവശേം?
ഈയൊരു വര്‍ത്തമാന സാഹചര്യത്തിലാണ് ഇന്നു പ്രകാശിതമാവുന്ന പി ജയരാജന്റേതു പോലത്തെ കൃതികള്‍ പ്രസക്തമാകുന്നത്. കാരണം, അവ ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ട് ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി നിലകൊള്ളുന്നു. ഇത്തരം പാലങ്ങള്‍ കൂടുതലായി പണിത് ഭാവിയിലേക്കുള്ള നമ്മുടെ പ്രയാണത്തെ സുഖകരമാക്കുക എന്നത് ഈ സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഏതൊരു വ്യക്തിയുടെയും കടമയാണ്. ആ കടമ നിര്‍വ്വഹിച്ച സഖാവ് പി ജയരാജനെ അഭിനന്ദിച്ചുകൊണ്ടും ഈ കൃതി വായനാസമൂഹത്തിനു പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഉപസംഹരിക്കുന്നു.