എംജിയില്‍ എബിവിപി യൂണിയന്‍ കൗണ്‍സിലര്‍; കുന്നമംഗലം താലൂക്കിലെ പഴയ പ്രചാരകന്‍; തിരുമല ഉപ നഗരത്തിന്റെ ശാരീരിക പ്രമുഖ്; ആദ്യം വഞ്ചിച്ചത് ബിജെപിയുടെ സഹകാര്‍ ഭാരതി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വഞ്ചിനാട് സംഘം; ആനന്ദ് കെ. തമ്പിയ്ക്ക് സംഭവിച്ചത് എന്ത്? ബിജെപി പ്രതിരോധത്തില്‍; അന്വേഷണത്തിന് പോലീസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ പോലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആനന്ദ് ശിവസേനയില്‍ അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ചയാണ് ആനന്ദ് ശിവസേനയില്‍ (യുബിടി) അംഗത്വമെടുത്തത്. സ്വതന്ത്രസ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരത്തുനിന്ന് മത്സരിക്കുന്നതില്‍ അദ്ദേഹത്തിനു ഭീഷണിയുണ്ടായിരുന്നതായി സൂചനയുണ്ട്. ഈ ഭീഷണി മറികടക്കാനാണ് ആനന്ദ് ശിവസേനയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിട്ടും ഭീഷണി തുടര്‍ന്നുവെന്നാണ് സൂചന. ആനന്ദിന്റെ ആത്മഹത്യ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ശിവസേന (യുബിടി) സംസ്ഥാന സെക്രട്ടറി അജി പെരിങ്ങമലയില്‍ നിന്നാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ശിവസേനയുടെ സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാനും തിങ്കളാഴ്ച വാര്‍ഡ് കണ്‍വഷന്‍ വിളിക്കാനും തീരുമാനിച്ചിരുന്നു. ആനന്ദിന്റെ പണം തട്ടിയത് ബിജെപി നേതാവ് നേതൃത്വം നല്‍കുന്ന വഞ്ചിനാട് ഭവനനിര്‍മാണ സഹകരണ സംഘമാണ്. ആത്മഹത്യാക്കുറിപ്പില്‍ വഞ്ചിനാട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയില്‍നിന്ന് 22 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പറയുന്നുണ്ട്. അത് കിട്ടിയാല്‍ തന്റെ ബാങ്ക് ലോണുകള്‍ അടച്ചുതീര്‍ക്കാവുന്നതേയുള്ളൂയെന്നും ഈ പണം എങ്ങനെയെങ്കിലും വീണ്ടെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. എന്നാല്‍, വഞ്ചിനാട് ഭവനനിര്‍മാണ സഹകരണ സംഘത്തില്‍ 32 കോടിയോളം രൂപയുടെ തിരിമറിയാണ് നടത്തിയത്. കേസില്‍ സംഘം പ്രസിഡന്റ് വള്ളക്കടവ് പൊന്നറ നഗര്‍ ഹൗസ് നമ്പര്‍ 83ല്‍ വിജയകുമാര്‍ (60), ബ്രാഞ്ച് മാനേജര്‍ സുഭാഷ് നഗര്‍ ടിസി 36ല്‍ ഗോപകുമാര്‍ (52), സെക്രട്ടറി ശ്രീകല തുടങ്ങിയവരെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈഞ്ചക്കല്‍, നെടുമങ്ങാട്, നേമം എന്നിവിടങ്ങളില്‍ സംഘത്തിന് ബ്രാഞ്ചുകളുണ്ട്. ഒരുവര്‍ഷം മുമ്പ് ഈഞ്ചക്കലിലെ പ്രധാന ഓഫീസില്‍ നിക്ഷേപകര്‍ സംഘടിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് നിക്ഷേപകരെ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിച്ച് പരാതികള്‍ പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നു. ഒരുവര്‍ഷത്തിനകം മുതലും പലിശയും തിരിച്ചുനല്‍കാമെന്നാണ് ഭരണസമിതി അറിയിച്ചത്. ഇത്രയും കാലമായിട്ടും മുതലും പലിശയും ലഭിക്കാതായതോടെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പ്രസിഡന്റിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. ബിജെപിയുടെ സഹകാര്‍ ഭാരതി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് വിജയകുമാര്‍. ഒരു ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘത്തില്‍നിന്ന് 30 ലക്ഷത്തോളം രൂപ പലരുടെയും പേരിലായി വായ്പ എടുത്തുവെന്നും തിരിച്ചടച്ചിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു. തിരുമല അനിലിന്റെ മരണം ബിജെപിയെ വെട്ടിലാക്കിയിരുന്നു. സഹകര സംഘത്തിലെ തട്ടില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. ഇതിന് പിന്നാലെയാണ് അതേ പ്രദേശത്തുള്ള മറ്റൊരാളുടെ ആത്മഹത്യയും.
ആനന്ദ് കെ തമ്പി എഴുതിയ കുറിപ്പില്‍ നിന്നും
ഞാന്‍ ആനന്ദ് കെ തമ്പി . ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഉള്ള കാരണം തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടന്‍ എന്നറിയപ്പെടുന്ന ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവര്‍ ഒരു മണ്ണ് മാഫിയയാണ്.
അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ഒരു ആള്‍ വേണം അതിനുവേണ്ടിയിട്ടാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) BJP സ്ഥാനാര്‍ത്ഥിയാക്കിയത്. ഞാന്‍ എന്റെ 16 വയസ്സു മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണ്. തുടര്‍ന്ന് എം. ജി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായി പഠിക്കുമ്പോള്‍ ഞാന്‍ ആര്‍എസ്എസിനെ മുഖ്യശിക്ഷയും കോളേജ് യൂണിയന്റെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷം ആര്‍എസ്എസിന്റെ പ്രചാരക്കായി മുഴുവന്‍ സമയ പ്രവര്‍ത്തകനായി കോഴിക്കോട് കുന്നമംഗലം താലൂക്കില്‍ പ്രവര്‍ത്തിച്ചു അതിനുശേഷം തിരിച്ചുവന്ന് തിരുവനന്തപുരത്ത് RSS ന്റെ തിരുമല മണ്ഡല്‍ തൃക്കണ്ണാപുരം മണ്ഡല്‍ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക പ്രമുഖ തിരുമല ഉപനഗരത്തിന്റെ ശാരീരിക പ്രമുഖ തിരുമല ഉപ നഗരത്തിന്റെ സഹകാര്യവാഹ് അങ്ങനെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താല്പര്യം ഞാന്‍ ആര്‍എസ്എസിന്റെ ജില്ലാ കാര്യകര്‍ത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു.
പക്ഷേ മണ്ണും മാഫിയ സംഘം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ എനിക്ക് ബിജെപി സ്ഥാനാര്‍ഥി ആകാന്‍ സാധിച്ചില്ല എന്നാല്‍ ഞാന്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ബിജെപി പ്രവര്‍ത്തകരുടെയും മാനസികമായ സമ്മര്‍ദ്ദം എനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്താണ്. എന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും എന്നില്‍ നിന്ന് അകന്നു പോവുകയാണ് ചിലപ്പോള്‍ അത് എന്റെ സ്വഭാവത്തിന്റെ കുഴപ്പമായിരിക്കും.
എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവര്‍ത്തകരേയും ആര്‍എസ്എസ് പ്രവര്‍ത്തകരേയും ആ ഭൗതികശരീരം കാണാന്‍ പോലും അനുവദിക്കരുതെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എന്റെ ജീവിതത്തില്‍ പറ്റി ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ് ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത് അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.
