എംപിമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ച ഗവര്‍ണര്‍; കേന്ദ്ര ധനമന്ത്രിയെ കേരള ഹൗസിലെത്തിച്ച അപൂര്‍വ്വത; 12000 കോടി കടമെടുക്കാന്‍ അനുവദിച്ച മോദി കാരുണ്യം; ഗവര്‍ണറെ കൂടെ നിര്‍ത്തി നീങ്ങാന്‍ ഉറച്ച് പിണറായി; രാജഭവന്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ കേരള പുരസ്‌കാര ചടങ്ങും; അര്‍ലേക്കറും പിണറായിയും വീണ്ടും ഒരുമിക്കും

Update: 2025-03-16 13:02 GMT

തിരുവനന്തപുരം: രാജ്ഭവനുമായി സംസ്ഥാന സര്‍ക്കാരിനുള്ളത് ഊഷ്മള ബന്ധം തന്നെ. സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളായ കേരള പുരസ്‌കാര സമര്‍പ്പണ ചടങ്ങ് രാജ്ഭവനില്‍. നാളെ വൈകിട്ട് 5 മണിക്ക് രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിതരണം ചെയ്യും. എല്ലാ അര്‍ത്ഥത്തിലും ഗവര്‍ണറെ സര്‍ക്കാര്‍ ആംഗീകരിക്കുന്നുവെന്നതിന് തെളിവാണ് ഇത്. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനുമായുള്ള അനൗദ്യോഗിക ചര്‍ച്ചയില്‍ അടക്കം ഗവര്‍ണ്ണറും പങ്കെടുത്തിരുന്നു. അര്‍ലേക്കറും പിണറായിയും നല്ല സൗഹൃദത്തിലാണെന്ന സൂചന നല്‍കുന്നതാണ് ഇതിന് പിന്നാലെയുള്ള കേരള പുരസ്‌കാര സമര്‍പ്പണ ചടങ്ങ്. മുന്‍ വര്‍ഷങ്ങളിലും സര്‍ക്കാരുമായുള്ള പോരിനിടയിലും ഈ പുരസ്‌കാരം അന്ന് ഗവര്‍ണ്ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ആണ് നല്‍കിയത്. അപ്പോഴും വേദിയില്‍ പിണറായിയും ആരിഫ് മുഹമ്മദ് ഖാനും പങ്കുവച്ച ശരീരഭാഷ അടക്കം ചര്‍ച്ചയായിരുന്നു. പുതിയ ഗവര്‍ണര്‍ എത്തിയതോടെ ആ പ്രശ്‌നങ്ങള്‍ തീരുകയാണ്.

സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് വിവിധ മേഖലയിലെ വിശിഷ്ട വ്യക്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പരുസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള ജ്യോതി,കേരള പ്രഭ,കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് 2024 ലെ കേരള പുരസ്‌കാരങ്ങള്‍ നല്‍കുക. കേരള ജ്യോതി പുരസ്‌കാരത്തിന് എം കെ സാനുവാണ് (സാഹിത്യം) അര്‍ഹനായിരിക്കുന്നത്. എസ് സോമനാഥിനും (സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്),ഭുവനേശ്വരിക്കും (കൃഷി) കേരള പ്രഭ പുരസ്‌കാരങ്ങള്‍ ലഭിക്കും. കലാമണ്ഡലം വിമലാമേനോനും (കല) ഡോ ടി കെ ജയകുമാറിനും (ആരോഗ്യം) നാരായണഭട്ടതിരിക്കും (കലിഗ്രഫി),സഞ്ജു വിശ്വനാഥ് സാംസണും (കായികം),ഷൈജ ബേബിക്കും (സാമൂഹ്യ സേവനം) വി കെ മാത്യൂസിനും (വ്യവസായ-വാണിജ്യം) കേരള ശ്രീ പുരസ്‌കാരങ്ങള്‍ ലഭിക്കും. ഗവര്‍ണറുമായി നിരന്തരം വേദി പങ്കിട്ട് രാജ്ഭവനുമായുള്ള സൗഹൃദം പുതിയ തലത്തിലെത്തിക്കാനാണ് പിണറായിയുടെ തീരുമാനം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം കീരിയും പാമ്പും പോലെ പെരുമാറിയിരുന്ന ഗവര്‍ണറെയും സര്‍ക്കാരിനെയും കണ്ടു പരിചയിച്ചവരെ ആശ്ചര്യപ്പെടുത്തുകയാണ് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നിലപാടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗവര്‍ണര്‍ ഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കേരളത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതോടെ കേന്ദ്രത്തില്‍നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 12000 കോടി കടമെടുക്കാന്‍ കേന്ദ്രം അതിവേഗം അംഗീകാരം നല്‍കി. ഗവര്‍ണറും മുഖ്യമന്ത്രി കൈകോര്‍ത്തതിനെ സംശയത്തോടെയും ആശങ്കയോടെയുമാണ് കോണ്‍ഗ്രസ് കാണുന്നത്. തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ ബിജെപിയുമായി പാലം പണിയുകയെന്ന സംശയം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ബിജെപിയുടെ നയങ്ങളെ പരസ്യമായി ചോദ്യം ചെയ്ത് ഗവര്‍ണറുമായി അടുത്ത് കേരളത്തിന്റെ വികസന സ്വപ്‌നം സഫലമാക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ഇതിനിടെ പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ കേന്ദ്രത്തിനെതിരായ നീക്കത്തില്‍ തമിഴ്നാടിന് ഒപ്പം നില്‍ക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 22ന് ചെന്നൈയില്‍ നടക്കുന്ന യോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കൂടുതല്‍ കടമെടുപ്പിനുള്ള അനുമതിയും മറ്റും കേന്ദ്രത്തില്‍നിന്ന് ഏതു വിധേനയും നേടിയെടുക്കുകയെന്നതു സര്‍ക്കാരിന്റെ നിലനില്‍പ്പിനു തന്നെ അനിവാര്യമായിരുന്നു. അതാണ് അര്‍ലേക്കറിന്റെ സാന്നിധ്യത്തിലെ നിര്‍മലാ സീതാരാമനുമായുള്ള ചര്‍ച്ചയില്‍ പിണറായി നേടിയെടുത്തത്. ഫണ്ട് ലഭിക്കാന്‍ വൈകിയതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാരിനു നേരിടേണ്ടിവന്നത്. തുടര്‍ന്ന് വിഷയങ്ങള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തി. ഇതോടെ ഡല്‍ഹിയില്‍ ഗവര്‍ണര്‍ കേരളത്തില്‍നിന്നുള്ള എംപിയാരുടെ യോഗം വിളിച്ചു. ആദ്യമായാണ് ഗവര്‍ണറുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം വിളിച്ച് വിഷയങ്ങള്‍ ചോദിച്ചറിയുന്നത്. അടുത്ത ദിവസം ഗവര്‍ണര്‍ താമസിച്ചിരുന്ന കോരളാ ഹൗസിലേക്ക് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തി. മുഖ്യമന്ത്രിയും കേരളത്തിന്റെ പ്രതിനിധി കെ.വി.തോമസും ഗവര്‍ണറുടെ സാന്നിധ്യത്തില്‍ നിര്‍മല സീതാരാമനോടു ആവശ്യങ്ങള്‍ ഒന്നൊന്നായി അറിയിച്ചു. ആര്‍എസ്എസിലൂടെ ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവായ രാജേന്ദ്ര അര്‍ലേക്കര്‍ തന്നെ നേരിട്ടു ധനമന്ത്രിയോടു കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ 12000 കോടിയുടെ കടമെടുക്കാനും കേരളത്തിന് കഴിഞ്ഞു.

Tags:    

Similar News