പിണറായിയെന്ന സൂര്യന്‍ കെട്ടു; ആഭ്യന്തരം ഭരിക്കാനുള്ള അര്‍ഹത മുഖ്യമന്ത്രിക്കില്ല; കെട്ടവരുടെ കൈയ്യില്‍ നിന്നും നല്ലവരുടെ കൈയ്യിലേക്ക് പാര്‍ട്ടി എത്തും; എകെജി സെന്റര്‍ തകര്‍ക്കാനുള്ള തെളിവ് കൈയ്യിലുണ്ട്; സിപിഎമ്മില്‍ റിയാസ് മാത്രം മതിയോ? ഗോവിന്ദന്‍ അടിമ; അന്‍വര്‍ യുദ്ധപ്രഖ്യാപനത്തില്‍

രു കൊമ്പനും കീഴടങ്ങില്ല. പാര്‍ട്ടിയില്‍ റിയാസ് മാത്രം മതിയോ എന്ന ചോദ്യവുമായി പിണറായി കുടുംബത്തേയും വെട്ടിലാക്കുകായണ് അന്‍വര്‍.

By :  Remesh
Update: 2024-09-26 12:37 GMT

തിരുവനന്തപുരം: കെട്ടവരുടെ കൈയ്യില്‍ നിന്നും നല്ലവരുടെ കൈയ്യിലേക്ക് പാര്‍ട്ടി എത്തുമെന്നതാണ് പിവി അന്‍വറിന്റെ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപര്‍വ്വതത്തിന്റെ മുകളിലാണ്. ഇത് എപ്പോള്‍ വേണമെങ്കിലും തകരും. എന്നാല്‍ പാര്‍ട്ടിയെ ഞാന്‍ തല്‍കാലം തകര്‍ക്കില്ല. അടിവേര് തകര്‍ക്കില്ല. എകെജി സെന്ററിനെ പൊളിക്കാനുള്ള തെളിവുകള്‍ ഉണ്ട്. അത് ഞാന്‍ പുറത്തു വിടില്ല. കാരണം സിപിഎം ഇവിടെ വേണം. എന്നെ തര്‍ക്കാന്‍ ശ്രമിച്ചാല്‍ അതെല്ലാം പുറത്തു വിടും-അന്‍വര്‍ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും വെട്ടിലാക്കുകയാണ് അന്‍വര്‍. എന്റെ പാര്‍ട്ടിയെന്നാല്‍ പാര്‍ട്ടി സഖാക്കളാണ്. അതിന് മുകളിലുള്ള മേല്‍ക്കൂര മാത്രമാണ് നേതാക്കള്‍-അന്‍വര്‍ പറഞ്ഞു. തട്ടിപ്പിന്റെ കാര്യത്തില്‍ കേരളത്തിലെ നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും അന്‍വര്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ അവസാന സിപിഎം മുഖ്യമന്ത്രിയായി പിണറായി വിജയനായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. സിപിഎം നിലനില്‍ക്കും. എന്നാല്‍ റിയാസ് മാത്രം വളരുന്ന തരത്തിലാണ് ചിലരുടെ പോക്ക്. അങ്ങനെ യുദ്ധപ്രഖ്യാപനം നടത്തുകയാണ് അന്‍വര്‍.

കേരളത്തില്‍ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. ആ സൂര്യന്‍ കെട്ടുപോയി എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ല്‍നിന്ന് പൂജ്യമായി താഴ്ന്നു. സിഎമ്മിനോട് കമ്മ്യൂണിസ്റ്റുകാര്‍ക്കും വെറുപ്പാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിന്‍ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ സിഎമ്മിന്റെ മുന്നില്‍ നിന്നും ശബ്ദം ഇടറി കരഞ്ഞു. അവിടെയിരുന്ന് കണ്ണൊക്കെ തുടച്ച് ശാന്തനായി. അജിത് കുമാറിനെ അന്വേണത്തില്‍ നിന്നും മാറ്റിനിര്‍ത്തണനമെന്ന് ഞാന്‍ പറഞ്ഞു. ഡിജിപി സാധുവല്ലേയെന്നും ഞാന്‍ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് അപമാനമായി എന്നാണ് അന്‍വര്‍ പറയുന്നത്. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളേയും കടന്നാക്രമിച്ചാണ് അന്‍വര്‍ പത്ര സമ്മേളനം നടത്തിയത്. ദൈവത്തിനും പാവപ്പെട്ട മനുഷ്യര്‍ക്കും സഖാക്കള്‍ക്കും മാത്രമേ കീഴ്‌പ്പെടൂ. ഒരു കൊമ്പനും കീഴടങ്ങില്ല. പാര്‍ട്ടിയില്‍ റിയാസ് മാത്രം മതിയോ എന്ന ചോദ്യവുമായി പിണറായി കുടുംബത്തേയും വെട്ടിലാക്കുകായണ് അന്‍വര്‍.

എനിക്ക് ഈ ദുരന്തങ്ങളൊന്നും ഏറ്റെടുക്കേണ്ട കാര്യമില്ലായിരുന്നു. പാവപ്പെട്ട പാര്‍ട്ടി സഖാക്കളെയാണ് ഞാന്‍ ആലോചിച്ചത്. അതിനാലാണ് നിരന്തരം വാര്‍ത്താസമ്മേളനം നടത്തിയത്. ഇനി പി.വി. അന്‍വറിനെ നിലയ്ക്കുനിര്‍ത്താന്‍ യാതൊരു മാര്‍ഗവുമില്ല. എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിനു ചുറ്റുമാണ് ഈ സ്ഥലങ്ങള്‍. മഹാനായ സത്യസന്ധനായ ഏറ്റവും നല്ല ആത്മാര്‍ഥതയുള്ള മാതൃകപരമായി പ്രവര്‍ത്തിക്കുന്ന എഡിജിപി എല്ലാം വാങ്ങിയത് പണം കൊടുത്താണ്. ഒരു രൂപയുടെ ചെക്കില്ല. 10 ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അവനെ ഡിസ്മിസ് ചെയ്യണം. ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. എങ്ങോട്ടാ ഈ പോക്കെന്ന് പാര്‍ട്ടി സഖാക്കള്‍ ആലോചിക്കട്ടെ-ഇതാണ് അന്‍വറിന്റെ പ്രതികരണം. സഖാക്കളെ കൂട്ടെ കൂട്ടി സിപിഎമ്മിനെ വെട്ടിലാക്കുകായണ് അന്‍വറിന്റെ ശ്രമം. ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള യാതൊരു അര്‍ഹതയും മുഖ്യമന്ത്രിക്ക് ഇല്ലെന്നു കൂടി അന്‍വര്‍ പറഞ്ഞു.

ഞാന്‍ കമ്യൂണിസം പഠിച്ചിട്ടില്ല. 95 ശതമാനം സഖാക്കളും കമ്യൂണിസം പഠിച്ചിട്ടില്ല. പാര്‍ട്ടിയുടെ അടിസ്ഥാനമായ നയം പാവങ്ങളെ സ്‌നേഹിക്കുകയാണ്. വര്‍ഗീയതയ്ക്ക് എതിരെ ശക്തമായി നടപടികള്‍ എടുക്കുന്ന പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. എന്നാല്‍ പാര്‍ട്ടി പാര്‍ട്ടി എന്നു പറഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തി ആര്‍ക്കെതിരെയും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഗോവിന്ദന്‍ എന്ന സഖാവിന്റെ ഗതി ഇങ്ങനെയെങ്കില്‍ ബാക്കിയുള്ളവരുെട ഗതി എന്താണ്. എല്ലാവരും ഇവരുടെ അടിമകളായി നില്‍ക്കണം. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. എനിക്ക് വിഷമമുണ്ടാകും. ഞാന്‍ പ്രതികരിക്കും, പ്രതികരിച്ചു കൊണ്ടേയിരിക്കും. പാര്‍ട്ടി സഖാക്കള്‍ പ്രതികരിക്കരുത്, പൊലീസ് സ്റ്റേഷനില്‍ പോകേണ്ട വില്ലേജ് ഓഫിസില്‍ പോകേണ്ടയെന്നാണ് പറയുന്നത്. ഭയങ്കര സത്യസന്ധമായ ഭരണം. എല്ലാവര്‍ക്കും സമം. എന്ത് സമം? കമ്യൂണിസ്റ്റുകാരെ കേരളം മുഴുവന്‍ വേട്ടയാടുകയാണ്.

കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭയാനകമായ വിഷയം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ ഏറ്റവും വലിയ നേതാക്കന്മാരെല്ലാം ഒന്നാണ്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. അവരെ ബാധിക്കുന്ന വിഷയങ്ങള്‍ രാത്രി ഇവര്‍ ഷെയര്‍ ചെയ്യും. അതുകൊണ്ടാണ് ഇവിടെ പല കേസുകളും തെളിയാത്തത്. ഈ വിഷയം ആത്മാര്‍ഥമായി പ്രതിപക്ഷത്തെ ഒരു കക്ഷിയും ഏറ്റെടുത്തിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് നെഞ്ചത്തു വച്ചു പറയണം. ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്തത് അജിത് കുമാറാണ്. അജിത് കുമാറിന് ആരെങ്കിലും നിര്‍ദേശിച്ചിട്ടാകില്ലേ സീറ്റുണ്ടാക്കി കൊടുത്തത്.'' അന്‍വര്‍ പറഞ്ഞു.

സിപിഎം അഭ്യര്‍ഥന തള്ളി രണ്ടും കല്‍പ്പിച്ച് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന നടപടികളില്‍നിന്നും പരസ്യപ്രസ്താവനകളില്‍നിന്നും അന്‍വര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും എഡിജിപിക്കെതിരായ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ അന്‍വര്‍ തയാറായിരുന്നില്ല. ഇപ്പോഴത്തെ പത്ര സമ്മേളനത്തോടെ ഇടതു ക്യാമ്പില്‍ നിന്നും പുറത്തേക്ക് പോവുകയാണെന്ന സൂചനയാണ് അന്‍വര്‍ നല്‍കുന്നത്.

Tags:    

Similar News