കേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം; വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂര്‍ത്തിയാക്കാനാകൂ; അതിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകും; നാല് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി
കേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം
തിരുവനന്തപുരം: കേരളത്തിലെ വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കി മാറ്റും. അതിനുള്ള ആദ്യ ചുവടുവെപ്പാണ് ഇന്നു വെക്കുകയാണ്. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂര്‍ത്തിയാക്കാനാകൂ. അതിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടി നടന്നത്.
'എന്റെ സുഹൃത്തുക്കളെ' എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി സംസാരിച്ചത്. വികസിത ഭാരതത്തിനായി രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. നഗരങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. നഗരങ്ങളിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. പിഎം ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ 25 ലക്ഷം വീടുകള്‍ ലഭിച്ചു. പാവപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ പദ്ധതി നടപ്പാക്കുന്നു. വൈദ്യുതി നിരക്കില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി പിഎം സൂര്യഘര്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി.
പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മുമ്പ് സമ്പന്നര്‍ക്ക് മാത്രമുണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡ്, പിഎം സ്വനിധി പദ്ധതി വഴി തെരുവു കച്ചവടക്കാര്‍ക്ക് കൂടി ലഭ്യമായിരിക്കുകയാണെന്ന് മോദി പറഞ്ഞു. കേരളത്തില്‍ 10000 പേര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്. പുതിയ അമൃത് ഭാരത് ട്രെയിന്‍ സര്‍വീസ് കൂടി തുടങ്ങുന്നതോടെ, കേരളത്തിലെ റെയില്‍ഗതാഗതം കൂടുതല്‍ ദൃഢമാകുകയാണ്. തൃശൂര്‍- ഗുരുവായൂര്‍ ട്രെയിന്‍ കൂടി സര്‍വീസ് നടത്തുമ്പോള്‍ തീര്‍ത്ഥാടന രംഗത്തും വലിയ മെച്ചമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂന്ന് അമൃത് ഭാരത് ട്രൈനുകളുടെ ഫ്‌ലാഗ് ഓഫ് അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍,ഗുരുവായൂര്‍തൃശൂര്‍ പാസഞ്ചര്‍ എന്നിവയാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.
പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് പി.എം. സ്വനിധി വായ്പകളുടെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരത്തെ CSIR-NIIST ഇന്നൊവേഷന്‍, ടെക്നോളജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനവും മോദി നടത്തി.
'രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിരവധി ഇടപെടലുകള്‍ നടത്തുന്നു. നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പിലാക്കി.കേരളത്തില്‍ 25 ലക്ഷം നഗര വാസികള്‍ക്ക് വീട് ലഭിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് സൗജന്യ വൈദ്യുതി പദ്ധതി, സൗജന്യ ചികിത്സ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കി.ഇതിന്റെ ഗുണം കേരളത്തിലെ സാധാരണക്കാരായ ആളുകള്‍ക്കും ലഭിക്കുന്നുണ്ട്. കേരളത്തിലെ 25ലക്ഷത്തിലധികം നഗരവാസികള്‍ക്കും അടച്ചുറപ്പുള്ള വീടുകള്‍ കിട്ടിയെന്നും' പ്രധാനമന്ത്രിപറഞ്ഞു.
