എട്ട് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം; മഹാബലിപുരത്ത് മോദി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഷി സഞ്ചരിച്ച ഇഷ്ടവാഹനം; എസ്സിഒ ഉച്ചകോടിക്കായി തിയാന്‍ജിനില്‍ രണ്ട് ദിവസം തങ്ങിയ മോദിയുടെ യാത്രയ്ക്ക് ഒരുക്കിയതും അതേ ചെങ്കൊടിക്കാര്‍; വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ച് 'മെയ്ഡ് ഇന്‍ ചൈന' ഹോങ്ചി

വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ച് 'മെയ്ഡ് ഇന്‍ ചൈന' ഹോങ്ചി

Update: 2025-08-31 10:59 GMT

ടിയാന്‍ജിന്‍: എസ്സിഒ ഉച്ചകോടിക്കായി ടിയാന്‍ജിനില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കായി ചൈന ഒരുക്കിയത് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഇഷ്ടവാഹനം. ഔദ്യോഗിക സന്ദര്‍ശനങ്ങളില്‍ 'മെയ്ഡ് ഇന്‍ ചൈന' ഹോങ്ചി കാറിലായിരുന്നു മോദിയുടെ യാത്ര. റെഡ് ഫ്‌ലാഗ് (ചെങ്കൊടി) എന്നും അറിയപ്പെടുന്ന ഹോങ്ചി L5 കാര്‍, 2019-ല്‍ മഹാബലിപുരത്ത് പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചപ്പോള്‍ ചെന്നൈയില്‍ നിന്നുള്ള യാത്രയ്ക്ക് ഷി ഉപയോഗിച്ചതും ഇതേ വാഹനമായിരുന്നു. പ്രത്യേകമായി വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതായിരുന്നു ഇത്. അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ടിയാന്‍ജിന്‍ നഗരത്തില്‍ സഞ്ചരിക്കുന്നത് ചൈനീസ് നയതന്ത്ര ലൈസന്‍സ് പ്ലേറ്റുകളുള്ള തന്റെ പ്രസിഡന്‍ഷ്യല്‍ 'ഓറസ്' കാറിലായിരിക്കും. റഷ്യന്‍ വാഹന നിര്‍മാതാക്കളായ ഓറസ് മോട്ടോഴ്സ് നിര്‍മിച്ച ഒരു റെട്രോ-സ്‌റ്റൈല്‍ ആഡംബര വാഹനമാണ് ഓറസ്.

'ഹോങ്ചി' എന്ന ചൈനീസ് വാക്കിന്റെ അര്‍ഥം 'ചെങ്കൊടി' എന്നാണ്. മാവോ സെ തൂങ്ങിന്റെ കാലം മുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഉപയോഗിക്കുന്നത് 'ഹോങ്ചി'യാണ്. ചൈനീസ് നേതാക്കള്‍ വിമാനത്തിലും കാറിലും മാത്രമേ സഞ്ചരിക്കാറുള്ളു. ചൈനീസ് നയത്തിന്റെ ഭാഗമായി നേതാക്കള്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കാറില്ല. ഇക്കാരണത്തലാണ് ചെന്നൈയില്‍ നിന്നും മഹാബലിപുരം വരെ ഷി കാറില്‍ സഞ്ചരിച്ചത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കാറുള്ള കാഡല്ലാക്ക് കമ്പനിയുടെ 'ദി ബീസ്റ്റ്' എന്ന കാറിന് സമാനമാണ് 'ഹോങ്ചി'യും. എട്ട് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകുന്ന ഹോങ്ചി കാറിന് 18 അടി നീളവും 3152 കിലോ തൂക്കവുമാണുള്ളത്.

'മെയ്ഡ് ഇന്‍ ചൈന'യുടെ പ്രതീകമായ ഹോങ്ചിയുടെ ചരിത്രം 1958 മുതലാണ് ആരംഭിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ (സിപിസി) ഉന്നതര്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫസ്റ്റ് ഓട്ടോമോട്ടീവ് വര്‍ക്ക്‌സ് (FAW) ആണ് ഈ വാഹനം പുറത്തിറക്കിയത്. ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ മാവോ സേതുങ്ങിന്റെ കാലം മുതല്‍ നേതാക്കള്‍ ഉപയോഗിക്കുന്ന ഒരു ആഡംബര ചൈനീസ് കാറാണ് 'ഹോങ്ചി'. ചൈനീസ് ഭാഷയില്‍ 'ഹോങ്ചി' എന്നാല്‍ ചെങ്കൊടി എന്നാണര്‍ഥം.

1958-ല്‍ ചൈന ഫസ്റ്റ് ഓട്ടോ വര്‍ക്ക്‌സ് ഗ്രൂപ്പ് പുറത്തിറക്കിയ ഒരു ആഡംബര കാര്‍ ബ്രാന്‍ഡാണ് ഹോങ്ചി. ഏറ്റവും പഴക്കമുള്ള ചൈനീസ് പാസഞ്ചര്‍ കാര്‍ ബ്രാന്‍ഡായ ഇത്, വളരെക്കാലമായി ചൈനയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സന്ദര്‍ശകരായ പ്രമുഖരുടെയും ഔദ്യോഗിക വാഹനമാണ്. 1970-കളില്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ ചരിത്രപരമായ ചൈനാ സന്ദര്‍ശന വേളയില്‍ മാവോ ഇത് ഉപയോഗിച്ചിരുന്നു. എന്നാല്‍ 1990-കള്‍ മുതല്‍, ചൈനീസ് നേതാക്കള്‍ ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഈ ബ്രാന്‍ഡിന് പ്രചാരം കുറഞ്ഞു.

2012-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേഡര്‍മാരോട് നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ഷി, ചൈനയിലെ നേതാക്കള്‍ ചൈനീസ് കാറുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറഞ്ഞു. പ്രസിഡന്റ് ഷിയുടെ പ്രസംഗത്തിന് ശേഷം, 2013-ല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഒരു ഹോങ്കി എച്ച് 7 തന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ തുടങ്ങി. സന്ദര്‍ശകരായ വിദേശ നേതാക്കളുടെ വാഹനവ്യൂഹങ്ങള്‍ക്കായി ഹോങ്കി കാറുകള്‍ നല്‍കാനും ആരംഭിച്ചു.

റോള്‍സ് റോയ്‌സിനെ വെല്ലുവിളിക്കുന്ന ചൈനിസ് മോഡല്‍

ആഡംബരത്തിന്റെ അവസാന വാക്കായി വാഴ്ത്തപ്പെടുന്ന റോള്‍സ് റോയ്‌സിനെ വെല്ലുവിളിക്കുന്ന ചൈനീസ് ബ്രാന്‍ഡാണ് ഹോങ്ചി. റോള്‍സ് റോയ്‌സിന്റെ ഡിസൈന്‍ മേധാവി ഗൈല്‍സ് ടെയ്ലറെ ഒപ്പം ചേര്‍ത്താണ് ആഭ്യന്തര വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹോങ്ചി രാജ്യാന്തരതലത്തിലേക്കു ചിറകുവിരിച്ചത്.

സാംസ്‌കാരികമായും ചരിത്രപരമായും സമ്പന്ന പാരമ്പര്യത്തിന്റെ പകിട്ടുള്ള ഹോങ്ചി ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ എഫ്എഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എല്‍ ഫൈവ് പോലുള്ള ലിമൊസിനുകള്‍ നിര്‍മിച്ചു നല്‍കുന്നതും ഹോങ്ചി തന്നെ.

ചൈനയിലെ അതിസമ്പന്നരെ ലക്ഷ്യമിട്ടാണു ഹോങ്ക്വിയുടെ അത്യാഡംബര കാറിന്റെ വരവെന്നു കമ്പനിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റും ചീഫ് ക്രിയേറ്റീവ് ഓഫിസറുമായി മ്യൂണിച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെയ്‌ലര്‍ വ്യക്തമാക്കിയിരുന്നു. പരമ്പരാഗതമായി റോള്‍സ് റോയ്‌സ് വാങ്ങുന്നവരെയാണ് ലക്ഷ്യമിട്ടത്.

ലോകം ചുറ്റുന്ന ഹോങ്ചി

2014ല്‍ ന്യൂസിലന്‍ഡ് സന്ദര്‍ശിച്ച വേളയില്‍ 'ഹോങ്ചി'യുടെ എല്‍5 കാറുകളാണ് ഷി ഉപയോഗിച്ചിരുന്നത്. തെക്ക്- കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പസിഫിക്ക് രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയ സമയത്തും 'ഹോങ്ചി'യിലായിരുന്നു ഷി സഞ്ചരിച്ചത്. ഇത്തരത്തില്‍ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശ വേളകളില്‍ 'ഹോങ്ചി' കാറുകള്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ കാറിന്റെ പ്രചാരണം കൂടി ചൈനീസ് പ്രസിഡന്റ് ലക്ഷ്യമിടുന്നുണ്ടാകും. ബെയ്ജിങിലെ ചൈന വിദേശകാര്യ സര്‍വകലാശാല പ്രൊഫസറായ സു ഹവോയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിദേശ നിര്‍മിത ടയറുകള്‍ ചൈനീസ് കാറുകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശം പാര്‍ട്ടി കേഡറുകള്‍ക്ക് 2012ല്‍ ഷി നല്‍കിയിരുന്നു.

Tags:    

Similar News