500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം; അഞ്ചാം തലമുറ എഫ്.-35 യുദ്ധവിമാനവും; മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ സുപ്രധാന പ്രഖ്യാപനം; 'മാഗ + മിഗ = മെഗാ' സമവാക്യം അവതരിപ്പിച്ച് മോദി
'മാഗ + മിഗ = മെഗാ' സമവാക്യം അവതരിപ്പിച്ച് മോദി
വാഷിങ്ടന്‍: ഇന്ത്യ - യുഎസ് ഉഭയകക്ഷി ബന്ധത്തെപ്പറ്റി യുഎസ് പര്യടനത്തില്‍ പുതിയ 'സൂത്രവാക്യം' അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് 'മാഗ+മിഗ=മെഗാ' എന്ന സൂത്രവാക്യവുമായി മോദി രംഗത്തെത്തിയത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങള്‍ ചേര്‍ത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാര്‍ത്തിയത്.
''ട്രംപിന്റെ മാഗ (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) എന്ന മുദ്രാവാക്യത്തെക്കുറിച്ച് അമേരിക്കയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കു മുന്നേറുന്ന ഇന്ത്യയിലെ ജനങ്ങളും പൈതൃകത്തിലും വികസനത്തിലും ശ്രദ്ധിക്കുന്നു. അമേരിക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഇതു മിഗ (മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക) എന്നാണ്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള 'മെഗാ' പങ്കാളിത്തമായി മാറും'' മോദി പറഞ്ഞു.
2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മില്‍ 500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും പ്രഖ്യാപിച്ചു. വികസനം, ഉല്‍പ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ മേഖലകളില്‍ സംയുക്തമായി രണ്ട് രാജ്യങ്ങളും മുന്നോട്ടു പോകുന്നുണ്ടെന്നു മോദി പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോര്‍ജ മേഖലയിലും സഹകരണം വിപുലമാക്കാനാണു തീരുമാനം.
അതേസമയം, ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ബിസിനസിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വൈറ്റ് ഹൗസില്‍ വച്ചായിരുന്നു മോദിയും ട്രംപുമായുളള കൂടിക്കാഴ്ച്ച നടന്നത്. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പരസ്പരം വാനോളം പുകഴ്ത്തിയാണ് ഇരുവരും സംസാരിച്ചത്.
അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇന്ധനം വാങ്ങാനും കരാറായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയിലും നികുതി തീരുമാനങ്ങളിലും ട്രംപ് ഇളവിന് തയാറായിട്ടില്ല. അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും അതെ നികുതി തിരികെ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
വ്യാപാര കാര്യത്തില്‍ ശത്രു രാജ്യങ്ങളെക്കാള്‍ മോശമാണ് സഖ്യ രാജ്യങ്ങളെന്ന് പറഞ്ഞ ട്രംപ് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.വികസനം, ഉല്‍പ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ മേഖലകളില്‍ സംയുക്തമായി ഇന്ത്യയും യുഎസും മുന്നോട്ടു പോകുന്നുണ്ടെന്നു മോദി പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോര്‍ജ മേഖലയിലും സഹകരണം വിപുലമാക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.
ട്രംപും മോദിയുമായുളള കൂടിക്കാഴ്ചയില്‍ വ്യാപാര നയതന്ത്ര മേഖലകളില്‍ സുപ്രധാന പ്രഖ്യാപനങ്ങളാണുണ്ടായത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് ഉടന്‍ തന്നെ കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അമേരിക്കയിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുകയാണ് തഹാവൂര്‍ റാണ. റാണയെ കൈമാറണമെന്ന് വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. തഹാവൂര്‍ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ ഏറെക്കാലമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു.
'26/11 മുംബൈ ഭീകരാക്രമണത്തിലെ വളരെ അപകടകാരിയായ ആളെ ഞങ്ങള്‍ ഇന്ത്യക്ക് കൈമാറുകയാണ്'- ട്രംപ് പറഞ്ഞു. ഭീകരാക്രമണ കേസ് പ്രതിയെ കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. റാണയെ കൈമാറുന്നത് സ്ഥിരീകരിച്ച ട്രംപിന് നന്ദി അറിയിച്ചു. മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയെ ഇന്ത്യയില്‍ ചോദ്യം ചെയ്യുന്നതിനും വിചാരണ ചെയ്യുന്നതിനുമായുള്ള നടപടികള്‍ വേഗത്തിലാക്കിയതിന് പ്രസിഡന്റ് ട്രംപിന് നന്ദിയെന്നാണ് മോദി പറഞ്ഞത്.
പാകിസ്ഥാന്‍ വംശജനായ വ്യവസായിയാണ് തഹാവൂര്‍ റാണ. 2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനെ ഇനി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യും. ഇന്ത്യയില്‍ വിചാരണയും നടത്തും. പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളുമായും അവരുടെ നേതാക്കളുമായും റാണ ബന്ധപ്പെട്ടിരുന്നുവെന്നും ഗൂഢാലോചന നടത്തിയവരില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും ഉള്‍പ്പെടുന്നുവെന്നുമാണ് കണ്ടെത്തല്‍. ഹെഡ്ലി നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. 64 കാരനായ തഹാവൂര്‍ റാണ നിലവില്‍ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.
സുപ്രധാന തീരുമാനങ്ങള്‍
വ്യാപാരം: 500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ യു.എസില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഓയിലും ഗ്യാസും ഇറക്കുമതി ചെയ്യാനുള്ള കരാറും യാഥാര്‍ഥ്യമാകും.
കുറ്റവാളിക്കൈമാറ്റം: 26/11 ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യം സാധ്യമാകും. റാണയെ കൈമാറാനുള്ള നടപടിക്ക് അംഗീകാരം നല്‍കിയതായി ട്രംപ് അറിയിച്ചിട്ടുണ്ട്.
പ്രതിരോധം: അഞ്ചാം തലമുറ എഫ്.-35 യുദ്ധവിമാനങ്ങള്‍ അമേരിക്ക, ഇന്ത്യക്ക് നല്‍കും. അതേസമയം, ഈ കരാറുമായി ബന്ധപ്പെട്ട നടപടികള്‍ പ്രാരംഭദിശയിലാണെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി പറഞ്ഞു. ജാവലിന്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍, സ്ട്രൈകര്‍ ഇന്‍ഫെന്ററി കോംബാറ്റ് വെഹിക്കിള്‍സ് എന്നിവ വാങ്ങാനും അവയുടെ സംയുക്ത നിര്‍മാണത്തിനുമുള്ള നീക്കങ്ങളെക്കുറിച്ചും പ്രഖ്യാപനമുണ്ട്
മെഗാ: മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (എം.എ.ഗി.എ.), മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ (എം.ഐ.ഗി.എ.) മായി ചേര്‍ന്ന് ഇരുരാജ്യങ്ങളുടെയും മെഗാ പാര്‍ട്ണര്‍ഷിപ്പിന് കളമൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യ-യുക്രൈന്‍ യുദ്ധം: ഇന്ത്യ നിഷ്പക്ഷമാണെന്നാണ് ലോകം കരുതുന്നത്. എന്നാല്‍, ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യക്ക് ഒരു നിലപാടുണ്ട്, അത് സമാധാനത്തിന്റേതാണ് എന്നായിരുന്നു റഷ്യ-യുക്രൈന്‍ യുദ്ധത്തേക്കുറിച്ചും ഇന്ത്യന്‍ നിലപാടിനേക്കുറിച്ചുമുള്ള ചോദ്യത്തിന് മോദിയുടെ മറുപടി. റഷ്യ-യുക്രൈന്‍ വിഷയം പരിഹരിക്കാനുള്ള ട്രംപിന്റെ നീക്കത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ബംഗ്ലാദേശ് വിഷയം: ബംഗ്ലാദേശിലെ ആഭ്യന്തരസംഘര്‍ഷം, മുന്‍പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ പലായനം എന്നിവയില്‍ യു.എസിന് പങ്കുണ്ടെന്ന ആരോപണം ട്രംപ് തള്ളി. ബംഗ്ലാദേശ് ഞാന്‍ പ്രധാനമന്ത്രി മോദിക്ക് വിട്ടുനല്‍കുന്നു എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
കുടിയേറ്റം: അമേരിക്കയില്‍ അനധികൃതമായി കഴിയുന്നുവെന്ന് കണ്ടെത്തി തിരിച്ചയച്ച ഇന്ത്യന്‍ പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ ഇന്ത്യ പൂര്‍ണമായും സജ്ജമായിരുന്നെന്ന് മോദി. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യ-ചൈന എല്‍.എ.സി.: ഇന്ത്യയും ചൈനയും തമ്മില്‍ എല്‍.എ.സിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇടപെടാനുള്ള സന്നദ്ധതയും ട്രംപ് മുന്നോട്ടുവെച്ചു. തനിക്ക് സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സന്തോഷമേയുള്ളൂ. കാരണം, തര്‍ക്കം അവസാനിപ്പിക്കേണ്ടതാണ്. അത് സംഘര്‍ഷപൂര്‍ണമാണ് എല്‍.എ.സി. വിഷയത്തെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.