'ആക്രമണം നടത്തിയത് കശ്മീരിന്റെ വികസനം ഇഷ്ടപ്പെടാത്തവര്‍; അവരാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍; അക്രമിച്ചവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കും; ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍
ആക്രമണം നടത്തിയത് കശ്മീരിന്റെ വികസനം ഇഷ്ടപ്പെടാത്തവര്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും ഭീകരര്‍ക്ക് തക്കതായ ശിക്ഷ നല്‍മെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിലെ പഹല്‍ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കി. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണം പാകിസ്ഥാന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ 'മന്‍ കി ബാത്തി'ല്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചത്. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും ലോകരാജ്യങ്ങളുടെയെല്ലാം പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമത്തിനു ശേഷം ഇന്ത്യയില്‍ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു. ലോക രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തില്‍ ലോകം മുഴുവന്‍ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പല ലോകനേതാക്കളും എന്നെ ഫോണില്‍ ബന്ധപ്പെട്ടു, ചിലര്‍ കത്തെഴുതി, സന്ദേശങ്ങള്‍ അയച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി, പിന്തുണ അറിയിച്ചു. ഭീകരവാദത്തിനെതിരെ പോരാടാന്‍ 140 കോടി ഇന്ത്യന്‍ ജനങ്ങള്‍ക്കൊപ്പം ഈ ലോകം മുഴുവന്‍ കൂടെയുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഞാന്‍ വീണ്ടും ഉറപ്പ് നല്‍കുകയാണ്, അവര്‍ക്ക് നീതി ലഭിക്കും. ഈ ആക്രമണത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് പരുഷമായ രീതിയിലുള്ള മറുപടി തന്നെ ലഭിക്കും, പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരില്‍ സമാധാനവും വികസനവും തിരികെ എത്തിയ സമയത്താണ് ആക്രമണം നടന്നത്. സ്‌കൂളുകളും കോളേജുകളും സാധാരണഗതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. വിനോദസഞ്ചാരം തിരികിയെത്തി, സഞ്ചാരികള്‍ എത്തിത്തുടങ്ങി. ജനാധിപത്യം ശക്തിപ്രാപിച്ചു. ഇതൊന്നും ഇഷ്ടപ്പെടാത്തവരാണ് ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരാണ് ഈ രാജ്യത്തിന്റെ, ജമ്മു-കശ്മീരിന്റെ യഥാര്‍ഥ ശത്രുക്കള്‍, പ്രധാനമന്ത്രി പറഞ്ഞു.