മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനയുടെ അനുച്ഛേദം 32 അനുസരിച്ച് അധികാരപരിധിയുണ്ടെങ്കിലും എന്‍ഇപി പോലുള്ള പ്രത്യേക നയം സ്വീകരിക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയില്‍ പ്രതീക്ഷ; പിഎം ശ്രീയില്‍ നിയമ യുദ്ധത്തിന് കേരളം; തമിഴ്‌നാടുമായി ആലോചിച്ച് നടപടികള്‍

Update: 2025-05-11 03:49 GMT

തിരുവനന്തപുരം: പിഎം-ശ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ സമഗ്ര ശിക്ഷാ കേരളത്തിനുള്ള (എസ്എസ്‌കെ) ഫണ്ട് തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. പിഎം-ശ്രീയില്‍ ധാരണാപത്രം ഒപ്പിടാത്തതിനാല്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള 1,500.27 കോടി രൂപയുടെ സഹായമാണ് തടഞ്ഞത്. നിയമപ്പോരാട്ടത്തിന് തമിഴ്‌നാടിന്റെ സഹകരണം തേടാനാണ് കേരളത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഇതിനുള്ള നീക്കം തുടങ്ങി. തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അന്‍പില്‍ മഹേഷ് പൊയ്യാമൊഴിയുമായി രണ്ടുതവണ ഫോണില്‍ ശിവന്‍കുട്ടി സംസാരിച്ചു. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതു ചര്‍ച്ചചെയ്യാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.

എന്‍ഇപി നടപ്പാക്കാന്‍ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനയുടെ അനുച്ഛേദം 32 അനുസരിച്ച് അധികാരപരിധിയുണ്ടെങ്കിലും എന്‍ഇപി പോലുള്ള പ്രത്യേക നയം സ്വീകരിക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്ര സഹായം നല്‍കാന്‍ നിര്‍ബന്ധിതമാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സഹായം തടഞ്ഞത് ചര്‍ച്ചചെയ്യാന്‍ മന്ത്രി ശിവന്‍കുട്ടി ഡല്‍ഹിയില്‍ ചെന്നപ്പോള്‍ പദ്ധതിയില്‍ ഒപ്പിട്ടാല്‍ പണം നല്‍കാമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ മറുപടി. സിപിഐയുടെ എതിര്‍പ്പ് കാരണമാണ് കരാറില്‍ കേരളം ഒപ്പിടാത്തതിന്റെ പ്രധാന കാരണം.

പിഎം ശ്രീ പദ്ധതി എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലാകെ 14,500 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന വികസന പദ്ധതിയാണ്. 2022ല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഈ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ അത് സ്ഥാപിക്കുകയും അതുപോലെ സയന്‍സ് ലാബ് ലാംഗ്വേജ് ലാബ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തില്‍ 338 സ്‌കൂളുകളിലാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുക. 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നവവിദ്യാഭ്യാസം നയത്തിന്റെ (എന്‍ഇപി) ഭാഗമായാണ് ഈ പദ്ധതിയും വരുന്നത്. ഈ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയും നടപ്പിലാക്കപ്പെടും. അതോടൊപ്പം തന്നെ സംസ്ഥാന സിലബസില്‍ നിന്ന് മാറി കേന്ദ്ര സിലബസ് പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ സ്‌കൂള്‍കോളജ് സിലബസുകളില്‍ സാഹിത്യം, ചരിത്രം, ശാസ്ത്രം ഈ വിഷയങ്ങള്‍ എല്ലാം തന്നെ അശാസ്ത്രീയതയും അന്ധവിശ്വാസവും വളര്‍ത്താന്‍ മാത്രം ഉതകുന്ന തരത്തില്‍ മാറ്റം വരുത്തിയാണ് വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഈ സിലബസുകള്‍ കൂടി പിഎം ശ്രീ പദ്ധതിയോടൊപ്പം നടപ്പിലാക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

ഇത് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ്. സമാവര്‍ത്തി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ ഭാഷ, സംസ്‌കാരം എന്നിവയ്ക്ക് അനുസരിച്ച് ആവശ്യമായ വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ അവകാശമുണ്ട്.ഈ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം.

പി എം ശ്രീ പദ്ധതി പ്രകാരം നടപ്പിലാക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളും ലാംഗ്വേജ് സയന്‍സ് ലാബുകളും 2017ല്‍ തന്നെ നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ആരംഭിക്കുകയും എല്ലാ ഹയര്‍സെക്കന്‍ഡറി സെക്കന്‍ഡറി സ്‌കൂളുകളിലും ഇവ നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരില്‍ പൊതു പങ്കാളിത്തത്തോടെ 2017 ജനുവരി 27ന് ആരംഭിച്ച പദ്ധതി പ്രകാരം കേരളത്തിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും സെക്കന്‍ഡറി സ്‌കൂളുകളും നവീകരിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ പി എം ശ്രീ പദ്ധതിക്ക് കേരളത്തില്‍ ഒരു പ്രസക്തിയും ഇല്ല.അപ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ നയങ്ങള്‍ മറ്റൊരു പേരില്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം എന്ന് വ്യക്തമാകുന്നുവെന്നും കേരളം വിലയിരുത്തുന്നു.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാത്തതിന്റെ പേരില്‍ കേരളത്തിന് അര്‍ഹമായ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവയ്ക്കുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് പൊതു വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 1500 കോടി രൂപയില്‍ അധികം കുടിശിക നല്‍കാനുണ്ട്. ഇത് സമഗ്ര ശിക്ഷ കേരള എസ്എസ്‌കെ പദ്ധതി പ്രകാരം അനുവദിച്ച തുകയാണ്. ഈ പദ്ധതിയില്‍ 2023-24വര്‍ഷത്തെ അവസാന ഗഡു അടക്കം വെച്ചിരിക്കുകയാണ്. ഈ തുക തടഞ്ഞു വച്ചതോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം, സ്‌കൂള്‍ ലൈബ്രറി ഗ്രാന്‍ഡ്, ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഗ്രാന്റുകളും പെണ്‍കുട്ടികള്‍ക്കുള്ള സ്റ്റെപ്പെന്റുകളും, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനങ്ങള്‍, പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങി അധ്യാപക പരിശീലനവും ജീവനക്കാരുടെ ശമ്പളവും പോലും മുടങ്ങുന്ന അവസ്ഥയാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയെ കേരളം സമീപിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ക്ക് വിധേയമാണ്. കേരളം മാത്രമല്ല തമിഴ്നാട് , ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ ഒരുക്കമല്ല. കാരണം ഈ പദ്ധതി സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ സിലബസ് സ്‌കൂളുകളില്‍ നടപ്പിലാക്കുക എന്ന ഫെഡറല്‍ രീതിക്ക് വിരുദ്ധമായതിനാലാണ് മറ്റു സംസ്ഥാനങ്ങളും ശ്രീ പദ്ധതിയെ എതിര്‍ക്കുന്നത്. ഈ സംസ്ഥാനങ്ങളുടെ പിന്തുണയും കേരളം പ്രതീക്ഷിക്കുന്നുണ്ട്.

Tags:    

Similar News