സെക്‌സ് ജോക്കുകള്‍ കലര്‍ത്തി ക്ലാസുകള്‍; ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; എം എസ് സൊല്യൂഷന്‍സ് സി ഇ ഒക്കെതിരെ കൊടുവള്ളി പൊലീസ് അന്വേഷണം; ക്ലാസില്‍ തമാശ പറയുമെന്നല്ലാതെ അശ്ലീലം പറയാറില്ലെന്ന് സി ഇ ഒ ഷുഹൈബ്

എം എസ് സൊല്യൂഷന്‍സ് സി ഇ ഒക്കെതിരെ കൊടുവള്ളി പൊലീസ് അന്വേഷണം

Update: 2024-12-19 11:53 GMT

കോഴിക്കോട്: കോവിഡ്കാലത്തിനുശേഷം കേരളത്തില്‍ വളര്‍ന്ന പുതിയൊരു സംഭവമാണ് ഓണ്‍ലൈന്‍ എജുക്കേഷന്‍ പ്ലാറ്റ്‌ഫോമുകള്‍. യു ട്യൂബിലൂടെയും, വാട്‌സാപ്പിലൂടെയും, ആപ്പുകളിലൂടെയും ഇവര്‍ നടത്തുന്ന ട്യൂഷന് ഏറെ വിദ്യാര്‍ത്ഥികളുണ്ട്. അശ്ളീല തമാശകള്‍ പറഞ്ഞ് കുട്ടികളെ ആകര്‍ഷിക്കുന്ന ഇവരുടെ രീതിയെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ട്. സെക്സ് ജോക്കുകള്‍ പറഞ്ഞാണ് ഒരു പ്രമുഖചാനലില്‍ മാത്സ് ക്ലാസുകള്‍ തന്നെ നടക്കുന്നത്. ഇവര്‍ തമ്മിലുള്ള കിടമത്സരം വര്‍ധിച്ചതോടെ ഇപ്പോള്‍ ചോദ്യപേപ്പര്‍വരെ ചോരുകയാണ്. പത്താംക്ലാസില്‍, ക്രിസ്മസ് പരീക്ഷയുടെ പത്താംക്ലാസില്‍ ഇംഗ്ലീഷിന്റെയും പ്ലസ് വണ്ണില്‍ ഗണിതത്തിന്റെയും ചോദ്യങ്ങള്‍ ചോര്‍ന്നിരിക്കയാണ്്. ആരോപണങ്ങള്‍ ഏറെയും കോഴിക്കോട്ടെ എം എസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് നേരേയാണ്.

ഇപ്പോള്‍, ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനെതിരെ കൊടുവള്ളി പൊലീസ് നടപടി ആരംഭിച്ചു. അശ്ലീല പരാമര്‍ശം നടത്തിയെന്നാരോപിച്ച് എഐവൈഎഫാണു പരാതി നല്‍കിയത്. ചോദ്യക്കടലാസ് ചോര്‍ത്തിയെന്ന കേസില്‍ എംഎസ് സൊല്യൂഷന്‍സിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കൊടുവള്ളി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്.

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും പാഠഭാഗങ്ങള്‍ അശ്ലീലം കലര്‍ത്തിയാണു പഠിപ്പിക്കുന്നതെന്നും ആരോപിച്ചാണു പരാതി നല്‍കിയത്. ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് എഐവൈഎഫ് പരാതിയുമായി എത്തിയത്.

മുണ്ടുപൊക്കുന്നതുള്‍പ്പെടെയുള്ള വിഡിയോ ആണ് യുട്യൂബില്‍ ഷെയര്‍ ചെയ്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ സമൂഹമാധ്യമത്തില്‍ നിന്നുള്‍പ്പെടെ വീഡിയോകള്‍ നീക്കം ചെയ്തു. വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് മെറ്റയോടു പൊലീസ് ആവശ്യപ്പെട്ടു. എംഎസ് സൊല്യൂഷന്‍സിന്റെ യുട്യൂബ് അക്കൗണ്ടിന് 1.31 മില്യന്‍ സബ്‌സ്‌േ്രൈകബഴ്‌സുണ്ട്. ചൊവ്വാഴ്ച രാത്രിയും യുട്യൂബിലൂടെ ഷുഹൈബ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങള്‍ പങ്കുവച്ചു. 40 മാര്‍ക്കില്‍ 32 മാര്‍ക്കിന്റെ ചോദ്യവും ഷുഹൈബ് പറഞ്ഞതായിരുന്നു പരീക്ഷയ്ക്കു വന്നത്. ഇതോടെ കെമിസ്ട്രിയുടെ ചോദ്യക്കടലാസും ചോര്‍ന്നുവെന്ന് ആരോപണമുയര്‍ന്നു.

എന്നാല്‍, താന്‍ ചോദ്യ പേപ്പര്‍ ഒരിക്കല്‍ പോലും ചോര്‍ത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷന്‍സിന്റെ സിഇഒ എം ഷുഹൈബ് പ്രതികരിച്ചു. ചോദ്യങ്ങള്‍ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ചോദ്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയില്‍ താന്‍ പ്രവചിച്ച നാലു ചോദ്യങ്ങള്‍ മാത്രമാണ് വന്നതെന്നും ഷുഹൈബ് പ്രതികരിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടക്കുമ്പോള്‍ കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ച് വീഡിയോ പുറത്തുവിട്ടത് വിദ്യാഭ്യാസ വകുപ്പിനോടുള്ള വെല്ലുവിളിയായി കാണേണ്ടതില്ല. ക്ലാസ് കാത്തിരുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ലൈവ് വന്നത്. മറ്റൊരു സ്ഥാപനമായ സൈലം പ്രവചിച്ച 18 ചോദ്യങ്ങള്‍ അതേ രീതിയില്‍ വന്നിട്ടും തന്നെ മാത്രം ക്രൂശിക്കുകയാണ്. ഈ മേഖലയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തപ്പെടുന്നുണ്ട് എന്ന് കരുതുന്നില്ല. സ്‌കൂള്‍ അധ്യാപകര്‍ ആരും സ്ഥാപനവുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്നില്ല. അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയ ക്ലാസുകള്‍ ഇതുവരെ എടുത്തിട്ടില്ലെന്നും ഷുഹൈബ് പറഞ്ഞു.

കുട്ടികള്‍ക്കായി തമാശ പറഞ്ഞു ക്ലാസ് എടുക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം പരാതിയില്‍ മറ്റു സ്ഥാപനങ്ങളുടെ പേരുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് തങ്ങള്‍ മാത്രമാണെന്നും പറയുന്നു. മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ച്ച പരാതി ഉയര്‍ന്നപ്പോളും ഇത് തന്നെയായിരുന്നു സ്ഥിതി. നിയമ നടപടികളുമായി സഹകരിച്ചു ക്ലാസുകളുമായി മുന്നോട്ട് പോകുമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ഷുഹൈബ് പറഞ്ഞു.

Tags:    

Similar News