ജിഹാദിന്റെ അര്‍ത്ഥം ആയുധമെടുക്കല്‍ അല്ലെന്ന പഴയ ന്യായീകരണങ്ങള്‍ക്ക് തിരുത്ത്; അള്ളാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുക എന്നു തന്നെയാണ് അര്‍ഥമെന്ന് പ്രബോധനം വാരിക; ജിഹാദിനെ ഹജ്ജിനോട് സമീകരിച്ച് ലേഖനം; ജമാഅത്തെ ഇസാലാമിയുടെ മുഖപത്രമായ വാരിക വിവാദത്തില്‍

ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ വാരിക വിവാദത്തില്‍

Update: 2025-05-03 17:11 GMT

കോഴിക്കോട്: മതം ചോദിച്ചു നിരപരാധികളായ മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, ജിഹാദ്, കലിമ എന്നീ വിഷയങ്ങളൊക്കെ പൊതുസമൂഹത്തിലും ഏറെ ചര്‍ച്ചയായ സമയമാണല്ലോ ഇത്. ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ മൗലാദ മൗദൂദിയാണ് ജിഹാദിനെ കുറിച്ചും മതരാഷ്ട്രവാദത്തെക്കുറിച്ചുമൊക്കെ ഏറ്റവും ശക്തമായി എഴുതിവെച്ചത്. എന്നാല്‍ ആധുനിക കാലത്തെ ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇത് അംഗീകരിക്കാറില്ല. അവര്‍ ജിഹാദ് എന്നാല്‍ അര്‍ത്ഥം ആയുധമെടുക്കല്‍ അല്ലെന്നുമൊക്കെപ്പറഞ്ഞ് സംവാദങ്ങളില്‍ നിന്ന് തടിയൂരുകയാണ് പതിവ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖ പത്രമായ പ്രബോധനം വാരികയുടെ പുതിയ ലക്കം ജിഹാദിന് അര്‍ത്ഥം അള്ളാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുക എന്നു തന്നെയാണ് പച്ചക്ക് പറയുന്നു.

പഹല്‍ഗാമില്‍ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചു ചര്‍ച്ച തുടര്‍ന്നു കൊണ്ടിരിക്കെ തന്നെ ജിഹാദിനെ മഹത്വവല്‍ക്കരിച്ചും പ്രോത്സാഹിപ്പിച്ചും പ്രബോധനം വാരിക രംഗത്ത് എത്തുന്നത്. 'പ്രബോധനം വാരിക പുതിയ ലക്കത്തില്‍ 'ജിഹാദും ഹജ്ജും' എന്ന ലേഖനത്തില്‍ കെ. മുഹമ്മദ് പാണ്ടിക്കാട് ( പേജ് 48. ലക്കം 3400-മെയ് രണ്ട്) ഇക്കാര്യം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. ഹജജ്് കര്‍മ്മത്തിനോടാണ് അദ്ദേഹം ജിഹാദിനെ ഉപമിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം ശക്തമാവുകമാണ്.

ഹജ്ജും ജിഹാദും സമീകരിക്കുന്നു

ജിഹാദിനെ ന്യായീകരിക്കുന്ന ഒരു ഹദീസോടെയാണ് ലേഖനം തുടങ്ങുന്നത്-'ഇബ്‌നു ഉമറില്‍ നിന്ന്: നബി (സ) പറഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പട വെട്ടുന്നവനും ഹജ് ചെയ്യുന്നവനും ഉംറ നിര്‍വഹിക്കുന്നവനും അല്ലാഹുവിന്റെ ദൗത്യ സംഘമാണ്. അവന്‍ അവരെ വിളിച്ചപ്പോള്‍ ഉത്തരം നല്‍കി. അവര്‍ അവനോട് ചോദിച്ചപ്പോള്‍ അവന്‍ അവര്‍ക്കു നല്‍കുകയും ചെയ്തു. (ഇബ്‌നു മാജ).

ഇത് ചൂണ്ടിക്കാട്ടി എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ പി ടി മുഹമ്മദ് സാദിഖ് ഇങ്ങനെ എഴുതുന്നു-'ജിഹാദിനു അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുക എന്നു തന്നെയാണ് അര്‍ഥമെന്നു ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നു. അര്‍ഥം അങ്ങനെയല്ലെന്നു ന്യായീകരിക്കാന്‍ ആരും വരില്ലെന്നു വിചാരിക്കുന്നു. ജിഹാദിന്റെ അര്‍ഥം ആയുധമെടുക്കല്‍ അല്ലെന്നു വിശദീകരിക്കാന്‍ ചില ജമാഅത്തെ ഇസ്ലാമിക്കാര്‍ മുമ്പു പാടുപെടുന്നതു കണ്ടിട്ടുണ്ട്.

ജിഹാദും ഹജ്ജും ഉംറയും ഇസ്ലാമില്‍ എത്രമേല്‍ മഹത്തരമാണെന്നു ഈ ഹദീസ് വ്യക്തമാക്കുന്നു എന്നു കാണിക്കാനാണ് പ്രബോധനത്തിലെ ഹദീസ് പഠന കോളത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹജ് സീസണ്‍ ആരംഭിച്ചിരിക്കെ വിശ്വാസികള്‍ക്കു ഇതില്‍ പാഠമുണ്ട്. ഈ സീസണിന്റെ മറ്റൊരു പ്രക്യേതകതയും ലേഖകനും പ്രബോധനം പത്രാധിപരും നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പഹല്‍ഗാമില്‍ ഇസ്ലാമിക തീവ്രവാദികള്‍ നിരപധാകിളെ മതം നോക്കി കൊന്നൊടുക്കിയ സന്ദര്‍ഭം.

ലേഖനത്തില്‍ നിന്ന്: ജിഹാദിനായി അല്ലാഹു വിശ്വാസികളെ ഇപ്രകാരം വിളിച്ചു. നിങ്ങള്‍ സാധന സാമഗ്രികള്‍ കൂടിയവരായാലും കുറഞ്ഞവരായാലും ഇറങ്ങിപ്പുറപ്പെടുക, നിങ്ങളുടെ ദേഹം കൊണ്ടും ധനം കൊണ്ടും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍. (ഖുര്‍ആന്‍ അധ്യായം ഒമ്പത്. വചനം 41). പോരാട്ടത്തില്‍ പരിക്കു പറ്റിയ ശേഷവും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളിക്ക് ഉത്തരം നല്‍കിയവരുണ്ട്. അവരില്‍ സല്‍്ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ട് എന്ന ഖുര്‍ആനിലെ മൂന്നാം അധ്യായത്തിലെ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന വചനവും ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുന്നതും ഹജ്ജും ഒരുപോലെയാണെന്നാണ് ഈ ലേഖനം പറയുന്നത്. ഹജ്ജും ജിഹാദും സമീകരിച്ചു മുസ്ലിം സമുദായത്തെ ഉല്‍ബോധിപ്പിക്കുമ്പോള്‍, ഹജ്ജിനു പോകാന്‍ പറ്റാത്ത ഏതെങ്കിലും മുസ്ലിം വാളെടുത്താല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഹജ്ജ് ചെയ്യണമെങ്കില്‍ ഇക്കാലത്ത് ചുരുങ്ങിയത് നാല് ലക്ഷം രൂപയെങ്കിലും വേണം. ഹജ്ജിനും ഉംറക്കുമുള്ള സാമ്പത്തിക ശേഷിയില്ല, എന്നാല്‍ ജിഹാദ് ചെയ്തു കളയാമെന്ന ഒരു ചിന്ത വിശ്വാസികള്‍ക്കു ഉണ്ടാകില്ല എന്നു പറയാന്‍ പറ്റില്ലല്ലോ. നമസ്‌കാരവും നോമ്പും ഹജുമൊക്കെ ജിഹാദിനുള്ള പരിശീലനമാണെന്നു ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅലാ മൗദൂദി ഖുതുബാത്ത് (പഠാന്‍ കോട്ടിലെ ജുമുഅ പ്രഭാഷണങ്ങള്‍) എന്ന പുസ്തകത്തില്‍ എഴുതിവെച്ചിട്ടുണ്ട്.

അക്ഷരാര്‍ഥത്തില്‍ മുസ്ലിംകളെ വാളെടുക്കാനും പടവെട്ടാനും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം അധ്യാപനങ്ങള്‍ ഇസ്ലാമിക തീവ്രവാദം ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പോടുമ്പോഴും പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്നു പഹല്‍ഹാഗം കൂട്ടക്കുരുതിയെ അപലപിക്കുന്ന ജമാഅത്തെ ഇസ്ലാമി അമീര്‍ പി. മുജീബുറഹ്‌മാന്‍ വിശദീകരിക്കുമോ?''- പി ടി മുഹമ്മദ് സാദിഖ് ചോദിക്കുന്നു. ഈ വിമര്‍ശനത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സജീവമാണ്.

Tags:    

Similar News