മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായി എന്നറിഞ്ഞു ആദ്യം ഓടിയെത്തിയ എംഎല്‍എ; മുഖ്യമന്ത്രിയും ദുരന്തം അറിഞ്ഞത് സിദ്ധിഖിന്റെ വാക്കുകളിലൂടെ; ദുരിതബാധിതരെ സഹായിക്കാന്‍ കൈ-മെയ് മറന്ന് നിന്നിട്ടും ഒടുവില്‍ നേരിട്ടത് അപമാനം; സഖാക്കളുടെ കുക്കൂവിളിയില്‍ കണ്ണുനിറഞ്ഞ് സിദ്ധിഖ്; ആശ്വസിപ്പിച്ചു ദുരിതബാധിതര്‍; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് സണ്ണി ജോസഫ്

മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായി എന്നറിഞ്ഞു ആദ്യം ഓടിയെത്തിയ എംഎല്‍എ

Update: 2026-03-02 03:52 GMT

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി ദുരന്തം ഉണ്ടായപ്പോള്‍ ആദ്യം അവിടെ ഓടിയെത്തിയ രാഷ്ട്രീയക്കാരില്‍ ഒരാള്‍ സ്ഥലം എംഎല്‍എയായിരുന്ന ടി സിദ്ധിഖായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ആ രാത്രിയില്‍ വിളിച്ചു ദുരന്തം അറിയിച്ചതും സിദ്ധിഖായിരുന്നു. പിന്നീട് അങ്ങോട്ട് അവിടെ ഓരോഘട്ടത്തിലും ദുരിതബാധിതരുടെ ആവശ്യങ്ങള്‍ക്കായി ഒപ്പം നിന്നു. പലസംഘടനകളുമായി സഹകരിച്ചു സഹായങ്ങള്‍ എത്തിക്കാന്‍ അവര്‍ക്കൊപ്പം നിന്നു. ഇത്രയും ജനകീയമായി ഇടപെട്ട എംഎല്‍എയെ നുണക്കഥ പറഞ്ഞ് അപമാനിക്കാന്‍ സിപിഎം പലതവണ ശ്രമിച്ചിരുന്നു.

ഒടുവില്‍ ദുരിതബാധികര്‍ക്ക് വീട് കൈമാറുന്ന ചടങ്ങില്‍ വെച്ച് ഒരുപറ്റം സഖാക്കള്‍ മനപ്പൂര്‍വ്വം കൂക്കുവിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചതോടെ കണ്ണു നിറഞ്ഞു സിദ്ധിഖിന്. ഈ കൂക്കുവിളിയില്‍ ഏറെ പ്രയാസപ്പെട്ട സിദ്ധിഖിനെ ആശ്വസിപ്പിക്കാന്‍ പക്ഷേ ആദ്യമെത്തിയത് ദുരിതബാധികര്‍ തന്നെയായിരുന്നു. തങ്ങള്‍ക്കൊപ്പം നിന്നവനെ തിരിച്ചറിയാമെന്നായിരുന്നു അവരുടെ വാക്കുകള്‍. സഖാക്കള്‍ അവഹേളിച്ചപ്പോള്‍ അവര്‍ സ്‌നേഹത്തോടെ സിദ്ധിഖിനെ ചേര്‍ത്തു നിര്‍ത്തി. ഞങ്ങള്‍ക്ക് അറിയാമല്ലോ എന്നായിരുന്നു സിദ്ദിഖിനോട് പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലും സംഭവത്തില്‍ സഖാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. അപ്പോഴും രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടാകും, വിമര്‍ശനങ്ങള്‍ ഉണ്ടാകും, എതിര്‍പ്പുകള്‍ ഉണ്ടാകും. എന്നാല്‍ സിദ്ദിഖ് എംഎല്‍എ പ്രസംഗിക്കുമ്പോള്‍ നാലുഭാഗത്തുനിന്നും കൂകിയ അടിമക്കമ്മികള്‍ ഉരുള്‍പൊട്ടലിനേക്കാള്‍ വലിയ ദുരന്തമാണെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയത്.

സ്വാഗതപ്രസംഗത്തില്‍ ചീഫ് സെക്രട്ടറി എ. ജയതിലക് എം.എല്‍.എ.യുടെ പേര് പരാമര്‍ശിച്ചപ്പോഴും പിന്നീടദ്ദേഹം പ്രസംഗിക്കുമ്പോഴും സദസ്സില്‍നിന്ന് ഒരുവിഭാഗം നിര്‍ത്താതെ കൂക്കിവിളിച്ചു. സദസ്സിന്റെ മുന്‍നിരയിലുണ്ടായിരുന്ന പ്രാദേശിക സി.പി.എം. നേതാക്കള്‍ സദസ്സിലേക്കിറങ്ങി കൂവല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെട്ടില്ല. കൂവല്‍ വകവെക്കാതെ പ്രസംഗം തുടര്‍ന്ന എം.എല്‍.എ., അതിജീവിതകുടുംബങ്ങളിലെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതുള്‍പ്പെടെ താന്‍ നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ചു. ദുരന്തബാധിതകുടുംബങ്ങളില്‍നിന്ന് അസ്വസ്ഥതയുടെ ഒരുശബ്ദംപോലും ഉണ്ടാകില്ലെന്നും മറ്റുള്ള അപശബ്ദങ്ങളെ താന്‍ കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തിയ മന്ത്രി കെ. രാജന്‍ വെറുതേ കല്ലിട്ടുപോകുന്നവരല്ല തങ്ങളെന്നും കല്ലിട്ടാല്‍ കല്ലിന്മേല്‍ കല്ലിട്ട് അത് വീടാക്കും, അത് അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുമെന്നും പറഞ്ഞപ്പോള്‍ വലിയ കൈയടി ഉയര്‍ന്നിരുന്നു. ഇത്രയും സന്തോഷകരമായ സന്ദര്‍ഭത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു പരാമര്‍ശം വേണ്ടായിരുന്നെന്ന് ഉദ്ഘാടനച്ചടങ്ങിനുശേഷം മാധ്യമങ്ങളെക്കണ്ട ടി. സിദ്ദിഖ് പറഞ്ഞു.

കൂക്കിവിളിക്കായി ആസൂത്രിതമായ ശ്രമം നടന്നെന്നും ജില്ലയ്ക്കു പുറത്തുനിന്നെത്തിയവരാണ് കൂവിയതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പേരുപറഞ്ഞപ്പോള്‍ ദുരന്തബാധിതര്‍ കൈയടിച്ചുവെന്നും സിദ്ദിഖ് പറഞ്ഞു. കൂക്കിവിളി നിയന്ത്രിക്കാന്‍ വേദിയിലെ ആരും ഇടപെടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ അവരുടെ ഔചിത്യമാണെന്നായിരുന്നു മറുപടി. ദുരന്തബാധിതര്‍ക്കായി പലരുംചേര്‍ന്ന് ഇതിനകം നൂറോളംവീടുകള്‍ നല്‍കിയിട്ടുണ്ടെന്നും ശനിയാഴ്ചയും 51 വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും ടി. സിദ്ദിഖ് പറഞ്ഞു.

ഇടതുപക്ഷപ്രവര്‍ത്തകരുടെ കൂക്കിവിളി അധഃപതനത്തിന്റെ തെളിവ് -സണ്ണി ജോസഫ്

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനച്ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കവേ ടി. സിദ്ദിഖിനെതിരേ സംഘടിതമായി ഇടതുപക്ഷപ്രവര്‍ത്തകര്‍ കൂക്കിവിളിച്ച നടപടി ഏറെ പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ പ്രതികരിച്ചു.

വയനാട് ദുരന്തംനടന്ന അന്നുരാത്രിമുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസപ്രവര്‍ത്തനത്തിനും ഉറക്കമൊഴിഞ്ഞ് നേതൃത്വം നല്‍കിയ ജനപ്രതിനിധിയാണ് ടി. സിദ്ദിഖ്. പൊതുപരിപാടിയില്‍ ജനപ്രതിനിധികളെ ബോധപൂര്‍വം അധിക്ഷേപിക്കുന്ന സി.പി.എം. സംസ്‌കാരം അവരുടെ അധഃപതനത്തിന്റെ തെളിവാണ്. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അതാവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കേണ്ടതായിരുന്നു. എന്നാല്‍, അവരുടെ മൗനം ഇത്തരം ജനാധിപത്യവിരുദ്ധനടപടികള്‍ക്ക് പിന്തുണ നല്‍കിയതിന് തെളിവാണ്. ഈ നടപടികള്‍ മുഴുവന്‍ ജനങ്ങളും രാഷ്ട്രീയവ്യത്യാസമില്ലാതെ വിലയിരുത്തേണ്ടതാണ്. മുഖ്യമന്ത്രിയും ചടങ്ങില്‍ അധ്യക്ഷനായിരുന്ന റവന്യൂമന്ത്രി കെ. രാജനും പരസ്യമായി മാപ്പുപറയണമെന്നും സണ്ണിജോസഫ് ആവശ്യപ്പെട്ടു.

സി.പി.എമ്മിന്റേത് എം.എല്‍.എ.യെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി. ടൗണ്‍ഷിപ്പ് ഉദ്ഘാടനവേദിയില്‍ ഉണ്ടായ സംഭവം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ടൗണ്‍ഷിപ്പ് ഏതെങ്കിലും ഒരുപാര്‍ട്ടിയുടേതല്ല. അങ്ങനെ വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് സി.പി.എം. നടത്തുന്നത്.എം.എല്‍.എ.യുടെ പേര് പറയുമ്പോഴെല്ലാം കൂക്കിവിളിക്കാന്‍ ആളെ ഏല്‍പ്പിച്ചവര്‍ സ്വയം അപഹാസ്യരാവുകയാണ് ചെയ്തത്. സ്ഥലം എം.എല്‍.എ.യായ ടി. സിദ്ദിഖ് പ്രോജക്ട് സൈറ്റ് സന്ദര്‍ശിച്ചതിനെ നേരത്തേ സി.പി.എം. ജില്ലാ സെക്രട്ടറിയടക്കം വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.എല്‍.എ. പണം നല്‍കിയില്ലെന്ന തരത്തില്‍ വ്യാജ ആരോപണം ഉന്നയിച്ചിരുന്നു.

Tags:    

Similar News