ഇത് എനിക്ക് ലോകത്തോളം വലുതാണ്, എനിക്കിതിന് കഴിയുമോ എന്ന് സംശയിച്ചു, ഈ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്; വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരില്‍ നിന്നുള്ള പാഠമാണ് ഇന്നിങ്‌സിന് സഹായകമായത്; പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങി വികാരാധീനനായി സഞ്ജു; ചേട്ടന്റെ ചരിത്ര ഇന്നിംഗ്‌സില്‍ സോഷ്യല്‍ മീഡിയ കത്തിച്ചു മലയാളികള്‍

ഇത് എനിക്ക് ലോകത്തോളം വലുതാണ്, എനിക്കിതിന് കഴിയുമോ എന്ന് സംശയിച്ചു

Update: 2026-03-02 02:02 GMT

കൊല്‍ക്കത്ത: വീണ്ടുമൊരു ഡു ഓര്‍ ഡൈ മാച്ച്.. അതില്‍ രക്ഷനായി മലയാളികളുടെ പ്രിയപ്പെട്ടവന്‍ സഞ്ജു സാംസണ്‍. കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് പ്രകടനത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്കും. മലയാളികള്‍ സന്തോഷം കൊണ്ട് ഇത്രയധികം തുള്ളിച്ചാടിയ ഒരു ദിവസമുണ്ടോ എന്നത് സംശയമാണ്. ഇത്തരമൊരു ഇന്നിംഗ്‌സിനായി കാത്തിരിക്കയായിരുന്നു മലയാളികള്‍. ഒരു കൃത്യമായ സമയത്ത് ആ പ്രകടനം എത്തി. 50 പന്തില്‍ നിന്നും 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

റൊമാരിയോ ഷെപ്പേര്‍ഡിനെ മിഡ്ഓണില്‍ ഫോറിനു പായിച്ച ശേഷം ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ സഞ്ജു സാംസണ്‍ മുട്ടുകുത്തി. ഹെല്‍മറ്റ് ഊരിയശേഷം രണ്ടു കൈയും ഉയര്‍ത്തി ആകാശത്തേയ്ക്ക് നോക്കി ദൈവത്തിന് നന്ദി പറഞ്ഞു. ഇന്നലത്തെ കുതിപ്പില്‍ ലോകകപ്പിലെ ചേസില്‍ ഒരുബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോരാണ് സഞ്ജു നേടിയത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ മുന്നില്‍നിന്നു നയിച്ച പോരാളി. എന്തൊക്കെ വിശേഷണം നല്‍കിയാലും ഈ ഇന്നിങ്‌സിനെ വാക്കുകളില്‍ ഒതുക്കാനാവില്ല. ദ് റിയല്‍ സെന്‍സിബിള്‍ ഇന്നിങ്‌സ്. വിമര്‍ശകര്‍ക്കുള്ള മറുപടിയായി സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

ട്വന്റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു, 50 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തോറ്റാല്‍ ലോകകപ്പില്‍നിന്നു പുറത്താകുമായിരുന്ന ഇന്ത്യ, ജയത്തോടെ സെമിഫൈനലിലും കടന്നു. മൂന്നു റണ്‍സിന് സെഞ്ചറി നഷ്ടമായെങ്കിലും സെഞ്ചറിയേക്കാള്‍ മൂല്യമുള്ള ഇന്നിങ്‌സ് കളിച്ച സഞ്ജു തന്നെ കളിയിലെ താരവും.

ഈയൊരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്ന് പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞു. തന്റെ കഴിവില്‍ ഇടയ്ക്കു തനിക്കു തന്നെ സംശയം തോന്നിയിരുന്നു. എങ്കിലും ആത്സമവിശ്വാസത്തോടെ മുന്നോട്ടു പോയി. വളരെയധികം സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ''ഇത് എനിക്ക് ലോകത്തോളം വലുതാണ്. സത്യത്തില്‍, ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ അന്ന് മുതല്‍, രാജ്യത്തിന് വേണ്ടി കളിക്കണമെന്ന് സ്വപ്നം കണ്ട അന്ന് മുതല്‍, ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നത്.

ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ സവിശേഷമായ ഒരു യാത്രയായിരുന്നു എന്റേത്. പലപ്പോഴും ഞാന്‍ എന്നെത്തന്നെ സംശയിച്ചിട്ടുണ്ട്; എനിക്കിതിന് കഴിയുമോ, എനിക്ക് മുന്നേറാന്‍ സാധിക്കുമോ എന്നൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു. എങ്കിലും ഞാന്‍ എന്നില്‍ വിശ്വസിച്ചു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനായ ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ വളരെയധികം സന്തോഷവാനാണ്.'' സഞ്ജു പറഞ്ഞു.

വിരാട് കോലി, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള പാഠമാണ് ഈ ഇന്നിങ്‌സിനു സഹായകമായതെന്നും സഞ്ജു പറഞ്ഞു. ''കഴിഞ്ഞ 10-12 വര്‍ഷമായി ഞാന്‍ ഐപിഎല്‍ കളിക്കുന്നു, കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യന്‍ ടീമിലുമുണ്ട്. ഞാന്‍ എല്ലാ മത്സരങ്ങളും കളിച്ചിട്ടുണ്ടാകില്ല, പക്ഷേ ഡഗൗട്ടിലിരുന്ന് വിരാട് കോലിയെയും രോഹിത് ശര്‍മയെയും പോലുള്ള മഹാരഥന്മാരില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അവര്‍ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുകയും അതില്‍ നിന്ന് പഠിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ആ അനുഭവം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാന്‍ ഒരുപക്ഷേ 50-60 മത്സരങ്ങളേ കളിച്ചിട്ടുണ്ടാകൂ, പക്ഷേ നൂറിലധികം മത്സരങ്ങള്‍ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. മികച്ച താരങ്ങള്‍ എങ്ങനെയാണ് മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതെന്നും സാഹചര്യത്തിനനുസരിച്ച് എങ്ങനെയാണ് കളി മാറ്റുന്നതെന്നും ഞാന്‍ കണ്ടു പഠിച്ചു.

കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു, വലിയൊരു സ്‌കോര്‍ ഉയര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ മത്സരം തികച്ചും വ്യത്യസ്തമായിരുന്നു. ഞാന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴെല്ലാം വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു. അതിനാല്‍ ഒരു പാര്‍ട്ണര്‍ഷിപ് കെട്ടിപ്പടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. സവിശേഷമായി എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, എന്റെ റോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓരോ പന്തിനെയും അതിന്റെ മെറിറ്റില്‍ നേരിടാനുമാണ് ഞാന്‍ ശ്രമിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നാണിത്.'' സഞ്ജു കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന്റെ മികവില്‍ ഇന്ത്യ സെമിയില്‍ എത്തിയ്ത സോഷ്യല്‍ മീഡിയ കത്തിച്ചാണ് മലയാളികള്‍ ആഘോഷിച്ചത്. സോഷ്യല്‍ മീഡിയ മുഴുവന്‍ സഞ്ജുവാഴ്ത്തുകളില്‍ നിറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള രാഷ്ട്രീയക്കാരും മലായളം സെലബ്രിറ്റികളും അടക്കം എല്ലവരും സഞ്ജുവിനെ വാഴ്ത്തി പോ്‌സ്റ്റുകളിട്ടു. സഞ്ജുവിന്റെ ഓരോ പോസ്റ്റിലും ലൈക്കുകള്‍ വാരിവിതറുകയായിരുന്നും മലയാളികള്‍.

Tags:    

Similar News