കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ ഡോ. ജയതിലകിന് എജി ഓഫീസ് നാല് കത്തയച്ചിട്ടും മറുപടിയില്ല; ധനകാര്യ വകുപ്പില്‍ നടന്ന സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി; സിസ്റ്റത്തിനെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി വേണം ഇതിനെ കാണാന്‍; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത്
കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ ഡോ. ജയതിലകിന് എജി ഓഫീസ് നാല് കത്തയച്ചിട്ടും മറുപടിയില്ല
തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ജയതിലകിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ഓഡിറ്റ് വകുപ്പ് പലതവണ കത്തയച്ചിട്ടും അറുപടി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് രംഗത്തുവന്നത്. ഡോ.ജയതിലകിനെ ഒരു വ്യക്തിയായി കാണാതെ ഈ സിസ്റ്റത്തിനെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി വേണം മനസ്സിലാക്കാനെന്നും പ്രാശാന്ത് വിമര്‍ശിക്കുന്നു.
ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആയിരിക്കെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ കാര്യം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫിസ് വിശദീകരണം തേടിയിരുന്നു. നാല തവണ കത്തയച്ചിട്ടു അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല. ജയതിലക് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരിക്കവേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോഗ്യ വകുപ്പിലെ അഴിമതി, കേന്ദ്ര ഫണ്ട് വെട്ടിപ്പും വകമാറ്റലും, ഇഷ്ടക്കാര്‍ക്ക് അനധികൃതമായി ഭീമമായ ശമ്പള വര്‍ദ്ധനവ് നടത്തിയത്, IPRD വകുപ്പിലെ അഴിമതികള്‍, അനധികൃതമായി ഇഷ്ടക്കാര്‍ക്ക് അധിക ശമ്പള ഗഡുക്കള്‍ അനുവദിച്ചു.. തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിന്‍മേല്‍ നടപടി ഉണ്ടായില്ലെന്നാണ് പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നമുക്ക് ഓഡിറ്റ് ഇഷ്ടല്ല! ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആയിരിക്കെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫിസ് പേരെടുത്ത് പറഞ്ഞ് ഡോ.ജയതിലകിനയച്ച കത്താണിത്. നാല് ആഴ്ചക്കകം നല്‍കേണ്ട മറുപടി അനിശ്ചിതമായി നീണ്ടു പോയതിനാല്‍ എജി 4 റിമൈന്‍ഡറുകള്‍ അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നാണ് കത്തില്‍. ഡോ.ജയതിലക് ചീഫ് സെക്രട്ടറി ആയ ശേഷവും ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരം ലഭ്യമായ മറുപടി നോക്കൂ - ഈ മാസം വരെയും മറുപടി നല്‍കാതെ കോട്ട സംരക്ഷിച്ചിട്ടുണ്ട്!
ഈ കത്ത് 01.09.2019 മുതല്‍ 31.03.2022 വരെയുള്ള കാലഘട്ടത്തില്‍ ധനകാര്യ വകുപ്പില്‍ നടന്ന സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിയതിനെക്കുറിച്ചാണ്. 2022 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടത്തിന്റേത് അപ്പോള്‍ പറയേണ്ടതില്ലല്ലൊ!
ആരോഗ്യ വകുപ്പിലെ അഴിമതി, കേന്ദ്ര ഫണ്ട് വെട്ടിപ്പും വകമാറ്റലും, ഇഷ്ടക്കാര്‍ക്ക് അനധികൃതമായി ഭീമമായ ശമ്പള വര്‍ദ്ധനവ് നടത്തിയത്, IPRD വകുപ്പിലെ അഴിമതികള്‍, അനധികൃതമായി ഇഷ്ടക്കാര്‍ക്ക് അധിക ശമ്പള ഗഡുക്കള്‍ അനുവദിച്ചത് എന്നിവയൊക്കെയാണ് ഈ കാലഘട്ടത്തിലെ കണ്ടെത്തലുകള്‍. ഇതൊക്കെ അസംബന്ധമാണെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും ഡോ.ജയതിലകിന് മറുപടി നല്‍കാമായിരുന്നു!
ഡോ.ജയതിലകിനെ ഒരു വ്യക്തിയായി കാണാതെ ഈ സിസ്റ്റത്തിനെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി വേണം മനസ്സിലാക്കാന്‍. അദ്ദേഹത്തിന്റെ പ്രവൃത്തികളെ പറയുമ്പോള്‍ രാഷ്ട്രീയ ഭേദമന്യേ ചിലര്‍ക്ക് പൊള്ളുന്നത് എന്ത് കൊണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍ മനസ്സിലാവും. ഇക്കാലയളവില്‍ നടന്ന ഒരു ഫയല്‍ അദാലത്തിലും ഇത് തീര്‍പ്പാവാത്തതിന്റെ ഗുട്ടന്‍സും മനസ്സിലാവും.
നേരത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ ഡോ. ജയതിലക് ഓഫീസില്‍ സ്ഥിരമായി ഹാജരാകാത്തതിനെക്കുറിച്ചും മുഴുവന്‍ ശമ്പളവും കൈപ്പറ്റുന്നതിനെക്കുറിച്ചും ലഭിച്ച പരാതികള്‍ സ്വകാര്യ രഹസ്യമെന്ന് വിചിത്രമായ മറുപടി ലഭിച്ചത് വാര്‍ത്തയായിരുന്നു. ചീഫ് സെക്രട്ടറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍ഫൊര്‍മ്മേഷന്‍ ഓഫീസറും ഡെപ്യൂട്ടി സെക്രട്ടറിയുമായ അഭിലാഷ് ആണ് മറുപടി നല്‍കിയിരിക്കുന്നത്. ഡോ. ജയതിലകിന്റെ ഹാജര്‍ നില മുഴുവനും സ്പാര്‍ക്കില്‍ (SPARK) നിന്നും വിവരാവകാശ രേഖയായി പുറത്ത് വന്നതാണ്. അതിന്മേല്‍ സര്‍ക്കാറിന് നല്‍കിയ പരാതിയും നടപടിയും ജയതിലകിന്റെ വ്യക്തിപരമായ രഹസ്യമാണെന്നാണ് നിലവില്‍ സര്‍ക്കാര്‍ പറയുന്നത്.
വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിച്ചിരിക്കുന്നത്. ഡോ.ജയതിലക് ഓഫീസില്‍ സ്ഥിരമായി ജോലിക്ക് ഹാജരാകാതെ 5 ലക്ഷം ശമ്പളം വാങ്ങി എന്ന രീതിയില്‍ പരാതി ലഭിച്ചിട്ടുണ്ടോ, ഇത് സംബന്ധിച്ച പരാതികളോ, അതിനുള്ള നടപടികളോ ലഭ്യമാണോ? ഡോ. ജയതിലക് ഐഎഎസിനെതിരെ ജോലിസ്ഥലത്തെ പീഡനത്തെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടോ? ഈ പരാതിയുടെ കോപ്പി ലഭ്യമാണോ എന്ന ചോദ്യങ്ങള്‍ക്കാണ് ഡോ.ജയതിലകിന്റെ വ്യക്തിപരമായ രഹസങ്ങളെന്ന മറുപടി ലഭിച്ചിരിക്കുന്നത്.
പരാതികളുടെ പകര്‍പ്പുകളും അവയില്‍ സ്വീകരിച്ച നടപടികളും ജനങ്ങള്‍ അറിയാന്‍ പാടില്ലാത്തതെന്ന രീതിയിലാണ് മറച്ചുവയ്ക്കുന്നത്. ഡോ. ജയതിലക് ഐഎഎസിനെതിരെ ജോലിസ്ഥലത്തെ പീഡനത്തെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടോ എന്നത് പോലും ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വ്യക്തിപരമായ രഹസ്യമാണ്. സര്‍ക്കാര്‍ ശമ്പളം പറ്റി സര്‍ക്കാര്‍ ഓഫീസില്‍ സ്ത്രീകളെ പീഡിപ്പിച്ചാലും അതില്‍ പരാതിയുണ്ടോ എന്നത് പോലും ജനങ്ങള്‍ അറിയാന്‍ പാടില്ലെന്ന രീതിയിലാണ് സര്‍ക്കാരിന്റെ സംരക്ഷണമെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ഡോ.ജയതിലക് മാസത്തില്‍ 5 ദിവസം മാത്രം ജോലിക്ക് ഹാജരായി 5 ലക്ഷം ശമ്പളം വാങ്ങിയെന്ന പരാതി സര്‍ക്കാറില്‍ ലഭ്യമാണെന്ന് വാര്‍ത്തകള്‍ ഇവിടെയുള്ള സാധാരണക്കാര്‍ക്കൊക്കെ അറിയാം. അതിലെടുത്ത നടപടി എന്തെന്ന് ചോദിക്കുമ്പോള്‍ അത് ഡോ.ജയതിലകിന്റെ സ്വകാര്യ വിവരങ്ങള്‍ ആണെന്ന് മറുപടി. സെക്രട്ടേറിയറ്റിലെ സ്റ്റാഫ് നല്‍കിയ പരാതികളോടൊപ്പം ഈ പരാതികളും മുക്കി എന്നാണ് മനസ്സിലാവുന്നത്. വിവരാവകാശ നിയമ പ്രകാരം എഡിജിപി അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാര്‍ വെളിപ്പെടുത്താത്ത കാരണം അത് സ്വകാര്യ വിവരങ്ങള്‍ എന്ന നിയമ വിരുദ്ധമായ ന്യായം പറഞ്ഞായിരുന്നു. പിന്നീടത് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുകയായിരുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ ഡോ. എ. ജയതിലക് സെക്രട്ടറിയേറ്റില്‍ ജോലിക്ക് ഹാജരായിരുന്നത് മാസത്തില്‍ പത്ത് ദിവസത്തില്‍ താഴെയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരിക്കെ രണ്ട് വര്‍ഷത്തിനിടെയുള്ള ജയതിലകിന്റെ ഹാജര്‍ നിലയുടെ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. രണ്ട് വര്‍ഷത്തിനിടെ എട്ട് മാസം മാത്രമാണ് ജയതിലക് പത്ത് ദിവസം ഹാജര്‍ തികച്ചത്.
ചീഫ് സെക്രട്ടറി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോക്ടര്‍ എ. ജയതിലക്. സെക്രട്ടറിയേറ്റിലെത്തി വകുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഈ ഉദ്യോഗസ്ഥന്റെ ഹാജര്‍ ഇങ്ങനെ 2023 ജനുവരിയില്‍ ആറ് ദിവസമാണ് ഹാജരായത്. ഫെബ്രുവരിയില്‍ പത്ത്,മാര്‍ച്ചില്‍ അഞ്ച്,ഏപ്രിലില്‍ അഞ്ച്,മെയിലും ജൂണിലും ആറ് ദിവസം വീതം. 2023 ല്‍ 10 ദിവസം ഹാജര്‍ തികച്ചത് രണ്ട് മാസം മാത്രം. ഇനി 2024ലേക്ക് വന്നാല്‍ ജനുവരിയില്‍ ഒമ്പത്.ഫെബ്രുവരിയില്‍ ആറ്,മാര്‍ച്ചില്‍ 10,ഏപ്രിലില്‍ ആറ്...ഇങ്ങനെ പോകുന്നു...2023 ഏറ്റവും കുറവ് ദിവസം ഹാജരായത് ഡിസംബറില്‍ നാല് ദിവസം. 2024ല്‍ 10 ദിവസം ഹാജര്‍ പൂര്‍ത്തിയാക്കിയത് ആറ് മാസം. ഏറ്റവും കൂടുതല്‍ ഹാജര്‍ ഉള്ള മാസം ജൂലൈയില്‍ 15 ദിവസം. സെക്രട്ടറിയേറ്റിലെ സ്പാര്‍ക്ക് സംവിധാനത്തില്‍ നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഈ അമ്പരിപ്പിക്കുന്ന കണക്കുള്ളത്.
അദര്‍ ഡ്യൂട്ടി എന്ന പേരിലാണ് ജോലിക്ക് ഹാജരാകാത്ത ദിവസങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സെക്രട്ടറിയേറ്റിലെ ചുമതലകള്‍ക്ക് പുറമെ മറ്റെന്തെങ്കിലും ചുമതലകള്‍ ഉള്ളവര്‍ക്ക് മാത്രമേ അദര്‍ ഡ്യൂട്ടി രേഖപ്പെടുത്താന്‍ അവകാശമുള്ളു. സെക്രട്ടറിയേറ്റിന് പുറത്ത് അധിക ചുമതലകള്‍ ഒന്നുമില്ലാത്ത ജയതിലക് അദര്‍ ഡ്യൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് അനധികൃതമായിട്ടാണെന്നാണ് വിവരം. ഇദ്ദേഹം നിയമസഭ കമ്മിറ്റികളില്‍ പോലും കൃത്യമായി പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.