ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല; ആരെന്ന് മനസിലാക്കുന്നത് വാര്‍ത്തകണ്ട് ഗൂഗിളില്‍ തിരഞ്ഞ്; ലഹരിപ്പാര്‍ട്ടിയെ കുറിച്ച് അറിഞ്ഞില്ല; ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍; നടിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസില്‍ പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്തു
കൊച്ചി: കൊച്ചിയിലെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ പ്രതികരിച്ചു. പോലീസിന്റെ ചോദ്യം ചെയ്യല്‍ സ്വാഭാവികമാണ്. സുഹൃത്തിനെ കാണാനാണ് ഹോട്ടലില്‍ ചെന്നതെന്നും പ്രയാഗ പറഞ്ഞു.
ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലെ ചോദ്യം ചെയ്യലിന് പിന്നലെയാണ് നടിയുടെ പ്രതികരണം. 'ലഹരിപ്പാര്‍ട്ടിയെ കുറിച്ച് അറിഞ്ഞില്ല. ഓം പ്രകാശിനെ അറിയില്ല. വാര്‍ത്തകള്‍ വന്ന ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓംപ്രകാശമായി യാതൊരു ബന്ധവുമില്ല. ഓംപ്രകാശിനെ കണ്ടതായി ഓര്‍മ്മയില്ല. എന്തിന് ഹോട്ടലിലെത്തിയെന്നടതടക്കം എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രയാഗ വിശദീകരിച്ചു.
'സുഹൃത്തുക്കളെ കാണാനാണ് പോയത്. ലഹരിപ്പാര്‍ട്ടി നടക്കുന്നത് എനിക്കറിയില്ലായിരുന്നു. ഇനി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് പറഞ്ഞിട്ടില്ല. വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയത്. പലരേയും കാണുന്നതും പല സ്ഥലങ്ങളില്‍ പോകുന്നതും സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അവിടെ ക്രിമിനല്‍സുണ്ടോ അവരുടെ പശ്ചാത്തലം എന്തെന്നും നോക്കിയല്ല പോകുന്നത്. ഞാന്‍ പോയ സ്ഥലത്ത് ഇങ്ങനെ ഒരാള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഒരാളെ കണ്ടതായി എനിക്ക് ഓര്‍മയില്ല.' പ്രയാഗ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചവരില്‍ സിനിമാ താരങ്ങളായ പ്രയാഗയും ശ്രീനാഥ് ഭാസിയും ഉണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചത്
നടി പ്രയാഗ മാര്‍ട്ടിന്‍ എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പ്രതികരിച്ചു.
നടന്‍ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങി. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി.
ഇരുവര്‍ക്കും ലഹരി സംഘവുമായുള്ള ബന്ധമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. എന്തിനാണ് ലഹരി പാര്‍ട്ടി നടന്ന ഹോട്ടലിലേക്ക് എത്തിയതെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇരുവരുടെയും ഈ ദിവസങ്ങളിലെ സാമ്പത്തിക ഇടപാടും പൊലീസ് അന്വേഷിക്കും.
ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ തന്നെ അസൗകര്യത്തില്‍ സമയം മാറ്റുകയായിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് ലഭിച്ച സാമ്പിളിന്റെ റിസള്‍ട്ട് പരിശോധിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഓം പ്രകാശിന്റെ മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പതിനേഴോളം പേരുടെ മൊഴിയെടുത്തു.
ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.