ഒരുകാലത്ത് സാത്താന്‍ സേവക്കാരനും പിശാചുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടതായും അറിയപ്പെട്ട പുരോഹിതന്‍; ഇന്ന് വിശുദ്ധരുടെ പട്ടികയിലേക്ക് ഉയര്‍ത്തി വത്തിക്കാന്‍; ബാര്‍ട്ടോളോ ലോംഗോയെ വിശുദ്ധനാക്കുന്ന ചടങ്ങിനെത്തിയത് ഏഴ് ലക്ഷം പേര്‍
സാത്താന്‍ സേവക്കാരനില്‍ നിന്ന് വിശുദ്ധനിലേക്ക് എത്തിയ കഥ
വത്തിക്കാന്‍ സിറ്റി: സാത്താന് ആത്മാവ് നല്‍കിയതായി പറയപ്പെടുന്ന പുരോഹിതനെ വിശുദ്ധനായി പ്രഖ്യാപിച്ച് വത്തിക്കാന്‍. ഏഴ് ലക്ഷത്തോളം പേരാണ് ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി എത്തിയത്. ബാര്‍ട്ടോളോ ലോംഗോ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പയാണ് ലോംഗോയേയും മറ്റ് ആറ് പേരെയും കത്തോലിക്കാ സഭയുടെ പുതിയ വിശുദ്ധരായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1841-ല്‍ ഇറ്റലിയിലെ ലാറ്റിയാനോയില്‍ ജനിച്ച ലോംഗോ ഒരു അഭിഭാഷകനായി പരിശീലനം നേടി.
എന്നാല്‍ പിന്നീട് അദ്ദേഹം മാന്ത്രിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. ഇദ്ദേഹം സാത്താന്‍സേവ നടത്തിയതായും ഒരു പിശാചുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടതായും പറയപ്പെടുന്നു. ജീവിതത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള ഉത്തരങ്ങള്‍ തേടിയുള്ള
യാത്രയിലാണ് അദ്ദേഹം പ്രാഫസര്‍ വിന്‍സെന്‍സോ പെപ്പെയില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മനസിലാക്കിയത്. തുടര്‍ന്ന് ലോംഗോ സാത്താനിസം ഉപേക്ഷിക്കുകയും ബ്രഹ്‌മചര്യം സ്വീകരിച്ച്് ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുകയും ചെയ്തു.
1887-ല്‍ അദ്ദേഹം പോംപൈയിലെ വാഴ്ത്തപ്പെട്ട കന്യകയുടെ പൊന്തിഫിക്കല്‍ ദേവാലയം സ്ഥാപിച്ചു. കൂടാതെ 1892-ല്‍ പെണ്‍കുട്ടികള്‍ക്കായി ഒരു അനാഥാലയവും, തടവുകാരുടെ മക്കള്‍ക്കായി ഒരു സ്ഥാപനവും സ്ഥാപിച്ചു. 1922-ല്‍, തടവുകാരുടെ പെണ്‍മക്കള്‍ക്കായി അദ്ദേഹം മറ്റൊരു സ്ഥാപനം തുടങ്ങി. ചികിത്സിക്കാന്‍ കഴിയാത്തവര്‍ക്കായുള്ള നെപ്പോളിയന്‍ ആശുപത്രിയില്‍ രണ്ട് വര്‍ഷം അദ്ദേഹം സന്നദ്ധസേവനവും നടത്തി. 1926-ല്‍ ലോംഗോ അന്തരിച്ചു.
ഇരുളടഞ്ഞ ജീവിതത്തില്‍ നിന്ന് വിശ്വാസത്തിന്റെയും സേവനത്തിന്റെയും പാതയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹം എക്കാലവും ഓര്‍മ്മിപ്പിക്കപ്പെട്ടു. ഒടുവില്‍ അദ്ദേഹം വിശുദ്ധ പദവി നേടുകയും ചെയ്തു. കത്തോലിക്കാ സഭയിലെ വിശുദ്ധപദവി പ്രക്രിയയാണ് മരിച്ച ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ഔപചാരിക നടപടിക്രമം.
വീരോചിതമായ പുണ്യം, വിശുദ്ധി, വിശ്വാസം എന്നിവയുടെ തെളിവുകള്‍ക്കായി വ്യക്തിയുടെ ജീവിതം അന്വേഷിക്കുമ്പോഴാണ് ഇത് ആരംഭിക്കുന്നത്. കത്തോലിക്കാ സഭ ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിച്ച ആദ്യത്തെ വ്യക്തി ഓഗ്സ്ബര്‍ഗിലെ വിശുദ്ധ ഉള്‍റിച്ച് ആയിരുന്നു. എ.ഡി. 993-ല്‍ ജോണ്‍ പതിനഞ്ചാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
