അധികാരത്തിൽ ഇന്ന് 4078 ദിവസം പൂർത്തിയാകുന്നു; ഇന്ദിരാഗാന്ധിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നു; മുന്നിൽ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മാത്രം; ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി; ആറ് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച ഏക നേതാവ്; അഭിമാന നേട്ടത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അധികാരത്തിൽ ഇന്ന് 4078 ദിവസം പൂർത്തിയാക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തമാകുന്നത് അഭിമാന നേട്ടം. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് നരേന്ദ്രമോദി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള റെക്കോര്‍ഡ് മോദി മറികടന്നത്. 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 6130 ദിവസം നെഹ്‌റു പദവി അലങ്കരിച്ചു. തുടര്‍ച്ചയായി 3655 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിങ് ആണ്. 2014, 2019, 2024 വർഷങ്ങളിലാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയായവരില്‍ സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെയാള്‍, ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി തുടങ്ങിയ റെക്കോര്‍ഡുകള്‍ നരേന്ദ്രമോദിക്കാണ്. കൂടാതെ, ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി.
രണ്ട് പൂർണ്ണ കാലാവധി പൂർത്തിയാക്കുകയും രണ്ട് തവണ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആദ്യത്തെയും ഏക കോൺഗ്രസ് ഇതര നേതാവുമാണ് നരേന്ദ്ര മോദി. ജവഹർലാൽ നെഹ്‌റുവിന് പുറമെ, രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും പട്ടികയിൽ ആറ് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച ഏക നേതാവ് കൂടിയാണ് മോദി ( ഗുജറാത്ത് (2002, 2007, 2012), ലോക്‌സഭാ തെരഞ്ഞെടുപ്പ് (2014, 2019, 2024).
ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ ഗ്രാമത്തിൽ 1950 സെപ്റ്റംബർ 17-ൽ ഒരു സാധാരണ കുടുംബത്തിലാണ് നരേന്ദ്രമോദി ജനിച്ചത്. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെയും (ആർഎസ്‌എസ്) പ്രവർത്തനങ്ങളിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കെത്തിയത്. പിന്നീട് ആർഎസ്‌എസിന്റെ നിർദേശപ്രകാരം ബിജെപിയുടെ ഭാഗമായി. 1988 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു, 1995 ൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻവിജയത്തിനു പിന്നിൽ മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു.