കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് വീര്യംകൂട്ടാന്‍ മാരകായുധങ്ങളുടെ റീല്‍സ് പ്രചരിപ്പിക്കുന്നു; പോലീസിന് തലവേദനയായി ഉത്തരേന്ത്യന്‍ മോഡല്‍ ശക്തിപ്രകടനം; പാര്‍ട്ടി ഗ്രാമങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ നിശബ്ദ കൊലവിളികള്‍ ഉയരുന്നു
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് വീര്യംകൂട്ടാന്‍ മാരകായുധങ്ങളുടെ റീല്‍സ് പ്രചരിപ്പിക്കുന്നു
കണ്ണൂര്‍:കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് ചൂടുപകരാന്‍ സോഷ്യല്‍ മീഡിയ പ്രചരണവും. മാരകായുധങ്ങളായ കത്തിയും വാളുമടക്കമുളളവ പ്രചരിപ്പിച്ചു സോഷ്യല്‍ മീഡിയയില്‍ ആശങ്കയും ഭയവും വിതയ്ക്കുകയാണ്പാര്‍ട്ടി ഗ്രാമങ്ങളിലെ പ്രവര്‍ത്തകര്‍. ഇത്തരം വീഡിയോ, ഫോട്ടോകള്‍ സ്‌കൂള്‍ കുട്ടികളടക്കം ഷെയര്‍ ചെയ്യുന്നത് സൈബര്‍ പൊലിസിന് തലവേദനയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബോംബും എസ് കത്തിയും വാളും റീല്‍ിസിലൂടെ പ്രദര്‍ശിപ്പിച്ചയാള്‍ക്കെതിരെ കണ്ണവം പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ണവം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിലെ ഇല്ലപറമ്പില്‍ വി. സുധീഷിനെതിരെയാണ് കണ്ണവം പൊലിസ് കേസെടുത്തത്. ഇതിനു പശ്ചാത്തലമായി പാട്ടും സംഭാഷണങ്ങളും ചേര്‍ത്ത് മാസ് പരിവേഷം നല്‍കുന്നതായിരുന്നു റീല്‍സ്.
ഇതേ പ്രദേശത്ത് ഒരാഴ്ച്ച മുന്‍പും സമാനമായ സംഭവമുണ്ടായിരുന്നു. എസ്.ഡി. പി. ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികദിനത്തില്‍ എസ് ആകൃതിയിലുളള കത്തി ഉപയോഗിച്ചു കേക്ക് മുറിക്കുന്ന വീഡിയോയാണ് അന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ച ആര്‍. എസ്. എസ് പ്രവര്‍ത്തകനെതിരെ കണ്ണവം പൊലിസ് കേസെടുത്തിട്ടുണ്ട്.
2020-ല്‍ സെപ്തംബറില്‍ കൊല്ലപ്പെട്ട സലാഹുദ്ദീന്‍ ചരമവാര്‍ഷിക ദിനത്തിലാണ് മുഖം വ്യക്തമാക്കാത്ത വിധത്തില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ എസ് കത്തികൊണ്ടു കേക്ക് മുറിച്ചു ആഘോഷിച്ചത്. ഇതിനു ശേഷം സി.പി. എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ അമ്മാരപറമ്പിന് സമീപം ഏറുപടക്കമെറിഞ്ഞു സ്ഫോടനം നടന്ന സംഭവവും നടന്നിരുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ പ്രദേശവാസിയായ നാരോത്ത് ശശിയെന്നയാള്‍ തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആയുധങ്ങളും മറ്റും കാട്ടി സോഷ്യല്‍ മീഡിയയില്‍ ആഘോഷം നടത്തുന്ന രീതി പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പകര്‍ത്തിയതാണ്. ഇതിനെ അനുകരിച്ചാണ് കണ്ണൂര്‍ ജില്ലയിലെ ചില പാര്‍ട്ടികളിലെയും സംഘടനകളിലെയും പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കുന്നതിനായി ഇത്തരം വീഡിയോകളെടുത്ത് റീല്‍സായും ഷോര്‍ട്സായും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
പലയിടങ്ങളില്‍ നിന്നുമായി ആസൂത്രിതമായാണ് ഇത്തരം റീല്‍സുകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത്തരം നിര്‍മിതികള്‍ക്കു പിന്നില്‍ നേരത്തെ നിരോധിക്കപ്പെട്ട മതതീവ്രവാദ ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമുണ്ട്. ഇത്തരം ഇന്‍സ്റ്റന്‍ഗ്രാം സ്റ്റോറികളില്‍ ആവേശത്തോടെ പ്രതികരിക്കുകയും ചെയ്യുന്നതില്‍ കൗമാരക്കാരും യുവാക്കളുമാണ് കൂടുതല്‍. പ്രതികാരം ചെയ്യണമെന്നുംചോരകാണണമെന്നും വെല്ലുവിളിച്ചു കൊണ്ടാണ് ഇത്തരം ശക്തി പ്രകടനങ്ങള്‍ക്കു താഴെ ഇവര്‍ പ്രതികരിക്കുന്നത്.
കണ്ണൂരിലെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഇത്തരം നടപടികളെ അതിശക്തമായി നേരിടുമെന്ന് പൊലിസ് പറയുമ്പോഴും നാള്‍ക്കു നാള്‍ ഇത്തരം പ്രവണത വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയില്‍ ജില്ലയിലെ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ചിറ്റാരി പറമ്പ്, കണ്ണവം മേഖലകളില്‍ ബാലഗോകുലം ശോഭായാത്ര തടയാനും ഇതിന് ബദല്‍ പരിപാടി നടത്താനും സി. പി. എം ശ്രമിച്ചിരുന്നു.
ഇരു ഘോഷയാത്രകളെയും വഴിതിരിച്ചുവിട്ടാണ് പൊലിസ് പ്രശ്നം പരിഹരിച്ചത്. സി.പി. എം പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുന്ന കല്യാശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഇക്കുറി ശോഭായാത്രങ്ങള്‍ വ്യാപകമായി നടന്നത് പാര്‍ട്ടി നേതൃത്വത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതാക്കളുടെ മക്കളും പേരമക്കളും ശോഭായാത്രയില്‍ പങ്കെടുത്തു. കല്യാശേരി മേഖലയിലെ ഒരു ജനപ്രതിനിധി പേരമക്കള്‍ ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ വളപട്ടണം പുഴയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചുവെങ്കിലും മത്സ്യതൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു.
നേരത്തെ ശോഭായാത്രയില്‍ പങ്കെടുത്താന്‍ താന്‍ ആത്മഹത്യചെയ്യുമെന്ന് ഇവര്‍ കുടുംബാംഗങ്ങളോട് ഭീഷണിമുഴക്കിയിരുന്നു. ഇതു അനുസരിക്കാതെ അടുത്ത ബന്ധുക്കള്‍ ശോഭായാത്രയില്‍ പങ്കെടുത്തതോടെയാണ് ഇവര്‍ ആത്മഹത്യാശ്രമം നടത്തിയത്. ഇത്തരത്തില്‍ നിരവധി പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും കാവിക്കൊടി പിടിക്കാന്‍ ഭയ്ക്കാതെ പാര്‍ട്ടി കുടുംബങ്ങളിലുളളവര്‍ രംഗത്തുവരുന്നതാണ് സി.പി.എം കണ്ണൂര്‍ ജില്ലാനേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നത്.