രാജ്യത്തിന്റെ പരമാധികാരത്തിനുനേരെ പുറമേ നിന്ന് സാമ്രാജ്യത്വ ഭീഷണികള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാന്‍ പോരുന്ന വിപത്കരമായ ഭീഷണികള്‍ അകമേനിന്നും ഉയരുന്നു; ഒറ്റമനസ്സോടെ എല്ലാത്തിനേയും തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍

Update: 2025-08-15 05:52 GMT

തിരുവനന്തപുരം: എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷനിറവില്‍ സംസ്ഥാനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തി. ശേഷം അഭിവാദ്യം സ്വീകരിച്ചു. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചത്.

ജാതിമതാദി വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായ മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഇന്ത്യയെന്ന വികാരത്തിന്റെ അടിത്തറയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശത്തില്‍ പറഞ്ഞു. മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പത് മണിയോടെ പതാക ഉയര്‍ത്തി. തുടര്‍ന്ന് സായുധസേനാ വിഭാഗങ്ങള്‍, മറ്റു വിഭാഗങ്ങള്‍ എന്നിവയുടെ പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എട്ടാംപതിറ്റാണ്ടിലേക്ക് നീങ്ങുന്നു. ഇക്കാലയളവില്‍ ശാസ്ത്ര സാങ്കേതിക രംഗത്തടക്കം പലമേഖലകളില്‍ നേട്ടമുണ്ടാക്കി. ആ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും ഇന്ത്യന്‍ സാമൂഹികയാഥാര്‍ഥ്യങ്ങളുടെ മറ്റു തലങ്ങളെക്കുറിച്ച് നാം വിസ്മരിച്ചുകൂടാ. അവയെക്കുറിച്ച് ചിന്തിക്കാന്‍കൂടി പ്രേരണയാവണം ഈ സ്വാതന്ത്ര്യദിനം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെയൊക്കെ സ്വപ്നങ്ങളില്‍ ഒരു ഇന്ത്യയുണ്ടായിരുന്നു. അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നമുക്കുകഴിഞ്ഞോ? ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, നിരക്ഷരര്‍, ജാതിവിവേചനം, മതവിദ്വേഷം, തൊഴിലില്ലായ്മ എന്നിവയില്ലാത്ത ഒരു ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. അവ യാഥാര്‍ഥ്യമാക്കിയെടുക്കുന്നതിന് പുനരര്‍പ്പണം ചെയ്യുക എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ നമുക്ക് കരണീയമായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാത്മാ ഗാന്ധിയാണ് നമുക്ക് മാതൃക. ഉപരിതലത്തിലെ ആഘോഷങ്ങളില്‍ മതിമയങ്ങിയാല്‍ ആന്തരിക തലത്തിലെ നീറ്റല്‍ അറിയാതെപോവുമെന്ന സന്ദേശമാണ് ഗാന്ധി ഉയര്‍ത്തിപ്പിടിച്ചത്. ഒരു ചെറിയ ഇടവേളയിലൊഴികെ ബാക്കി സമയങ്ങളിലെല്ലാം ജനാധിപത്യം നിലനിര്‍ത്താന്‍ നമുക്കു കഴിഞ്ഞു. നമ്മുടെ അയല്‍രാജ്യങ്ങളിലടക്കം ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട് പട്ടാളഭരണത്തിലേക്ക് വഴുതിവീഴുന്നത് നാം കണ്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് മതാധിപത്യ മുറവിളികള്‍ ഉയരുന്നതും കണ്ടു. ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തില്‍ ഭരണഘടനാ നിര്‍മാതാക്കള്‍ വെച്ച നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിച്ചുകാണാം. അതിനെ പരിരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിനുനേരെ പുറമേനിന്ന് സാമ്രാജ്യത്വ ഭീഷണികള്‍ ഉയരുന്ന ഘട്ടത്തില്‍ത്തന്നെ ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാന്‍ പോരുന്ന വിപത്കരമായ ഭീഷണികള്‍ അകമേനിന്നും ഉയരുന്നുണ്ട്. വര്‍ഗീയ ശക്തികള്‍ ജാതിയും മതവും പറഞ്ഞ് ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിവരുന്നു. ഇതിനെയെല്ലാം ഒറ്റ മനസ്സോടെ ചെറുത്തുതോല്‍പ്പിക്കാന്‍ നമുക്കാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം എന്നീ മൂല്യങ്ങള്‍ക്കായി നാം നമ്മെത്തന്നെ പുനരര്‍പ്പിക്കണം. ഒരു വൈജ്ഞാനിക നൂതന സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ദൗത്യം നാം ഏറ്റെടുത്തിരിക്കുന്ന ഘട്ടമാണിത്. നവ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയില്‍ പടുത്തുയര്‍ത്തപ്പെടുന്ന കേരളം വരും തലമുറകളുടെ ഭാവിഭാഗധേയം ഭദ്രമാക്കുന്നതിന് ആവിഷ്‌കരിച്ചിരിക്കുന്നതാണിത്. ജനങ്ങളുടെ വികസനവും നാടിന്റെ ക്ഷേമവും ഒരുപോലെ ശക്തിപ്പെടുത്തിയാണ് നാം മുന്‍പോട്ടുപോകുന്നത്. ഒരു വശത്ത് ദാരിദ്ര്യനിര്‍മാര്‍ജനമടക്കമുള്ളവ, മറുവശത്ത് ഭാവികേരളം കെട്ടിപ്പടുക്കല്‍. ഇവയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന പ്രതിജ്ഞ ചെയ്യേണ്ട സമയമാണിത്. കേരളമെന്ന് കേള്‍ക്കുമ്പോള്‍ അന്തരംഗം അഭിമാനപൂരിതമാവുകയും ഇന്ത്യ എന്നു കേള്‍ക്കുമ്പോള്‍ ജനതയുടെ ഐക്യം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്കായി നിലകൊള്ളുന്നു. ഇതാവട്ടെ ഈവര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രതിജ്ഞയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News