ഇഎംഎസും പഴയ കോണ്‍ഗ്രസുകാരന്‍; ചവിട്ടി പുറത്താക്കിയാലും പോരാടുമെന്ന് അന്‍വറിന്റെ മറുപടി; 'ഇവിടെയൊക്കെ തന്നെ കാണും'; ആരും ഒരു ചുക്കും ചെയ്യില്ലെന്ന് എഫ്.ബി പോസ്റ്റും
'ഇവിടെയൊക്കെ കാണും, ആരും ഒരു ചുക്കും ചെയ്യില്ല'
കോഴിക്കോട്: എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വറിനെ പൂര്‍ണ്ണമായും തളളിയും എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എം.എല്‍.എ പി.വി. അന്‍വര്‍. ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ലെന്നുമാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ടെന്നും അത് മതിയെന്നും പി.വി. അന്‍വര്‍ പോസ്റ്റില്‍ നിലപാട് വ്യക്തമാക്കി.
അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്.
ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല.
ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്.
അത് മതി..
ഇവിടെയൊക്കെ തന്നെ കാണും.
അതിനപ്പുറം,
ആരും ഒരു ചുക്കും ചെയ്യാനില്ല..'
നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്ന പി.വി. അന്‍വറിനെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ പിന്തുണച്ചും നടത്തിയ വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാനിപ്പിച്ചത് 'ഇങ്ങനെയാണെങ്കില്‍ ഇടക്കിടക്ക് നമ്മള്‍ കാണും' എന്ന് പറഞ്ഞാണ്. അന്‍വര്‍ ഫോണ്‍ സംസാരം റെക്കോര്‍ഡ് ചെയ്യുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
കൂടാതെ, അന്‍വറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ല. അന്‍വര്‍ വന്ന വഴിയുണ്ട്. അന്‍വര്‍ വന്ന വഴി കോണ്‍ഗ്രസിന്‍െ വഴിയാണ്. അവടിന്ന് ഇങ്ങോട്ട് വന്നതാണ്. മാധ്യമങ്ങള്‍ വേണ്ടാത്ത വ്യാഖ്യാനത്തിന് പുറപ്പെടേണ്ട. പി.വി. അന്‍വര്‍ തുടര്‍ച്ചയായി പറയുന്നതിന്റെ ഭാഗാമായാണ് താനും പറയുന്നത്. ഇനിയും വേണമെങ്കില്‍ താനും തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരിക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരെ നടത്തിയ കോണ്‍ഗ്രസ് പരാമര്‍ശത്തിന് മറുപടി നല്‍കിയ അന്‍വര്‍ ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിവി അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസില്‍ നിന്നാണ് വന്നതെന്നുമുള്ള പിണറായി വിജയന്റെ ആരോപണത്തിനുള്ള മറുപടിയായാണ് പിവി അന്‍വറിന്റെ മറുപടി.
മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും തനിക്ക് വെറെ വഴിയില്ലായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. ഇഎംഎസ് പഴയ കോണ്‍ഗ്രസുകാരന്‍ അല്ലേ?. അതുപോലെ താനും പഴയ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എംആര്‍ അജിത് കുമാറിന്റെ പ്രസ്താവനയാണ്. മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിയുടെ അതേ വാദമാണ്. മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാന്‍ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താന്‍ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ പൂര്‍ണ്ണമായും തളളിയും എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിച്ചുമായിരുന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്. അന്‍വര്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഞാനും മറുപടി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ച് നിലമ്പൂരിലെ ഇടത് എംഎല്‍എ പിവി അന്‍വര്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമല്ല, സ്വര്‍ണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്, മനോവീര്യം തകര്‍ന്നത് പൊലീസിലെ കള്ളന്മാരുടേതാണ്, തന്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്, ഇഎംഎസും മുന്‍പ് കോണ്‍ഗ്രസായിരുന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് അക്കമിട്ട് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞത്.
പോലീസിന് എന്തും പിടിക്കാനുള്ള അധികാരം ഉണ്ട്. എന്നാല്‍ പ്രതിയെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറണം. അതാണ് നിയമം അനുശാസിക്കുന്നത്. പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായം. ആ അഭിപ്രായമല്ല തനിക്ക്. തന്റെ വീട്ടിലെ കാര്യങ്ങളല്ല പി ശശിയോട് ആവശ്യപ്പെട്ടത്. ഷാജന്‍ സ്‌കറിയയുടെ അടുത്ത് നിന്ന് പണം കൈകൂലി വാങ്ങി ജാമ്യം വാങ്ങി നല്‍കിയത് പി ശശിയും എ ഡിജിപിയുമാണ്.
ചെറ്റത്തരമെന്ന് പറഞ്ഞുകൊണ്ടാണ് താന്‍ തന്നെ ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ടതെന്ന് അന്‍വര്‍ പറഞ്ഞു. എന്നാലത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. പൊലീസിലെ മനോവീര്യം തകരുന്നവര്‍ 4-5 ശതമാനം വരുന്ന ക്രിമിനലുകള്‍ക്കാണ്. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോള്‍ നിലപാട് മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.