രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ല; അതുപ്രകാരമാണ് സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്; ചര്‍ച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്; രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടിയെ ശരിവെച്ച് മന്ത്രി ആര്‍ ബിന്ദു; കാവി പതാക പിടിച്ച അംബ ആര്‍എസ്എസ് പ്രതീകമെന്നും മന്ത്രി

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ല;

Update: 2025-07-06 11:37 GMT

തിരുവനന്തപുരം: കേരളാ യുണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടിയെ ശരിവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. രജിസ്ട്രാര്‍ക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാന്‍ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. തീരുമാനം എടുക്കാന്‍ സിന്‍ഡിക്കറ്റിന് അധികാരമുണ്ട്. അതുപ്രകാരമാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. സിന്‍ഡിക്കറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വി സി സിന്‍ഡിക്കറ്റ് വിളിച്ചുചേര്‍ത്തത്.

ചര്‍ച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോവുകയാണുണ്ടായത്. അതിനാല്‍ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ അവരില്‍നിന്ന് തന്നെ ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ആ ചെയര്‍പേഴ്‌സണ്‍ സിന്‍ഡിക്കറ്റ് യോഗം നടത്തിയാണ് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്തത്. അതാണ് നിയമപരമായ നടപടിയായി നില്‍ക്കേണ്ടത്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വിസി നടത്തിയ നടപടി നിയമവിരുദ്ധമാണെന്ന് അന്നു തന്നെ പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം സിന്‍ഡിക്കറ്റ് യോഗം തീരുമാനം അറിയിച്ചപ്പോള്‍ വിസി അംഗീകരിച്ചില്ല. പ്രമേയം വായിക്കുമ്പോള്‍ വിസി ഉണ്ടായിരുന്നു. 18 അംഗങ്ങളുടെ പിന്തുണയും ലഭിച്ചു- മന്ത്രി വ്യക്തമാക്കി.

കാവി പതാക പിടിച്ച ആര്‍എസ്എസ് അംബയെ ഭാരതാംബയാക്കി മാറ്റാനുള്ള സംഘടിത പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കാവി പതാക പിടിച്ചത് ആര്‍എസ്എസ് പ്രതീകമാണ്. ജനാധിപത്യ ഇന്ത്യയുടെ പൊതുബോധത്തിലേക്ക് ആര്‍എസ്എസ് പ്രതീകത്തെ സന്നിവേശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണിത്. സര്‍വകലാശാലകള്‍ക്കുള്ളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം ബോധപൂര്‍വം ഉണ്ടാക്കിക്കൊണ്ട് വരികയാണ്. അനാവശ്യവിവാദങ്ങള്‍ക്ക് തിരികൊളുത്തി സര്‍വകലാശാലകളുടെ നേട്ടങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് ഇത്.

ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സര്‍വകലാശാലകളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയാണ് വേണ്ടത്. സര്‍വകലാശാലകള്‍ മതനിരപേക്ഷ ഇടങ്ങളായാണ് എന്നും നിലകൊള്ളുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ചാന്‍സലറായ ഗവര്‍ണറും അദ്ദേഹം നിയമിച്ച വൈസ് ചാന്‍സലര്‍മാരും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ചട്ടവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടിയാണ് ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കറ്റ് റദ്ദാക്കിയത്. വി സിയുടെ താല്‍കാലിക ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജിപ്പ് മറികടന്നാണ് ഭൂരിപക്ഷം സിന്‍ഡിക്കറ്റ് അംഗങ്ങളും തീരുമാനമെടുത്തത്. വിഷയം അന്വേഷിക്കാന്‍ ഡോ.ഷിജുഖാന്‍, ഡോ.നസീബ്, ഡോ.ജി മുരളീധരന്‍ എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി.

രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും താല്‍കാലിക വി സി തയ്യാറായിരുന്നില്ല. തുടര്‍ന്ന് സിന്‍ഡിക്കറ്റ് യോഗത്തില്‍ നിന്ന് സിസ തോമസ് ഇറങ്ങിപ്പോയി. സസ്‌പെന്‍ഷന്‍ അതേ രീതിയില്‍ നിലനില്‍ക്കുന്നുവെന്ന് താത്കാലിക വൈസ് ചാന്‍സിലര്‍ ഡോ.സിസാ തോമസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വിളിച്ച യോഗം അവസാനിപ്പിച്ചതാണ്. അതിന് ശേഷം നടന്നത് കുശലാന്വേഷണം. സസ്പെന്‍ഷന്‍ നടപടിയില്‍ ചര്‍ച്ച അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും സിസാ തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് മിനുട്‌സില്‍ രേഖപ്പെടുത്തി തീരുമാനം കോടതിയെ അറിയിക്കാനാണ് ഇടത് സിന്‍ഡിക്കേറ്റ് നീക്കം. സീനിയര്‍ അംഗം പ്രൊഫ. രാധാ മണിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് ഇടത് അംഗങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ആര്‍എസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച അംബയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാല്‍ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിര്‍ദേശത്തില്‍ വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍, രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. രജിസ്ട്രാര്‍ പോലെയുള്ള സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുള്ള സിന്‍ഡിക്കറ്റിനെ മറികടന്നാണ് വി സിയുടെ അമിതാധികാര പ്രയോഗം. രജിസ്ട്രാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിന്‍ഡിക്കറ്റ് തീരുമാനമില്ലാതെ, തന്നെ സസ്പെന്‍ഡ് ചെയ്ത വി സിയുടെ നടപടി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Tags:    

Similar News