'ഞാന്‍ ജയിലില്‍ നിരാഹാര സമരത്തിലേക്ക് പോകുന്നു; അഭിഭാഷകനും പോലീസും പറഞ്ഞത് പച്ചക്കള്ളം; ഇത് ആണുങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം'; ജയിലിലേക്ക് കൊണ്ടുപോകവേ എല്ലാം കള്ളമെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍; രാഹുലിന് വിനയായത് അറസ്റ്റിലായിരിക്കവേ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോകളും; വീഡിയോ ദൃശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കോടതിയുടെ വിധി

'ഞാന്‍ ജയിലില്‍ നിരാഹാര സമരത്തിലേക്ക് പോകുന്നു

Update: 2025-12-01 13:03 GMT

തിരുവനന്തപുരം: ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലേക്ക് കൊണ്ടുപോകവേ എല്ലാം പച്ചക്കള്ളമാണെന്ന് ആരോപിച്ചു രാഹുല്‍ ഈശ്വര്‍. 'ഞാന്‍ ജയിലില്‍ നിരാഹാര സമരത്തിലേക്ക് പോകുകയാണ്. അഭിഭാഷകനും പോലീസും പറഞ്ഞത് പച്ചക്കള്ളമാണ്. നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നത്. ഇത് ആണുങ്ങള്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മെന്‍സ് കമ്മീഷന്‍ എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ചാണ് രാഹുല്‍ കോടതിയില്‍ എത്തിയിരുന്നത്. താന്‍ എ ഐ ചിത്രങ്ങളാണ് ഉപയോഗിച്ചത്. അതിജീവിതയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

അതേസമയം രാഹുല്‍ ഈശ്വറിന് വിനയായത് സ്വന്തം ഇടപെടലുകളും വാദങ്ങളും തന്നെയാണെന്നാണ് സൂചന. പോലീസ് അറസ്റ്റിലിരിക്കവേ രാഹുല്‍ ഈശ്വര്‍ വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോയില്‍ ലാപ്‌ടോപ്പ് ഒളിപ്പിക്കണെന്ന് പറയുന്നത് അടക്കം വ്യക്തമായിരുന്നു. ഇത് തെളിവു നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ വീഡിയോകള്‍ പരിശോധിച്ച ശേഷമാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്. ഡിസംബര്‍ 15 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പൊലീസ് ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി അറിയിച്ചു.

ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റ് നിയമപരമല്ലെന്നും പിടികൂടി കഴിഞ്ഞാണ് നോട്ടിസ് നല്‍കിയതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നോട്ടിസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയില്‍ രാഹുല്‍ പ്രവര്‍ത്തിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്ടോപ്പിലുണ്ടെന്നും രാഹുലിന്റെ വിഡിയോ യുവതിയെ അപമാനിക്കും വിധമാണെന്നും പൊലീസ് ആരോപിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് രാഹുലിനെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്താണ് രാഹുലിന്റെ അറസ്റ്റ്. സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും ഉള്‍പ്പടെ അഞ്ചു പ്രതികളാണ് ഉള്ളത്.

Tags:    

Similar News