രാജി ആവശ്യം ശക്തമാകുന്നതിനിടെ സ്വയം പ്രതിരോധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ട്രാന്‍സ്ജന്‍ഡര്‍ അവന്തികയുടെ ആരോപണത്തിന് ഓഡിയോ സന്ദേശം പുറത്തുവിട്ട് പ്രതികരണം; പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിട്ടില്ല; ഉടന്‍ രാജിയില്ലെന്ന സൂചന നല്‍കി രാഹുല്‍; ആരോപണം ഉയരുന്നതിന് മുമ്പുള്ള ഓഡിയോ സന്ദേശമെന്ന് അവന്തികയുടെ പ്രതികരണം
രാജി ആവശ്യം ശക്തമാകുന്നതിനിടെ സ്വയം പ്രതിരോധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളില്‍ രാജി ആവശ്യം ശക്തമാകുന്നതിനിടെ സ്വയം പ്രതിരോധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോള്‍ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. അതേ സമയം ഓഡിയോ സന്ദേശം വിവാദങ്ങള്‍ക്ക് മുമ്പുള്ളതെന്ന് അവന്തിക പ്രതികരിച്ചു. പിന്നീടാണ് പ്രതികരിക്കാന്‍ ധൈര്യം ഉണ്ടായതെന്നും അവന്തിക വിശദീകരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യത്തില്‍ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഹുല്‍ രാജി പ്രഖ്യാപനം നടത്തിയല്ല. രാഹുല്‍ രാജിവെക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. രാഹുലിന്റെ രാജിയില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ രാഹുല്‍ രാജിവെച്ചില്ലെങ്കില്‍ രാഷ്ട്രീയമായി ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുണ്ടായിരുന്നത്. രാഹുല്‍ രാജിവെച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നു. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി പാര്‍ട്ടിയില്‍ സമ്മര്‍ദം ശക്തമായതും പ്രതിപക്ഷ നേതാവിന്റെ നിലപാട് ഏറ്റുപിടിച്ച് കൂടുതല്‍ നേതാക്കള്‍ ഇന്ന് രംഗത്തെത്തിയതും.
ട്രാന്‍സ്ജന്‍ഡര്‍ അവന്തികയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ട രാഹുല്‍ പക്ഷേ മറ്റ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നുള്ള ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ ഉയരുന്നതിനിടെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. തന്റെ രാജിക്കാര്യത്തെ കുറിച്ച് രാഹുല്‍ സംസാരിച്ചില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
താന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും പറയേണ്ട കാര്യങ്ങള്‍ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നത്. താന്‍ അക്രമം നേരിടുന്നത് എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധിച്ചതിനാലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തലകുനിക്കുന്നത് ചിന്തിക്കാനാകുന്നില്ല.
തനിക്കെതിരെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത് സുഹൃത്ത് ട്രാന്‍സ്ജന്‍ഡര്‍ അവന്തികയാണെന്ന് രാഹുല്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് രാത്രി അവന്തിക ഫോണില്‍ വിളിച്ചിരുന്നു. തന്നെ ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക എന്നോടു പറഞ്ഞു. അപ്പോള്‍ സിപിഎം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു. ചേട്ടനെ കുടുക്കാന്‍ ശ്രമം ഉണ്ടെന്നു അവന്തിക പറഞ്ഞു. ഞാന്‍ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക കോള്‍ റെക്കോര്‍ഡ് ചെയ്‌തെന്നു എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാന്‍ ചോദിച്ചു. രാഹുല്‍ സുഹൃത്താണ് മോശമായി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്ന ഓഡിയോ രാഹുല്‍ പുറത്തുവിട്ടു.
എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കാനും തന്റെ ഭാഗം വ്യക്തമാക്കാനും രാഹുല്‍ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് അതു വിലക്കിയിരുന്നു. രാഹുലിന് തന്റെ വാദങ്ങള്‍ പറയാന്‍ അവസരം ലഭിച്ചില്ലെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ കാണാന്‍ വീട്ടിലെത്തുന്നുണ്ട്. വൈകിട്ട് ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ട്.
നിയമ സംവിധാനങ്ങള്‍ക്കു മുന്നില്‍ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തില്‍, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ അക്കാര്യം പരസ്യമാക്കിയിരുന്നു. പരാതിയില്ലാതെയാണ് ഉടനടി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതെന്നും, സമാന ആരോപണങ്ങള്‍ മുന്‍പ് ജനപ്രതിനിധികള്‍ക്കെതിരെ ഉണ്ടായപ്പോള്‍ രാജി ഉണ്ടായില്ലെന്നും രാഹുല്‍ അനുകൂലികള്‍ പറയുന്നു.
കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെതിരെ അതൃപ്തി പ്രകടമാക്കി രംഗത്തെത്തുകയാണ്. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നാല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നു നേതാക്കള്‍ പറയുന്നു. നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും, ഉപതിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാട്.
ബിജെപിക്കു സ്വാധീനമുള്ള പാലക്കാട്ടെ എംഎല്‍എ ആണ് രാഹുല്‍ എന്നതിനാല്‍ കേന്ദ്രം തിരക്കിട്ട് ഉപതിരഞ്ഞെടുപ്പ് പ്രക്രിയയിലേക്കു നീങ്ങാനുള്ള സാധ്യത നേതൃത്വം വിശകലനം ചെയ്തു. ഒഴിവുവന്നാല്‍ 6 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെങ്കിലും നിയമസഭയ്ക്ക് ഒരു വര്‍ഷമെങ്കിലും കാലാവധി ബാക്കിയുണ്ടാവണമെന്ന നിബന്ധനയുമുണ്ട്. ഈ നിയമസഭയുടെ കാലാവധി കഴിയുന്നത് മേയ് 23നാണ്. അതിനാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.