തനിക്കെതിരായ പീഡന കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന; പാര്‍ട്ടിക്ക് പുറത്തു നിന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നു; അതിജീവിതമാരുടെ പുറത്തുവന്ന ചാറ്റുകള്‍ അപൂര്‍ണ്ണം; മുഴുവന്‍ ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പുറത്തുവിടാന്‍ തയ്യാറാകണം; സാമ്പത്തിക ചൂഷണ ആരോപണവും തെറ്റ്; ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ഹഷ്മിക്ക് മുന്നില്‍ തുറന്നു പറച്ചിലുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തനിക്കെതിരായ പീഡന കേസുകള്‍ക്ക പിന്നില്‍ ഗൂഢാലോചന-രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2026-02-02 12:08 GMT

തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. പാര്‍ട്ടിക്ക് പുറത്തു നിന്നുമാണ് ഗൂഢാലോചന നടന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രാഹുല്‍ രംഗത്തുവന്നത്. 24 ന്യൂസ് ചാനലില്‍ ഹാഷ്മി താജ് ഇഹ്രാമിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ തന്റെ ഭാഗം വിശദീകരിച്ചു രംഗത്തുവന്നത്.

തനിക്കെതിരായ കേസിലെ അതിജീവിതമാര്‍ മുഴുവന്‍ ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പുറത്തുവിടണമെന്നും രാഹുല്‍ ആരോപിച്ചു. ഇപ്പോള്‍ പുറത്തുവന്നത് അപൂര്‍ണമായ ചാറ്റുകളാണ്. താന്‍ സാമ്പത്തികമായ ചൂഷണം ചെയ്തുവെന്ന ആരോപണം ശരിയല്ല. മൂന്നാം പരാതിക്കാരിയോട് ഫ്ലാറ്റു വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിട്ടില്ല. സംസാരിച്ചത് സ്വയം ഫ്ലാറ്റു വാങ്ങുന്ന കാര്യം. ചെരുപ്പു നല്‍കിയെന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും രാഹുല്‍ അഭിമഖത്തില്‍ പറഞ്ഞു.

ഞാന്‍ എങ്ങോട്ടും പോകില്ല. ഞാന്‍ തുറന്നു പറയാനാണ് പോകുന്നത്. അതിനായി കോടതി ഇടപെടലുകള്‍ നടത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാധ്യമങ്ങളെ കണ്‍വിന്‍സിംഗാകുന്ന വിധത്തില്‍ കാര്യങ്ങള്‍ തുറന്നുപറയും. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ മറുപടി പറയുന്നതില്‍ പരിമിതികളുണ്ടെന്നും രാഹുല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

തന്നെ കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാര്‍മികതകളൊക്കെ വച്ച് പുലര്‍ത്തുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ട്. ജയിലില്‍ കിടത്തിയേ അടങ്ങൂ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് മൂന്നാമത്തെ പരാതി ഉണ്ടായത് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

റിനി ആന്‍ ജോര്‍ജാണ് തനിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിക്കുന്നത്. അവരെ പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം അപമദ്യാദയായി പെരുമാറി എന്നാണ് പറയുന്നത്. പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം റിനിയെ ഹോട്ടലിലേക്ക് വിളിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ റിനിയുടെ മറുപടി എന്തായിരുന്നു. അതുകൂടി പബ്ലിക് ഡൊമെയ്നില്‍ വച്ചോളൂ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പരാതി പറഞ്ഞയാളുകളില്‍ തന്നെ ഏറ്റവും ഞെട്ടിച്ചത് എം എ ഷഹനാസാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അടുത്ത സുഹൃത്തെന്ന് കരുതിയ ആളാണ്. കര്‍ഷക സമരത്തിന്റെ സമയത്ത് മോശമായി പെരുമാറിയെന്നും ഷഹനാസ് ചുട്ട മറുപടി തന്നു എന്നുമാണ് പറയുന്നത്. ഈ മറുപടി ഷഹനാസ് പുറത്ത് വിടട്ടേ. എനിക്ക് അറിയുന്ന ഷഹനാസ് ഞാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആകാന്‍ ആഗ്രഹിച്ചയാളാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന് ശേഷം അഭിനന്ദിച്ചയാളാണ്. ഉപദേശങ്ങള്‍ തന്നയാളാണ്. പാലക്കാട് മത്സരിക്കണമെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞ സുഹൃത്താണ്. ഈ വിഷയങ്ങളുണ്ടായി ഓഗസ്റ്റ് മാസത്തിന് ശേഷം മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് പറഞ്ഞയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

സാമ്പത്തിക ചൂഷണം നടത്തിയെന്ന മൂന്നാം കേസിലെ അതിജീവിതയുടെ പരാതിയും രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. ഫ്ളാറ്റ് വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിട്ടില്ല. ചെരുപ്പ് വാങ്ങിതന്നുവെന്ന ആരോപണവും വസ്തുതാവിരുദ്ധം. മെസേജുകള്‍ മുഴുവന്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ പുറത്ത് വിട്ട ചാറ്റിലെ അഞ്ച് മെസേജുകള്‍ മുകളിലേക്കും അഞ്ച് മെസേജുള്‍ താഴോട്ടും പുറത്ത് വിടാന്‍ തയാറുണ്ടോ? രാഹുല്‍ ചോദിച്ചു.

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയപ്പോള്‍ താന്‍ തകര്‍ന്നുപോയി എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാര്‍ട്ടി നല്‍കിയത് വലിയ ശിക്ഷയാണെന്നും തന്റെ ഭാഗം കേള്‍ക്കാത്തത് വിഷമമായെന്നും രാഹുല്‍ പറഞ്ഞു. പാലക്കാട് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ തീരുമാനം എന്തു തന്നെയായാലും തനിക്ക് ജീവശ്വാസം ഉള്ളിടത്തോളം കാലം അത് അനുസരിക്കുമെന്നും പറഞ്ഞു.

വി ഡി സതീശനോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. വി ഡി സതീശനെ കാണാന്‍ ശ്രമിച്ചിട്ടില്ല, നടപടിക്ക് മുന്‍പ് സതീശന്‍ തന്നെ കേള്‍ക്കാത്തതില്‍ സങ്കടമുണ്ടെന്നും രാഹുല്‍ പറഞ്ഞു. എന്റെ വിഷയമുണ്ടായതിന് ശേഷം ആദ്യമായൊരു മാര്‍ച്ച് നടക്കുന്നത് വിഡി സതീശന്റെ ഓഫീസിലേക്കാണ്. വിഡി സതീശന്‍ എന്നെ സംരക്ഷിക്കുന്നു എന്നായിരുന്നു ആരോപണം. അദ്ദേഹത്തിന് എന്തെങ്കിലും ബോധ്യങ്ങളുണ്ടെങ്കില്‍ സംസാരിക്കാനും എന്റെ ഭാഗം പറയാനും തയാറാണ്. അങ്ങനെ ഒരു സംസാരം ഉണ്ടായിട്ടില്ല. എനിക്കെതിരെ ഗൂഢാലോചന കോണ്‍ഗ്രസിന് പുറത്ത് നിന്നായിരിക്കുമല്ലോ കൂടുതല്‍ നടക്കുക രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ അയോഗ്യത പരാതി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് നിയമസഭാ എത്തിക്സ് പ്രിവിലേജസ് കമ്മിറ്റി. കമ്മിറ്റിയുടെ ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. ഡി കെ മുരളി എംഎല്‍എയുടെ പരാതി പരിശോധിച്ച ശേഷം രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും വിശദീകരണം തേടും. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും. നിയമസഭയാകും റിപ്പോര്‍ട്ടിലെ ശുപാര്‍ശയില്‍ അന്തിമ നടപടി സ്വീകരിക്കുക.

Tags:    

Similar News