ബന്ധം തകരുമ്പോള്‍ അത് പീഡനമാക്കി മാറ്റുന്ന പ്രവണത ശരിയല്ല, ഇത് അംഗീകരിക്കാനാവില്ല; ക്രൂരമായ പീഡനത്തിന് ഇരയായ ഒരാള്‍ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയം; ഉഭയകക്ഷി ബന്ധമാണെന്നാണ് വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് മനസിലാക്കേണ്ടത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി
ബന്ധം തകരുമ്പോള്‍ അത് പീഡനമാക്കി മാറ്റുന്ന പ്രവണത ശരിയല്ല, ഇത് അംഗീകരിക്കാനാവില്ല
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ ലൈംഗിക ബന്ധവും ഗര്‍ഭഛിദ്രവും ഉഭയസമ്മത പ്രകാരമാണെന്ന് സൂചിപ്പിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളില്‍ നിന്നടക്കം ഇങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി പരാമര്‍ശിക്കുന്നു.
ക്രൂരമായ പീഡനത്തിന് ഇരയായ ഒരാള്‍ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയമാണെന്നും ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഇരുവരും തമ്മിലുള്ളതെന്നതിലേക്കുള്ള സൂചനയാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ബന്ധം തകരുമ്പോള്‍ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും ഇക്കാര്യം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവിലുണ്ട്.
ഗര്‍ഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് അങ്ങനെയാണ് മനസിലാക്കേണ്ടത്. രാഹുലിന്റെ സുഹൃത്താണ് യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കിയത്. ഇത് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് വാട്സാപ്പ് ചാറ്റുകളിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭഛിദ്രം രാഹുലിന്റെ നിര്‍ബന്ധ പ്രകാരമായിരുന്നോയെന്ന് വിചാരണയില്‍ വ്യക്തമാകണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ പരസ്പര സമ്മതത്തോടെ ദീര്‍ഘകാലം ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കാണാനാവില്ല. ഇത്തരം ബന്ധങ്ങള്‍ പരാജയപ്പെടുമ്പോള്‍ അവയെ ക്രിമിനല്‍ കുറ്റമാക്കുന്ന പ്രവണതയില്‍ സുപ്രീം കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി രാഹുലുമായി മുന്‍പ് പ്രണയത്തിലായിരുന്നുവെന്നും, ആരോപിക്കപ്പെട്ട സംഭവത്തിന് ശേഷവും അവര്‍ ഒന്നിച്ചു കഴിഞ്ഞിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇത് നിര്‍ബന്ധിത ലൈംഗിക അതിക്രമമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും അതിജീവിതയുമായി ഉണ്ടായിരുന്നത് എന്നും ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ പരാതി നല്‍കിയതാണെന്നുമായിരുന്നു രാഹുലിന്റെ വാദിച്ചത്. ഈ വാദങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് ഹൈക്കോടതിയില്‍ നിന്നും വിധി ഉണ്ടായിരിക്കുന്നതും. ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ല. ഗര്‍ഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ തന്റെ പക്കല്‍ മതിയായ തെളിവുകളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രധാനമായും മുന്നോട്ടു വച്ചത്.
തനിക്കെതിരെയുള്ള അന്വേഷണത്തിലും രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഏറെ വൈകി നല്‍കിയ പരാതി മുഖ്യമന്ത്രിക്കാണ് നല്‍കിയത് തുടങ്ങിയ കാര്യങ്ങളും രാഹുല്‍ ഉന്നയിച്ചിരുന്നു. രാഹുല്‍ നിരന്തരം കുറ്റവാളിയാണെന്ന പ്രോസിക്യൂഷന്‍ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. ആദ്യത്തെ കേസ് ഉണ്ടായതിന് ശേഷമാണ് പിന്നീട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ബലാത്സംഗക്കേസില്‍ കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും അന്ന് മൊബൈല്‍ ഫോണ്‍ സമര്‍പ്പിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
മൂന്നു ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് കോടതി നിര്‍ദേശം. ഒപ്പം കേരളം വിട്ടു പോകരുതെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും രാഹുലിനോടു നിര്‍ദേശിച്ചിട്ടുണ്ട്. രാഹുലിനെ ചോദ്യം ചെയ്യുന്ന സമയത്ത് കസ്റ്റഡിയിലുള്ളതായി കണക്കാക്കി ലൈംഗികശേഷി പരിശോധന ഉള്‍പ്പെടെയുള്ളവ നടത്താമെന്നും കോടതി വ്യക്തമാക്കി. രാഹുലിനെ അറസ്റ്റ് ചെയ്യുന്ന പക്ഷം 1 ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10നും 11നുമിടയില്‍ രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും അതിജീവിതയേയോ സാക്ഷികളെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
നേരത്തെ രണ്ടാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യവും മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു. ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. രാഹുല്‍ ബലാത്സംഗം ചെയ്യുകയും പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും ആരോപിച്ച് അതിജീവിത നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും രാഹുല്‍ ഒളിവില്‍ പോവുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യവുമായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി അനുവദിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ കോടതി അറസ്റ്റ് വിലക്കിയതോടെയാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തു വന്നത്.
