നടന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധം; ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതി തന്നെ; യുവതി വിവാഹിതയാണെന്ന് അറിയില്ലായിരുന്നു; തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗം; പരാതി നല്‍കാന്‍ കാലതാമസം വന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ ഇങ്ങനെ

നടന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധം; ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതി തന്നെ

Update: 2026-01-11 14:33 GMT

കൊച്ചി: മൂന്നാം ബലാത്സംഗക്കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ കേസ് എന്നും നടന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വാദിക്കുന്നത്. ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതി തന്നെയാണ് എന്നും പ്രത്യാഘാതങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് മുറി ബുക്ക് ചെയ്തത് എന്നും രാഹുല്‍ പറയുന്നു. തനിക്കെതിരെ പരാതി നല്‍കാന്‍ അകാരണമായ കാലതാമസം വന്നുവെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

പരാതിക്കാരി വിവാഹിതയാണെന്നും രാഹുല്‍ എടുത്തുപറയുന്നു. യുവതി വിവാഹിതയാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞതോടെ ബന്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അതിജീവിത പരാതി നല്‍കാന്‍ വൈകിയെന്നും രാഹുല്‍ പറയുന്നു. ജാമ്യാപേക്ഷ തിരുവല്ല കോടതി നാളെ പരിഗണിച്ചേക്കും.

ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്‍ക്കണ്ട് ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ അപേക്ഷ നല്‍കും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുക. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാകും പരിഗണിക്കുക. രാഹുലിന്റെ അഭിഭാഷകന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചിരുന്നു.

Tags:    

Similar News