'കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...'; റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം
റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം
തിരുവനന്തപുരം: സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ പോസ്റ്റുകള്‍. നിരവധി പേരാണ് കപ്പല്‍ മുങ്ങാന്‍പോകുന്നു എന്ന് മനസ്സിലാക്കി എടുത്തുചാടുന്നത് എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും പരിഹസിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
'കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...' എന്നു പരിഹസിച്ചു കൊണ്ടാണ് രാഹുല്‍ പോസ്റ്റിട്ടത്. പോസ്റ്റിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സിപിഎമ്മിന് വേണ്ടി നിരന്തരം ന്യായീരിക്കുന്ന ആളും പാര്‍ട്ടി മാറുന്നതാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എം അഭിജിത്തും ഫേസ്ബുക്കില്‍ പരിഹാസ പോസ്റ്റിട്ടു രംഗത്തെത്തി. അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സിപിഎമ്മിന്റെ ചാനല്‍ ചര്‍ച്ചകളിലെ പോരാളി, ഇന്ന് രാവിലെയും കടന്നല്‍ കൂട്ടങ്ങള്‍ക്ക് വാട്‌സപ്പ് യൂണിവേഴ്സിറ്റിയില്‍ ക്ലാസ്സെടുത്ത കടന്നല്‍രാജ, കോണ്‍ഗ്രസ്സിനെ തെറിപറയാന്‍ ആവേശം കാട്ടുന്ന- പിണറായി ഡൈബത്തെ ആരാധിക്കുന്ന റെജി ലൂക്കോസ്,
രാജ്യത്തെ കനല്‍ ഒരു തരിയെങ്കില്‍ അത് താനാകുമെന്ന് പ്രഖ്യാപിച്ച സഖാവ്... ഏതെങ്കിലുമൊരു അനുഭാവിയല്ല നേതാവ്. ദാ ഇപ്പോള്‍ ബിജെപി യില്‍ ചേര്‍ന്നിരിക്കുന്നു. ഞങ്ങള്‍ക്കതില്‍ തെല്ലും സന്തോഷമില്ല- മറിച്ച് ആശങ്കയുണ്ട്.. ആര്‍.എസ്.എസ് നയങ്ങളെ ചുവന്ന പരവതാനി വിരിച്ച് പിണറായിയും കൂട്ടരും ഇവിടേക്ക് സ്വാഗതം ചെയ്യുമ്പോള്‍ സിപിഎം പോരാളികള്‍ ബിജെപി ആവുകയാണ്, ഇത് അപകടമാണ്.
അതേസമയം റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സിപിഎമ്മിനെതിരെ വിമര്‍ശിച്ചു കൊണ്ടാണ് റെജി ലൂക്കോസ് പാര്‍ട്ടി വിട്ടിരിക്കുന്നത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം. സിപിഐഎം വര്‍ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ഏകദേശം 35 വര്‍ഷത്തോളം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി കേരളത്തിലെ ടിവി ചാനലുകളില്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ആശയപരമായ മാറ്റമാണ്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ നമ്മുടെ നാട് വൃദ്ധസദനമായി മാറും. രാഷ്ട്രീയ യുദ്ധത്തിനല്ല താല്‍പര്യം. ബിജെപിയുടെ ദേശീയ നേതൃത്വം പകര്‍ന്നു തരുന്ന വികസനവും ആശയവും എന്നെ ഞെട്ടിച്ചു. കേരളത്തില്‍ സിപിഐഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണ്', അദ്ദേഹം പറഞ്ഞു.
'കുറെ നാളുകളായി എനിക്ക് ക്ഷണമുണ്ട്. ഇന്നുമുതല്‍ എന്റെ ആശയങ്ങള്‍ ബിജെപിക്കൊപ്പമാണ്. പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിട്ടു. ഇന്ന് ഈ നിമിഷം മുതല്‍ എന്റെ വാക്കുകളും പ്രവര്‍ത്തികളും ബിജെപിക്കുവേണ്ടിയാണ്', റെജി ലൂക്കോസ് കൂട്ടിച്ചേര്‍ത്തു.
ജനുവരി 11 ന് അമിത് ഷാ കേരളത്തിലെത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിയാസഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ മാറ്റം കാണും. ആര്‍ക്കാണ് വികസനത്തെ പറ്റി കാഴ്ചപ്പാടുള്ളത് എന്ന് ജനങ്ങളെ കൃത്യമായി മനസ്സിലാക്കി കൊടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
