ക്രൂരമായ പീഡനവും ഗര്‍ഭഛിദ്ര പരാതിയും; കൂടെ സാമ്പത്തിക ചൂണവും; അപ്രതീക്ഷിത നീക്കവുമായി പോലീസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പോലീസ് അറസ്റ്റില്‍; കുരുക്ക് വീണത് മൂന്നാം പരാതിയില്‍; രഹസ്യ ഓപ്പറേഷനൊടുവില്‍ പുതിയ പരാതിയില്‍ അറസ്റ്റ്
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുതിയ ലൈംഗികാതിക്രമ കേസിൽ പൊലീസ് കസ്റ്റഡിയിലായി. പാലക്കാട്ടെ കെപിഎം ഹോട്ടലിലെ 2002-ാം നമ്പർ മുറിയിൽ നിന്നാണ് ഇന്ന് രാവിലെ രാഹുലിനെ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബലാൽസംഗം, നിർബന്ധിത ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരു യുവതി ഇ-മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തത്. എംഎൽഎയെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് രാഹുലിന്റെ പിഎ അറിയിച്ചെങ്കിലും, അദ്ദേഹത്തെ ഇതുവരെ ആലത്തൂർ സ്റ്റേഷനിൽ എത്തിച്ചിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.
കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പായി പൊലീസ് കെപിഎം ഹോട്ടലിലെ റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തതായും, സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്ത സമയത്താണ് പൊലീസ് യൂണിഫോമിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാവിലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞതിന് ശേഷം കെപിഎം ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്ന് ബലാൽസംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. പുതിയ കേസിൽ കസ്റ്റഡിയിലെടുത്തതോടെ എംഎൽഎക്കെതിരായ നിയമനടപടികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.