സിസിടിവിയുള്ള റോഡുകള്‍ ഒഴിവാക്കി കണ്ണാടിയില്‍ നിന്നും മുങ്ങി; കോയമ്പത്തൂര്‍ വഴി രാഹുല്‍ കര്‍ണാടകയില്‍ എത്താന്‍ സാധ്യതകള്‍; തെലുങ്കാനയിലേക്കും കടന്നിരിക്കാം; കോണ്‍ഗ്രസ് സര്‍ക്കാരുള്ള സംസ്ഥാനങ്ങളില്‍ മാങ്കൂട്ടത്തില്‍ എത്തിയെന്ന നിഗമനം ശക്തം; പിണറായി പോലീസിന് നാണക്കേടായി എംഎല്‍എയുടെ ഒളിവ് ജീവിതം

Update: 2025-12-01 01:49 GMT

തിരുവനന്തപുരം: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കേരളം വിട്ടെന്ന നിഗമനത്തില്‍ പോലീസ്. കര്‍ണാടകയിലോ തെലുങ്കാനയിലോ മാങ്കൂട്ടത്തില്‍ ഉണ്ടെന്നാണ് സൂചന. ആരുമായും ഫോണില്‍ പോലും ബന്ധപ്പെടുന്നില്ല. കര്‍ണാടകയിലും തെലുങ്കാനയിലും കോണ്‍ഗ്രസ് ഭരണമാണ്. അതുകൊണ്ട് തന്നെ അവിടെ പോയി രാഹുലിനെ അറസ്റ്റു ചെയ്യുക അസാധ്യമാണ്. കോയമ്പത്തൂരില്‍ നിന്നും രാഹുല്‍ മാറിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. സിസിടിവിയുള്ള റോഡുകള്‍ ഒഴിവാക്കിയാണ് രാഹുല്‍ പാലക്കാട് വിട്ടത്. ഒന്നില്‍ അധികം വാഹനം ഉപയോഗിച്ചുവെന്നും സൂചനയുണ്ട്. അതിനിടെ രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസ് നാടകമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. കണ്ണാടിയില്‍ നിന്നും ചുവന്ന പോളോ കാറില്‍ മുങ്ങിയെന്നാണ് പോലീസ് നിഗമനം.. ബുധനാഴ്ച രാഹുലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ പോലീസ് റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും നാളെയുമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കാനുള്ള ശ്രമം മാത്രമാണ് പോലീസ് നടത്തുന്നതെന്നാണ് സൂചന.

രാഹുലിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ ജോബിയെ കണ്ടെത്താനും ശ്രമിക്കുന്നില്ല. യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ പാലക്കാടുള്ള ഫ്ലാറ്റില്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. അതേസമയം രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതും വെറുതെയായി. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ആക്രമണത്തിനെതിരെ ഓരോ ജില്ലയിലും കേസ് എടുക്കാന്‍ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നിര്‍ദേശം. പുറത്തുവിട്ട ചിത്രങ്ങള്‍ പലതും വിവാദമായതോടെ പോസ്റ്റ് ഇട്ടവര്‍ പിന്‍വലിച്ചിരുന്നു.

മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുലിനെ കണ്ടെത്താന്‍ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പൊലീസിന്റെ ഊര്‍ജ്ജിത നീക്കം.

കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലിസിന്റെ കീഴില്‍ പ്രത്യേക സംഘമുണ്ട്. ഇതിന് പുറമേ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്തനായി ഓരോ സംഘങ്ങളെയും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലെയും പരിശോധന. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചില്‍ പുരോഗമിക്കുകയാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപക പരിശോധന. രാഹുലിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടന്നു. പക്ഷേ ഒരിടത്തു നിന്നും ഒരു തുമ്പും കിട്ടുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെ മാങ്കൂട്ടത്തിലിന്റെ ഫ്ളാറ്റില്‍ പരിശോധന നടത്തിയിരുന്നു പോലീസ് സംഘം. പരാതിക്കാരിയായ യുവതി ഫ്ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് സെക്യൂരിറ്റി റൂമിലെത്തി പോലീസ് പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, പോലീസിന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പാലക്കാട്ടെ ഫ്ളാറ്റിലെത്തിച്ചും രാഹുല്‍ പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് എത്തിയത്. എന്നാല്‍, യുവതി പരാതിയില്‍ പറയുന്ന കാലയളവിലെ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുന്‍പത്തെ ദൃശ്യം ഡിവിആറില്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്.

ഒരുപക്ഷേ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം അവ ബാക്കപ്പ് ചെയ്തെടുക്കാനുള്ള ശ്രമം പോലീസ് നടത്തിയേക്കാം. ഫ്ളാറ്റിന് സമീപത്തെ സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിച്ചേക്കും. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. രാഹുലിന്റെ രണ്ട് കാറുകളും ഫ്ളാറ്റില്‍ തന്നെയുണ്ട്.

Tags:    

Similar News