ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രോവിഡന്റ് ഫണ്ട് വകമാറ്റി ചെലവഴിച്ചു; 6000 മുതല്‍ ലക്ഷങ്ങള്‍ വരെ ശമ്പളം വാങ്ങുന്നവരുടെ സമ്പാദ്യത്തില്‍ കൈയ്യിട്ടു വാരിയെന്ന് പരാതി; മീഡിയ വണ്‍ ചാനലിന്റെ ഓഫീസില്‍ പിഎഫ് കമ്മീഷണറുടെ റെയ്ഡ്; പി എഫിലെ തിരിമറി ഗുരുതര കുറ്റം

മീഡിയ വണ്‍ ചാനലിന്റെ ഓഫീസില്‍ പിഎഫ് കമ്മീഷണറുടെ റെയ്ഡ്

Update: 2024-11-26 12:04 GMT

കോഴിക്കോട്: ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രോവിഡന്റ് ഫണ്ട് വകമാറ്റി ചെലവഴിച്ചതായി മീഡിയ വണ്‍ ചാനലിന് എതിരെ പരാതി. ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനമാണ് മീഡിയ വണ്‍. ചാനല്‍, പി എഫ് വകമാറ്റി ചെലവഴിക്കുന്നതായി വ്യാപകമായ പരാതികള്‍ കിട്ടിയതോടെ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ റെയ്ഡ് നടത്തി.

ചാനലിലെ മുന്നൂറില്‍ അധികം വരുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കാനായി നിശ്ചിത തുക മാസാമാസം പിടിക്കുന്നുണ്ട്. എന്നാല്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത തുക മീഡിയവണ്‍ പ്രൊവിഡന്റ് ഫണ്ടില്‍ അടയ്ക്കാതെ വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം.

വാര്‍ദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷിതത്വം ഒരുക്കുന്നത് മാത്രമല്ല, നികുതി ഇളവുകളടക്കം നല്‍കുന്ന ഒന്നാണ് പ്രോവിഡന്റ് ഫണ്ട്. തൊഴിലുടമയും ജീവനക്കാരും സ്വമേധയാ നിക്ഷേപിക്കുന്ന ദീര്‍ഘ കാല സമ്പാദ്യം ആണിത്. ജീവനക്കാര്‍ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന സമാശ്വാസമായ പ്രൊവിഡന്റ് ഫണ്ടില്‍ തിരിമറി കാട്ടുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്.

ചാനലില്‍ 6000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ ശമ്പളം വാങ്ങുന്നവര്‍ ഉണ്ട്. ഇവരുടെ ശബളത്തില്‍ നിന്ന് പിടിച്ച തുക വകമാറ്റി ചെലവഴിച്ചുവെന്നാണ് പി എഫ് കമ്മീഷണര്‍ കണ്ടെത്തിയത്.

2019 ല്‍ മാധ്യമം ദിനപത്രത്തിലെ സാമ്പത്തിക അഴിമതിയും ധൂര്‍ത്തും പുറത്തുകൊണ്ടുവന്ന മുന്‍ ഷൂറ അംഗവും മീഡിയവണ്‍ മാനേജിങ് എഡിറ്ററുമായ സി ദാവുദിന്റെ ജ്യേഷ്ഠനുമായ ഖാലിദ് മൂസ നദ്വിയെ ജമാ അത്തെ ഇസ്ലാമി പുറത്താക്കിയിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട 68000 ഷെയര്‍ ഹോള്‍ഡേഴ്സ് ഉണ്ടെന്നു ചാനല്‍ അവകാശപ്പെടുന്നു. ചാനല്‍ തുടങ്ങി പത്തു വര്‍ഷമായിട്ടും ആര്‍ക്കും ചാനലിന്റെ സാമ്പത്തിക നേട്ടത്തിന്റെ വിഹിതം നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ മുന്‍പ് മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസിലും ലഭിച്ചിട്ടുണ്ട്.

Tags:    

Similar News