ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാ അവകാശങ്ങളോടുള്ള ലംഘനം; മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അസഹിഷ്ണുതയുടെ തെളിവ്; കേരളത്തില്‍ പോലീസ് രാജ്; മറുനാടന്‍ എഡിറ്ററുടെ അറസ്റ്റിനെതിരെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാ അവകാശങ്ങളോടുള്ള ലംഘനം
തിരുവനന്തപുരം: മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിനെതിരെ ബിജെപി. വാര്‍ത്തയുടെ പേരില്‍ രാത്രി ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ അറസ്റ്റു ചെയ്ത കേരളാ പോലീസ് നടപടിക്കെതിരെയാണ് ബിജെപി രംഗത്തുവന്നത്. വസ്ത്രം പോലും ധരിക്കാന്‍ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഭരണഘടനാവകാശങ്ങളെ കുറിച്ചും ആവിഷ്‌കാര, മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാചാലമായി സംസാരിക്കുന്ന ഇന്‍ഡി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ അവകാശങ്ങള്‍ എല്ലാം നഗ്നമായി ലംഘിക്കുന്നത്. ഇത്തരം ഏകാധിപത്യപരമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. ഷാജന്‍ സ്‌കറിയയുടെ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്ന നടപടികള്‍ ബിജെപി വച്ചുപൊറുപ്പിക്കില്ല.
ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും ബിജെപി ചെറുത്തു തോല്‍പ്പിക്കും. ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് മുഴുവന്‍ ദിവസവും കസ്റ്റഡിയില്‍ വെക്കാന്‍ വേണ്ടിയായിരുന്നു. അതെന്തായാലും പോലീസിന് കഴിഞ്ഞില്ല. കേരളത്തിലെ പോലീസ് രാജിനെ ശക്തമായി ബിജെപി എതിര്‍ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നിരവധി പേര്‍ അറസ്റ്റിനെതിരെ രംഗത്തുവന്നു. കേരളാ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് മറുനാടന്‍ എഡിറ്ററെ പോലീസ് അറസ്റ്റു ചെയ്തത്. രാത്രിയോടെ ഷാജന് പോലീസ് ജാമ്യം അനുവദിച്ചിരുന്നു. ഒരു ദിവസമെങ്കിലും ഷാജനെ അഴിക്കുള്ളിലാക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളാണ് നീതിപീഠത്തിന്റെ ഇടപെടലില്‍ പൊളിഞ്ഞത്.
പിണറായി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു. സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഷാജന്‍ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഏതാണ് കേസെന്ന് പോലും പറയാതെയാിരുന്നു പോലീസിന്റെ ഇടപെടല്‍. ഇപ്പോഴത്തെ ഡിജിപിയുടെ ഇടപെടലും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കള്‍ക്കൊപ്പം എരുമേലിയിലെ വീട്ടില്‍ നിന്നം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു പോലീസ് സംഘം ഷാജന് പിന്നാലെ കൂടിയത്. കുടപ്പനക്കുന്നിലെ വീട്ടിലെത്തിയതിന് പിന്നാലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ഷാജന് സ്‌ക്‌റിയയെ കസ്റ്റഡിയിലെടുത്തു. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് കസ്റ്റഡി. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്‍രെ വസതിയില് ഹാജറാക്കുകായിയിരുന്നു. കൃത്യമായ തിരക്കഥയോടെയായിരുന്നു പോലീസിന്റെ നീക്കങ്ങള്‍.
എന്നാല്‍ അഡ്വ. ശ്യാം ശേഖര്‍ അറസ്റ്റ് നടപടിയിലെ നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും കോടതി മുമ്പാകെ വാദിച്ചു. ഇതോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിക്കുകയായിരുന്നു. 2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് മറുനാടന്‍ വേട്ട തുടങ്ങിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും വ്യക്തമായി. ഇന്ന് തൃശ്ശൂര്‍ പൂരത്തിന്റെ വാര്‍ത്തകളിലേക്ക് ചാനലുകള്‍ കടക്കുമ്പോള്‍ അവസരം മുതലാക്കി ഷാജനെ അഴിക്കുള്ളിലാക്കുക എന്നതായിരുന്നു പോലീസിന്റെ തന്ത്രം.
രാത്രി എട്ടരയോടെയാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 75(1) 5, 79ാം വകുപ്പ്, ഐടി നിയമത്തിലെ 67ാം വകുപ്പ്, കേരളാ പൊലീസ് ആക്ടിലെ 120ാം അനുശ്ചേദത്തിലെ ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാദ വ്യവസായി കെന്‍സ ഷിഹാബിന്റെ തട്ടിപ്പിനെ കുറിച്ചായിരുന്നു മറുനാടന്റെ വാര്‍ത്തകള്‍. കോടികള്‍ കബളിപ്പിച്ച ഷിഹാബിനെതിരെ കേരളാ പോലീസിന്റെ ലുക്കൗട്ട് നോട്ടീസും നിലനില്‍ക്കുന്നുണ്ട്. വിവാദ വ്യവസായിയുടെ വിശ്വസ്തയായ യുവതി നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ട ശേഷം മറുനാടനെ വേട്ടയാടാനുള്ള അവസരമാക്കി മാറ്റിയ സര്‍ക്കാറിനും പോലീസും കനത്ത തിരിച്ചടി കോടതിയില്‍ നിന്നും ഉണ്ടായത്.
കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷാക്കെതിരെ മറുനാടന്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഈ കേസില്‍ ഷിഹാബ് ഷാ അറസ്റ്റിലാവുകയും ചെയ്തിരുന്നു.