കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷര്‍ഷാദിനെ മര്‍ദ്ദിച്ച അഹങ്കാരം; മധുരയില്‍ യുകെയില്‍ നിന്നുള്ള വിദേശ സമ്മേളന പ്രതിനിധിയായത് കേരളത്തിലെ സുഹൃത്തുക്കളുടെ പിന്‍ബലത്തില്‍; ആളെത്തിയെന്ന് അറിഞ്ഞതും എംഎ ബേബി ഇടപെട്ടു; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും യുകെയില്‍ നിന്നെത്തി 'ബിനാമി സഖാവിനെ' മടക്കി അയച്ചത് പിബി അംഗത്തിന്റെ ഇടപെടലില്‍; രാജേഷ് കൃഷ്ണയ്ക്ക് ഇത് അപമാന മടക്കം
മധുര: പാര്‍ട്ടി കോണ്‍ഗ്രസിലെ വിദേശ പ്രതിനിധിയെ ഒഴിവാക്കി. അസാധാരണ നടപടിയുമായി സിപിഎം രംഗത്തു വരുന്നത് അഴിമിതി ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന തിരിച്ചറിവില്‍. യുകെയില്‍ നിന്നുള്ള പ്രതിനിധി മലയാളിയായ രാജേഷ് കൃഷ്ണയെയാണ് ഒഴിവാക്കിയത്. സിനിമാ നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാജേഷ് കൃഷ്ണ. മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ് രാജേഷ് കൃഷ്ണയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്തത്. സിപിഎമ്മിന്റെ അടുത്ത ജനറല്‍ സെക്രട്ടറിയാകാന്‍ സാധ്യതയുള്ള പേരുകാരന്‍ കൂടിയാണ് ബേബി. ഈ സാഹചര്യത്തിലാണ് വിദേശ പ്രതിനിധിയെ പുറത്താക്കിയത്. രാജേഷിനെ പ്രതിനിധിയാക്കി ഉള്‍പ്പെടുത്തിയത് എന്തിനെന്ന ചോദ്യം കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. കേരള ഘടകം നേതാക്കള്‍ ഇടപെട്ടാണ് രാജേഷിനെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. കടുത്ത നിലപാട് ബേബി എടുത്തുവെന്നാണ് സൂചന. അതിനിടെ കേരളത്തിലെ വലിയൊരു വിഭാഗം നേതാക്കളുമായി അടുത്ത ബന്ധം രാജേഷ് കൃഷ്ണയ്ക്കുണ്ട്. ഇതുപയോഗിച്ച് ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാതിരിക്കാനുള്ള കരുനീക്കങ്ങള്‍ രാജേഷ് കൃഷ്ണ നടത്തിയിട്ടുണ്ട്. കേരളത്തിലെ ചില നേതാക്കള്‍ ഇതിന് പിന്തുണയും നല്‍കുന്നുണ്ട്. ബേബി ജനറല്‍ സെക്രട്ടറിയാകുമോ എന്നതില്‍ ഇതോടെ അനിശ്ചിതത്വം എത്തുകയാണ്. പലവട്ടം മറുനാടന്‍ മലയാളി തുറന്നു കാട്ടിയ വ്യക്തിത്വമാണ് രാജേഷ് കൃഷ്ണയുടേത്.
യുകെയില്‍ നിന്നുള്ള പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി മലയാളിയായ രാജേഷ് കൃഷ്ണനെയാണ് ഒഴിവാക്കിയത് അസാധാരണ നടപടിയിലൂടെയാണ്. രാജേഷിനെ പ്രതിനിധിയാക്കി ഉള്‍പ്പെടുത്തിയത് എന്തിനെന്ന ചോദ്യം കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. കേരള ഘടകം നേതാക്കള്‍ ഇടപെട്ടാണ് രാജേഷിനെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. സിനിമാ നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാജേഷ് കൃഷ്ണ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് രാജേഷ് കൃഷ്ണയ്ക്ക് എതിരെ പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും ഒഴിവാക്കിയതെന്ന വിവരമുണ്ട്. ഇന്നലെ മധുരയിലെത്തിയ രാജേഷ് കൃഷ്ണയെ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി തന്നെ നേരിട്ട് വിളിച്ച് ഒഴിവാക്കിയ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ രാജേഷ് കൃഷ്ണയെ ഏത് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. പിന്നീട് രാജേഷ് കൃഷ്ണയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും ഒഴിവാക്കി കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം എടുക്കുകയായിരുന്നു.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഹവാലപ്പണവുമായി കടന്നുവരുന്ന ദല്ലാളന്മാരെക്കുറിച്ച് പുഴു എന്ന മമ്മൂട്ടി സിനിമയുടെ സംവിധായിക രത്തീനയുടെ ഭര്‍ത്താവും, ചെന്നൈ വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. കണ്ണൂര്‍ ന്യൂമാഹി സ്വദേശിയായ ഈ സിപിഎം സഹയാത്രികന്‍, പാര്‍ട്ടിയില്‍ എങ്ങനെയാണ് യുകെയിലെ വിവാദ നായകന്‍ രാജേഷ് കൃഷ്ണയെപ്പോലുള്ള ദല്ലാളുകള്‍ പിടിമുറുക്കിയത് എന്നതിന്റെ വിശീദകരണമാണ്, മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായുള്ള അഭിമുഖത്തില്‍ നല്‍കിയത്. പല സിപിഎം നേതാക്കളെയും രാജേഷ് കൃഷ്ണ ട്രാപ്പിലാക്കിയെന്ന് ഷര്‍ഷാദ് പറയുന്നു. കോടിയേരിയുള്ള സമയത്ത് ഒതുങ്ങിയ ഇയാള്‍, ഇപ്പോള്‍, എം വി ഗോവിന്ദന്റ മകന്റെ ബന്ധം വെച്ച് പാര്‍ട്ടിയില്‍ തിരിച്ചുവന്നിരിക്കയാണ്. സിപിഎം നേതാവ് തോമസ് ഐസക്ക് രാജേഷ് കൃഷ്ണയുടെ വലംകൈയാണെന്നും ഷര്‍ഷാദ് പറഞ്ഞിരുന്നു. പി കെ ബിജുവും, എം ബി രാജേഷും, ശ്രീരാമകൃഷ്ണനുമൊക്കെയുള്ള നേതാക്കള്‍ രാജേഷിന്റെ ട്രാപ്പിലാണ്. എന്തിന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പോലും രാജേഷിന്റെ സ്വാധീനത്തിലാണോ എന്ന സംശയവും, അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കണ്ണൂരില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസ് വേദിക്കരികില്‍ വെച്ച് രാജേഷ് കൃഷ്ണ തന്നെ ആക്രമിച്ചിട്ടും, പൊലീസ് ഒരു എഫ്‌ഐആര്‍ ഇട്ടിട്ടുപോലുമില്ലെന്ന് ഷര്‍ഷാദ് ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ സര്‍വാധിപത്യകാലത്ത് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതിന്റെ നേര്‍ ചിത്രമാണ് ഷര്‍ഷാദിന്റെ ജീവിതം. ഇതേ തുടര്‍ന്നാണ് രാജേഷ് കൃഷ്ണയെ സമ്മേളന പ്രതിനിധിയില്‍ നിന്നും മാറ്റുന്നത്.
തനിക്കെതിരെ രാജേഷ് കൃഷ്ണയുടെ പ്രേരണയില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഷര്‍ഷാദ് തുടര്‍ന്ന് മറുനാടനോട് അന്ന് പറഞ്ഞത്. '2018-ല്‍ എന്റെ ബര്‍ത്ത് ഡേക്ക് എന്റെ ഭാര്യയുടെ സ്വന്തം ജ്യേഷ്ടത്തി എഴുതിയ കാര്യമുണ്ട്. ഭാര്യ എനിക്കെതിരായ കാര്യങ്ങള്‍ ഇന്‍ബോക്‌സില്‍ പറയുന്ന സമയത്ത്, കുറച്ചാളുകള്‍ അത് സ്‌ക്രീന്‍ഷോട്ട് എടുത്ത്, എനിക്ക് അയച്ചുതന്നു. അവര്‍ എന്റെ ബര്‍ത്ത്‌ഡേക്ക് വിഷ് ചെയ്യുന്നത് 'നിന്നെ പോലെ ഒരു ബ്രദര്‍ ഇന്‍ ലോവിനെ നമ്മുടെ കുടുംബത്തില്‍ കിട്ടിയത്, ദൈവം അനുഗ്രഹിച്ചതുകൊണ്ടാണെ'ന്നാണ്. അതിന്റെ സക്രീന്‍ഷോട്ട് എന്റെ കൈയിലുണ്ട്. 2018-ല്‍ പറഞ്ഞതാണിത്. ഇവര്‍ ഇപ്പോള്‍ ഡൊമസ്റ്റിക്ക് വയന്‍ലന്‍സ് കേസില്‍ പറയുന്നത്, മദ്രാസില്‍ കൊണ്ടുപോയി അടിച്ചു, ദ്രോഹിച്ചു എന്നൊക്കെയാണ്, അതൊന്നും തെളിയിക്കാന്‍ പറ്റിയിട്ടില്ല. കേസ് ഫൈനല്‍ സ്റ്റേജിലാണ് ഉള്ളത്. ഈ പോസ്റ്റ് ഇട്ട് കുറച്ച് കാലത്തിനുശേഷമാണ് എന്റെ ഫാമിലി കൊച്ചിയിലേക്ക് മാറുന്നത്. പിന്നെ ഞാന്‍ ചെന്നൈയിലും, കുടുംബം കൊച്ചിയിലുമാണ്. പിന്നെ എപ്പോഴാണ് ഡൊമസ്റ്റിക്ക് വയലന്‍സ് നടന്നതെന്ന് അവര്‍ പറയണമെല്ലോ എന്റെ ഭാര്യ ഒരു 'കുല' ഡിക്ലയര്‍ ചെയ്തിട്ടുണ്ട്. ഈ കുല എന്നാല്‍ ഇസ്ലാമില്‍ തലാഖ് പോലെത്തെ ഒരു സംഭവമാണ്. തലാഖ് പുരുഷന്മാര്‍ക്ക് സ്ത്രീകളെ ഒഴിവാക്കാനാണെങ്കില്‍, ഇത് സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഒഴിവാക്കാനാണ്. ഇത് അതാത് മഹല്ലില്‍ പോയിട്ട്, ആ മഹല്ല് രണ്ടുപേരെയും വിളിച്ചു വരുത്തി സംസാരിച്ചിട്ടാണ് കുല കൊടുക്കുന്നത്. സ്ത്രീ വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട. അതില്‍ വേറെ അപ്പീലില്ല. നമ്മുടെ കോടതിപോലെ ഇങ്ങനെ നെഗോസിയേഷനുമായി നടക്കേണ്ട കാര്യമില്ല. പക്ഷേ അത് മഹല്ല് വിളിച്ചുവരുത്തണം. ഇവര്‍ താന്‍ കുല കൊടുത്തുവെന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതിന്റെ ബാക്ക് ഗ്രൗണ്ട് അന്വേഷിച്ചപ്പോള്‍ അത് തെറ്റാണെന്ന് തെളിഞ്ഞു. കാരണം ആ മഹല്ല് ഇപ്പോള്‍ വഖഫ് ബോര്‍ഡിന്റെ കണ്‍ട്രോളിലാണ്. ബാലുശ്ശേരിയിലെ മുജാഹിദ് വിഭാഗക്കാര്‍ തമ്മില്‍ തല്ലാവുകയും കേസ് ആയതിനെ തുടര്‍ന്ന് അവിടെ റസീവര്‍ ഭരണമാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് അധികാരം ഇല്ലാത്ത പ്രസിഡന്റിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചിട്ടാണ്, ഇവര്‍ കുല കൊടുത്തുവെന്ന് പറഞ്ഞ് ഒരു വ്യാജ ഡോക്യൂമെന്റ് കോടതിയില്‍ കൊടുത്തിരിക്കുന്നത്. അത് ഭയങ്കര ക്രിമിനല്‍ സംഗതിയാണ്. ഞങ്ങള്‍ കോടതിയില്‍ ഒബ്ജക്റ്റ് ചെയ്തിട്ടുണ്ട്. അതിലും അവര്‍ പെടുമെന്ന് ഉറപ്പാണ്. പക്കാ ഫ്രോഡാണ് ചെയ്തിരിക്കുന്നത്.'- ഷര്‍ഷാദ് പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ എംഎ ബേബിയുടെ ഇടപെടലും ഷര്‍ഷാദ് വിശദീകരിച്ചിരുന്നു. 'അവസാനമായി എനിക്ക് പാര്‍ട്ടിയില്‍ നിന്ന് വന്ന വിളി എം എ ബേബി സാറിന്റെതാണ്. ബേബി ഇതില്‍ ഇടപെടാന്‍ കാരണം പാര്‍ട്ടിയുടെ യുകെ ചാര്‍ജുള്ള ആള്‍ എന്ന നിലയ്ക്കാണ്. ഇവനെപ്പറ്റി മുമ്പും പരാതികള്‍ വന്നിട്ടുണ്ട് എന്ന് ബേബി പറഞ്ഞു. പക്ഷേ ഇത്ര ഡീറ്റേലായിട്ടുള്ള ഒരു സംഗതി ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് എനിക്ക് കൂടുതല്‍ അറിയണമെന്ന് ബേബി പറഞ്ഞു. മറ്റന്നാള്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുകയാണ്, നിങ്ങള്‍ കണ്ണൂര്‍ക്കാരനല്ലേ, അവിടെ വന്നോളു, നമുക്ക് വിശദമായി സംസാരിക്കാം എന്ന് പറഞ്ഞു. ഞാന്‍ അങ്ങനെ ബേബി സാറിനെ കണ്ടു. പയ്യാമ്പലം ഗസ്റ്റ് ഹൗസിലായിരുന്നു ബേബി താമസിച്ചിരുന്നത്. പുള്ളിയുടെ പിറന്നാള്‍ ആണ് അന്ന്. അതിനാല്‍ ഒന്നിച്ച് ഭക്ഷണവും കഴിച്ചു. എന്നിട്ടും ബേബി പൂര്‍ണ്ണമായും കഥകള്‍ കേട്ടു. പയ്യാമ്പലത്തുനിന്ന് കാറില്‍ വരെവേ എന്നോടുപറഞ്ഞു, യുകെയിലെ പാര്‍ട്ടി പ്രതിനിധി ഹര്‍സേവ് ഉണ്ട് സമ്മേളനം നടക്കുന്ന പന്തലില്‍. അദ്ദേഹത്തെ കാണാന്‍ പറഞ്ഞു. ഞാന്‍ ഡ്രൈവറെ കൂടെ വിടാം. അദ്ദേഹത്തെയും ഒന്ന് കണ്ട് കാര്യം പറഞ്ഞേക്ക്. അദ്ദേഹത്തിന് മലയാളം അറിയില്ല. നിങ്ങള്‍ ഇംഗ്ലീഷില്‍ കാര്യം പറയണം. എന്നിട്ട് ഈ പരാതിയുടെ ഒരു കോപ്പി ട്രാന്‍സിലേറ്റ് ചെയ്ത് യെച്ചൂരിക്കും കൊടുക്കണമെന്നും ബേബി സാര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെത്തി ഹര്‍സേവിനെ കണ്ടു. അപ്പോഴേക്കും എംഎ ബേബി സാര്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞിട്ടുണ്ട്, ഇങ്ങനെ ഒരാള്‍ കാണാന്‍ വരുന്നുണ്ടെന്ന്. ഹര്‍സേവും ഭാര്യയും ഒപ്പമുണ്ട്. ഭാര്യക്ക് രാജേഷ് കൃഷ്ണയെപ്പറ്റി കേട്ടതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. അവരുടെയൊക്കെ മൂന്‍പില്‍ ഇവന്‍ അങ്ങനെയാണ്. ഞാന്‍ ഹര്‍സേവിനെ കണ്ട് ഇറങ്ങിവരുമ്പോഴാണ്, രാജേഷ്‌കൃഷ്ണയും കുറച്ച് ടീമും പന്തലിലേക്ക് കയറിവരുന്നത്. അവിടെവച്ചാണ് എന്നെ കണ്ടപ്പോള്‍ അവന്‍ എന്നെ ആക്രമിച്ചു. ആദ്യം അവന്‍ വന്ന് കോളറിന് പിടിച്ചു. എന്നിട്ട് ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ കൂടെ വന്നവര്‍ 'രാജേഷേ' എന്ന് വിളിച്ചു. കാരണം അത് ഒരു വലിയ ഇവന്റ് നടക്കുന്ന സ്ഥലമാണ്. സിഎം ഒക്കെ എത്താനുള്ള സമയം ആയിരിക്കയാണ്. അവിടെ സിസിടിവിയും കാര്യങ്ങളുമൊക്കെയുണ്ട്. ആ വിളികേട്ടതോടെ അവന്‍ അലേര്‍ട്ടായി. പിന്നെ ഞാന്‍ ഓടാതിരിക്കാനായി, കാലിന്റെ വിരല്‍ ചവിട്ടിപ്പിടിച്ചു. എന്നിട്ട് ഒരുപാട് എന്നെ തെറിവിളിച്ചു. ഇവിടെ പറയാന്‍ പറ്റാത്ത തെറിയാണ്. 'നീ തകര്‍ന്ന്, നിന്റെ കുടുംബം തകര്‍ന്നു. നീ കണ്ടോ ഇനി എന്തൊക്കെയാണ് വരാന്‍ പോകുന്നത്' എന്നെല്ലാം ഭീഷണിപ്പെടുത്തി. അപ്പോഴേക്കും എന്റെ കാലില്‍നിന്ന് ബ്ലഡ് വരാന്‍ തുടങ്ങി. ഞാന്‍ നേരെ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടി പൊലീസില്‍ പരാതി കൊടുത്തു. ആ പരാതിയിലും ഇതുവരെ എഫ്‌ഐആര്‍ ആയിട്ടില്ല.'- ഷര്‍ഷാദ് വിശദീകരിച്ചത് ഇങ്ങനെയാണ്. അതായത് ഇയാളെ കുറിച്ച് എല്ലാം എംഎ ബേബിക്ക് അറിയാമായിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്.