'ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല; ചേട്ടനോട് ദയവായി ക്ഷമിക്കണം; തിരുത്താനും നല്ല മനുഷ്യനാകാനും പറ്റുമോയെന്ന് ഞാന്‍ നോക്കട്ടെ; പോയിട്ടു വരാം മക്കളേ'; പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വേടന്റെ പ്രതികരണം; വേടനെ പുകഴ്ത്തി വനം മന്ത്രി
പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വേടന്റെ പ്രതികരണം
കൊച്ചി: പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍. ലഹരിയും മദ്യപാനവും ശരിയായ ശീലമല്ലെന്നും താന്‍ തിരുത്താന്‍ ശ്രമിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ കേള്‍ക്കുന്നവര്‍ ലഹരിയുടെയും മദ്യത്തിന്റെയും വഴി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും തിരുത്തുമെന്നും വേടന്‍ വ്യക്തമാക്കി.
കേസ് കോടതിയുടെ കൈയ്യില്‍ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വേടന്‍ പറഞ്ഞു. ''എന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്‌നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. തിരുത്താനും നല്ല മനുഷ്യനാകാനും പറ്റുമോയെന്ന് ഞാന്‍ നോക്കട്ടെ. പോയിട്ടു വരാം മക്കളേ.'' വേടന്‍ പറഞ്ഞു.
പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസില്‍ വേടന് ഇന്ന് ജാമ്യം അനുവദിച്ചത്. യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും സമ്മാനമായി കിട്ടിയതാണെന്നും പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കില്ലായിരുന്നു എന്നുമാണ് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങള്‍ കോടതി വിശ്വാസത്തിലെടുത്തില്ല. നാളെ ആര്‍ക്കും ഈ അവസ്ഥ നേരിട്ടേക്കാമെന്നും പുലിപ്പല്ല് ആണോയെന്ന് ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ലെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷയെ എതിര്‍ത്ത വനം വകുപ്പ്, വേടന്‍ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ വാദിച്ചു. എന്നാല്‍ സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാല്‍ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടന്‍ കോടതിയില്‍ പറഞ്ഞു. ആളെ കണ്ടെത്താന്‍ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം പോകാനും താന്‍ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് വേടന്‍ പറഞ്ഞു.
ജാമ്യം ലഭിച്ചതിന് പിന്നാലെ വേടനെ പുകഴ്ത്തി വനം മന്ത്രി ശശീന്ദ്രന്‍ രംഗത്ത് വന്നു. വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമാണ്. വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണ്. സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകും. കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മന്ത്രി, കേസിനെ പെരുപ്പിച്ചു കാണിക്കാനിടയായ പ്രതികരണം നടത്തിയതിന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും പറഞ്ഞു.
പുല്ലിപ്പല്ല് കേസില്‍ കഴിഞ്ഞദിവസം വേടനെ കോടതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് വേടനുമായി തെളിവെടുപ്പ് നടത്തിയശേഷം കോടതിയുടെ നിര്‍ദേശമനുസരിച്ച് ബുധനാഴ്ച വൈകീട്ട് തിരികെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടത്തിലാണ് വേടന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
തിങ്കളാഴ്ച തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആദ്യം പിടികൂടിയത്. ഫ്‌ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടിലെ ആരാധകരാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. ഈ ആരാധകരില്‍ രഞ്ജിത് എന്നയാളെ മാത്രമാണ് തനിക്ക് പരിചയമുള്ളതെന്നും വേടന്‍ പറഞ്ഞിരുന്നു. കേസില്‍ വേടനുമായി വനംവകുപ്പ് തെളിവെടുപ്പും നടത്തിയിരുന്നു.