ദിണ്ടിഗലിലെ സാധാരണക്കാരന്‍ വെറും 'പാവം' തയ്യല്‍ക്കാരനോ അതോ മാഫിയാ തലവനോ? ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം; മൊബൈല്‍ സിം നല്‍കിയത് സുഹൃത്ത് ബാലമുരുകന്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് മണി; ബാലമുരുകന്‍ നല്‍കിയ സിം കാര്‍ഡില്‍ കുരുങ്ങി ദുരൂഹതകള്‍; മണി കള്ളം പറയുകയാണെന്ന് എസ്‌ഐടി
ദിണ്ടിഗലിലെ സാധാരണക്കാരന്‍ വെറും 'പാവം' തയ്യല്‍ക്കാരനോ അതോ മാഫിയാ തലവനോ?
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പരാമര്‍ശിക്കപ്പെട്ട ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സ്ഥിരീകരിച്ചു. ഇയാള്‍ക്ക് കൊളളയുമായി ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായിയാണ് എസ്‌ഐടിക്ക് മൊഴി നല്‍കിയത്. എംഎസ് മണിയുടെ വിളിപ്പേരാണ് ഡി മണി എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതോടെ, സ്വര്‍ണക്കൊള്ളയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുകയാണ്.
എസ്‌ഐടിയുടെ കണ്ടെത്തലുകള്‍ പ്രകാരം, എംഎസ് മണി സുഹൃത്തായ ബാലമുരുകനെയാണ് പതിവായി വിളിച്ചിരുന്നത്. മറ്റുള്ളവരുടെ പേരില്‍ മൂന്ന് ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്ന മണിക്ക് തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ വലിയ ബന്ധങ്ങളുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, താന്‍ ഡി മണിയല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിണ്ടിഗല്‍ സ്വദേശിയായ മണി ആവര്‍ത്തിക്കുന്നു. കേരളാ പോലീസും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്നും താന്‍ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും തനിക്കില്ലെന്നും അദ്ദേഹം വാദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും കേരളത്തില്‍ തനിക്ക് ബിസിനസുകളില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരനാണെന്നും സ്വര്‍ണ വ്യവസായമില്ലെന്നും മണി അവകാശപ്പെടുന്നു.
അതേസമയം, മണി കളവ് പറയുകയാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. ശബരിമല സ്വര്‍ണക്കടത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് അന്വേഷണ സംഘം കരുതുന്നു. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും മണി അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. മണിയുടെ ബാങ്ക് ഇടപാടുകളും എസ്‌ഐടി പരിശോധിക്കും. ശബരിമല സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര ലോബിയുണ്ടോ എന്ന് കണ്ടെത്തണമെങ്കില്‍ ഡി മണിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹത്തിന് പിന്നില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടെന്നും എസ്‌ഐടി സംശയിക്കുന്നു.
ഇതിനിടെ, ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേവായൂര്‍ സ്റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നോട്ടീസ് നല്‍കി വിട്ടയച്ചു. സുബ്രഹ്‌മണ്യന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. താന്‍ പോസ്റ്റ് ചെയ്തത് യഥാര്‍ത്ഥ ചിത്രമാണെന്ന് സുബ്രഹ്‌മണ്യന്‍ വ്യക്തമാക്കി.
പോറ്റിയെ അറിയില്ലെന്ന് മണിയുടെ സുഹൃത്ത് ബാലമുരുകന്‍
ശബരിമല സ്വര്‍ണപ്പാളികള്‍ മോഷ്ടിച്ച കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്ന് ഡി. മണിയുടെ സുഹൃത്ത് ബാലമുരുകന്‍. മണിക്ക് സിം കാര്‍ഡ് വാങ്ങി നല്‍കിയത് താനാണെന്നും ബാലമുരുകന്‍ സമ്മതിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തപ്പോഴാണ് ബാലമുരുകന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി മണിയെ തനിക്കറിയാമെന്നും, അഞ്ചു വര്‍ഷം മുമ്പാണ് മണിയുടെ ആവശ്യപ്രകാരം സിം വാങ്ങിനല്‍കിയതെന്നും ബാലമുരുകന്‍ മൊഴി നല്‍കി. മണി ഇത്തരമൊരു കുറ്റം ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ ബിസിനസ് സംബന്ധമായ കാര്യങ്ങളെക്കുറിച്ചോ തനിക്ക് അറിവില്ല. തയ്യല്‍ക്കട നടത്തുന്ന തന്റെ സ്ഥാപനത്തില്‍ തയ്ക്കാന്‍ വന്നതിലൂടെയാണ് മണിയെ പരിചയപ്പെട്ടതെന്നും, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബാലമുരുകന്‍ വ്യക്തമാക്കി.
എല്ലാവര്‍ഷവും ശബരിമലയില്‍ വരാറുണ്ടെന്നും, കേരളവുമായി മറ്റ് ബന്ധങ്ങളില്ലെന്നും ബാലമുരുകന്‍ മൊഴി നല്‍കി. സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ കാണിച്ചെങ്കിലും ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ ആരെയും അറിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഡി. മണിയെ കണ്ടെത്തുന്നതിനായി ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എസ്ഐടി ബാലമുരുകനിലെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലൂടെയാണ് ഡി. മണിയാണ് ഈ സിം ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിച്ചത്.
മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഡി. മണിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. ഈ കേസിന് അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടെന്ന നിര്‍ണായക സൂചനകള്‍ രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലുകളില്‍ ഉണ്ടായിരുന്നു.
