എംഎല്‍എ ഹോസ്റ്റലില്‍ എല്ലാ എംഎല്‍എമാരെയും പോലെ എനിക്കും മുറിയുണ്ട്; ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോള്‍ ശബരിനാഥ് എന്തിന് കൂട്ടുനില്‍ക്കുന്നു? ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്റെ സൗകര്യത്തിനല്ല; ഓഫീസ് വിവാദത്തില്‍ ശ്രീലേഖയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവിന് വി കെ പ്രശാന്തിന്റെ മറുപടി
ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്റെ സൗകര്യത്തിനല്ല
തിരുവനന്തപുരം: ഓഫീസ് വിവാദത്തില്‍ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയെ പിന്തുണക്കും വിധം പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവും കവടിയാര്‍ കൗണ്‍സിലറുമായ കെ എസ് ശബരിനാഥന് മറുപടിയുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോള്‍ എംഎല്‍എ ആയിരുന്ന ശബരിനാഥനെ പോലെ ഒരാള്‍ എന്തിനാണ് അതിന് കൂട്ടുനില്‍ക്കുന്നത് എന്ന ചോദ്യമാണ പ്രശാന്ത് ഉന്നയിക്കുന്നത്.
ഇത്തരം തിട്ടൂരങ്ങള്‍ക്ക് ശിരസ് കുനിക്കുകയാണെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്റെ സൗകര്യത്തിനല്ലെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.
വി കെ പ്രശാന്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'എന്തുകൊണ്ട് ഓഫീസ് അവിടെയെടുത്തു എന്നതിന് ഉത്തരമിതാണ്. എന്റെ മണ്ഡലത്തിലെ ആളുകള്‍ക്ക് എല്ലാ സമയത്തും കടന്നുവരാനുള്ള സൌകര്യത്തിനാണ് ശാസ്തമംഗലത്തെ സ്ഥലം കണ്ടെത്തിയത്. ഏഴ് വര്‍ഷക്കാലമായി സുഗമമായി അവിടെ പ്രവര്‍ത്തിക്കുകയാണ്. ബിജെപിയുടെ ഭരണ സമിതി അധികാരത്തില്‍ വന്നപ്പോഴാണ് ഏതോ അജണ്ടയുടെ ഭാഗമായി എംഎല്‍എയെ അവിടെ നിന്ന് മാറ്റണണമെന്ന് ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ശബരിനാഥനെ പോലൊരു ആള്‍ അതിന് കൂട്ടുനില്‍ക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
പ്രത്യേക രാഷ്ട്രീയ സ്ഥിതിയില്‍ അത് പഠിക്കേണ്ടതായിട്ടുണ്ട്. എന്നെ സംബന്ധിച്ച് എന്റെ നിയോജക മണ്ഡലത്തിലെ മുഴവന്‍ പേര്‍ക്കും വന്നുചേരാന്‍ കഴിയുന്ന സുഗമമായ സ്ഥലം എന്ന നിലയിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ സൌകര്യത്തിനാണ് ശാസ്തമംഗലത്തെ ഓഫീസ്. അല്ലാതെ ശബരിനാഥിന്റെ സൌകര്യത്തിനല്ല. നൂറു കണക്കിന് സാധാരണക്കാര്‍ അവിടെ എന്നും വരുന്നുണ്ട്.
എംഎല്‍എ ഹോസ്റ്റലില്‍ എല്ലാ എംഎല്‍എമാരെയും പോലെ എനിക്കും മുറിയുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഏത് സമയത്തും അനുവാദത്തിന് കാത്തുനില്‍ക്കാതെ കടന്നുവരാന്‍ കഴിയുന്ന വിധത്തിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്'- വി കെ പ്രശാന്ത് പറഞ്ഞു. മാര്‍ച്ച് 31 വരെയുള്ള വാടക തുക അടച്ചിട്ടുണ്ട്, ആ കാലാവധി കഴിഞ്ഞ് ആലോചിക്കാമെന്ന നിലപാട് വി കെ പ്രശാന്ത് ആവര്‍ത്തിച്ചു.
എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള മുറി ഉണ്ടായിട്ടും എന്തിന് വാടക കെട്ടിടത്തില്‍ ഇരിക്കുന്നുവെന്നാണ് കെ എസ് ശബരീനാഥന്‍ ചോദിച്ചത്. എംഎല്‍എമാരുടെ ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ് സാധാരണ ഉണ്ടാവുക. എംഎല്‍എ ഹോസ്റ്റലില്‍ മുറികളും കമ്പ്യൂട്ടറും പാര്‍ക്കിങ്ങും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് നില്‍ക്കുന്നതെന്തിനാണെന്നും ശബരിനാഥന്‍ ചോദിച്ചു. എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ശബരിനാഥ് കുറിച്ചു.
നേരത്തെ തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ ഓഫീസ് ഒഴിയണമെന്നാണ് ശാസ്തമംഗലം കൗണ്‍സിലറായ ആര്‍.ശ്രീലേഖ ആവശ്യപ്പെട്ടത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ആവശ്യം. ഇതേ കെട്ടിടത്തിലാണ് മുന്‍ കൗണ്‍സിലറിനും ഓഫീസ് ഉണ്ടായിരുന്നത്. എന്നാല്‍ മുറി ചെറുതാണെന്നും എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറി തനിക്ക് വേണമെന്നുമാണ് ശ്രീലേഖ പ്രശാന്തിനെ അറിയിച്ചത്.
അതേസമയം, ശ്രീലേഖക്കെതിരെ കടുത്ത ഭാഷയിലാണ് മന്ത്രി ജി.ആര്‍ അനില്‍ പ്രതികരിച്ചത്. ശ്രീലേഖയുടെ നടപടി അല്‍പ്പത്തരമാണെന്നും ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നടപടിയുണ്ടായത് ശരിയായില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
