അടുത്ത സുഹൃത്തായ 74കാരന് 500 കോടി; പാചകക്കാരന് തൊട്ട് സഹായിക്കുവരെ സഹായം; അയല്‍വാസിയുടെ കടം എഴുതിത്തള്ളും; അരുമ മൃഗങ്ങളെ പരിപാലിക്കാനും തുക മാറ്റിവെച്ചു; 3800 കോടിയോളം വരുന്ന സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്; വില്‍പ്പത്രത്തിലും ഞെട്ടിച്ച് രത്തന്‍ ടാറ്റ!
വില്‍പ്പത്രത്തിലും ഞെട്ടിച്ച് രത്തന്‍ ടാറ്റ!
മാസം 90 കോടി രൂപയുടെ വരുമാനമുണ്ടായിരുന്ന മനുഷ്യന്‍. പേഴ്സല്‍ ആസ്തി മാത്രം പതിനായിരം കോടി രൂപ വരും. അങ്ങനെയുള്ള മില്യണര്‍ ആയ അദ്ദേഹം തന്റെ ജന്‍മദിനം അടക്കം ആഘോഷിക്കാറുള്ളത് ഒരു കപ്പ്കേക്കിനുമുകളില്‍ രണ്ട് മെഴുകുതിരി മാത്രം കത്തിച്ചായിരുന്നു. വല്ലാതെ അസുഖബാധിതനാവുന്നതുവരെ ഒരു സാദാ ഫ്ളാറ്റിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 84-ാം വയസ്സിലും, ഒരു ടാറ്റാ സെഡാന്‍ കാര്‍ ഓടിച്ച്, തന്റെ തന്നെ ഹോട്ടലിലേക്ക് പാര്‍ക്കിങ്ങിനുവേണ്ടി മറ്റുള്ളവര്‍ക്ക് മുന്നില്‍ ഊഴം കാത്തുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ടാബ്ലോയിഡുകള്‍ ആഘോഷിച്ചു.
പറഞ്ഞുവരുന്നത് രത്തന്‍ ടാറ്റയെന്ന ഇന്ത്യയിലെ ഏറ്റവും ലളിത ജീവിതം നയിക്കുകയും, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവെക്കുകയും ചെയ്ത വ്യത്യസ്തനായ കോടീശ്വരനെ കുറിച്ചാണ്. 2024 ഒക്ടോബര്‍ 9ന് അന്തരിച്ചിട്ടും അദ്ദേഹം ഇടക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോള്‍ അതുപോലെ വാര്‍ത്തയാവുന്നത് രത്തന്‍ ടാറ്റയുടെ വില്‍പ്പത്രമാണ്. രത്തന്‍ ടാറ്റയുടെ കോടികള്‍ മൂല്യമുള്ള സ്വത്തുക്കള്‍ ഇനി ആര്‍ക്ക് ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം, ഇതോടെ വിരാമമാവുകയാണ്.
മൂന്നിലൊന്ന് സുഹൃത്തിന്
രത്തന്‍ ടാറ്റയുടെ പേഴ്സണല്‍ സ്വത്തുക്കള്‍ ആര്‍ക്ക് കിട്ടുമെന്നതിനെ കുറിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കോടതി രേഖകള്‍ ഉദ്ധരിച്ച് ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇക്കണോമിക് ടൈംസ്. ടാറ്റയുടെ 3800 കോടി മൂല്യം കണക്കാക്കുന്ന സ്വത്തുവകകളുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാവും വിനിയോഗിക്കുക. രത്തന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന്‍, രത്തന്‍ടാറ്റ എന്‍ഡോവ്മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല. അവശേഷിക്കുന്ന സ്വത്തുവകകളുടെ മൂന്നിലൊന്ന് ഭാഗം വീതം രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരിമാരായ ഷിറീന്‍ ജജീഭോയ്, ഡെയാന ജജീഭോയ് എന്നിവര്‍ക്കാകും ലഭിക്കുക.
ബാങ്കുകളിലുള്ള സ്ഥിരനിക്ഷേപങ്ങള്‍, ഓഹരികളും കടപ്പത്രങ്ങളും അടക്കമുള്ളവ, വാച്ചുകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 800 കോടി രൂപ വിലവരുന്ന സ്വത്തുക്കളുടെ ഭാഗമാണ് അര്‍ധസഹോദരിമാര്‍ക്ക് ലഭിക്കുന്നത്. അവശേഷിക്കുന്ന മൂന്നിലൊന്ന് ഭാഗം രത്തന്‍ ടാറ്റയുമായി വളരെ അടുപ്പമുണ്ടായിരുന്ന മോഹിനി മോഹന്‍ ദത്തയ്ക്കാവും ലഭിക്കുകയെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു.
വില്‍പ്പത്ര പ്രകാരം കോളടിച്ചിരുക്കുന്നത് ജംഷഡ്പുര്‍ സ്വദേശിയായ വ്യവസായിയും രത്തന്‍ ടാറ്റയുടെ അടുത്ത സുഹൃത്തുമായ മോഹിനി മോഹന്‍ ദത്ത എന്ന 74കാരനാണ്. ദത്തയ്ക്ക് ലഭിക്കുന്ന അഞ്ഞൂറുകോടി രൂപയില്‍, 350 കോടിയില്‍ അധികം രൂപയുടേത് ബാങ്ക് നിക്ഷേപമാണ്. പെയിന്റിങ്ങുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവസ്തുക്കള്‍ ലേലത്തില്‍ വിറ്റുലഭിക്കുന്ന തുകയും ദത്തയ്ക്ക് ലഭിക്കും.
ഈ വാര്‍ത്ത പുറത്തുവന്നതോടെ ആവാണ് മോഹിനി മോഹന്‍ ദത്ത എന്ന അന്വേഷണത്തിലാണ് മാധ്യമങ്ങള്‍. സ്റ്റാലിയണ്‍ എന്നൊരു ട്രാവല്‍ ഏജന്‍സി ഇദ്ദേഹത്തിനുണ്ടായിരുന്നു. 2013-ല്‍ ഇത് താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ഉപ കമ്പനിയായ താജ് സര്‍വീസസില്‍ ലയിച്ചു. ജംഷഡ്പുരില്‍വെച്ച് പരിചയപ്പെട്ട ഇരുവരും തമ്മില്‍ 60 കൊല്ലത്തോളം അടുപ്പമുണ്ടെന്നാണ് വിവരം. ദത്തയുടെ രണ്ടുപെണ്‍മക്കളില്‍ ഒരാള്‍ താജ് ഹോട്ടലിലും പിന്നീട് ടാറ്റ ട്രസ്റ്റിലും ഒന്‍പതു കൊല്ലത്തോളം ജോലിചെയ്തിട്ടുണ്ട്.
പാചകക്കാരന് തൊട്ട് സഹായിക്കുവരെ പണം
രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിരുന്ന മറ്റ് ഓഹരികള്‍ അടക്കമുള്ളവ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്മെന്റ് ട്രസ്റ്റിനും തുല്യമായി വീതിച്ചുനല്‍കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജൂഹു ബംഗ്ലാവിന്റെ ഒരുഭാഗവും ആഭരണങ്ങളുടെ ഒരുഭാഗവും അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു അനന്തരാവകാശിയായ ജിമ്മി നവല്‍ ടാറ്റയ്ക്ക് ലഭിക്കും. അലിബാഗിലെ സ്വത്തുക്കളും രത്തന്‍ ടാറ്റയുടെ മൂന്ന് തോക്കുകളും അടക്കമുള്ളവ അടുത്ത സുഹൃത്ത് മെഹ്ലി മിസ്ത്രിയ്ക്ക് ലഭിക്കും.
തനിക്കു ചുറ്റുമുള്ളവരുടെ ഒന്നും രത്തന്‍ ടാറ്റ വില്‍പ്പത്രത്തിലും മറന്നില്ല. രത്തന്‍ ടാറ്റയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റ് ആയിരുന്നു ശന്തനു നായിഡു, വിദേശത്ത് പോയി പഠിക്കാനായി എടുത്ത വായ്പ എഴുതിത്തള്ളണമെന്ന് രത്തന്‍ ടാറ്റ വില്‍പ്പത്രത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കൂടാതെ, മുതിര്‍ന്നവര്‍ക്ക് ഏകാന്തതയും ഒറ്റപ്പെടലും നല്‍കുന്ന വേദനകള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള, ശന്തനുവിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ഗുഡ്ഫെലോസിലെ ഓഹരികള്‍ രത്തന്‍ ശന്തനുവിനു കൈമാറിയിട്ടുണ്ട്. അവസാന കാലത്ത് രത്തന്‍ ശന്തനുവിന്റെ കൂടെയായിരുന്നു താമസം. അവരുടെ അപൂര്‍വ സൗഹൃദം പലതവണ വാര്‍ത്തയായിട്ടുണ്ട്. നായകളോടുള്ള സ്നേഹമാണ് പുണെയില്‍ നിന്നുള്ള ശന്തനുവിനെയും രത്തന്‍ ടാറ്റയെയും അടുപ്പിച്ചത്. മൃഗങ്ങള്‍ റോഡപകടങ്ങളില്‍പ്പെടുന്നത് തടയാന്‍ ലക്ഷ്യമിട്ട് തെരുവുനായകള്‍ക്കായി തുടങ്ങിയ മോട്ടോപോസ് എന്ന പദ്ധതിയിലൂടെയാണ് ശന്തനു രത്തന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ടാറ്റയുടെ വിശ്വസ്തനും സഹായിയുമായി മാറി.
അതുപോലെ, മുപ്പതുവര്‍ഷമായി തന്റെ രുചിക്കൂട്ടുകള്‍ തയ്യാറാക്കിയിരുന്ന സുബ്ബയ്യയെയും ടാറ്റ മറന്നില്ല. അദ്ദേഹത്തിനായി സ്വത്തില്‍ നിന്ന് ചെറിയൊരുവിഹിതം നീക്കിവെച്ചിട്ടുണ്ട്. രത്തന്‍ വിദേശയാത്രയ്ക്കുപോകുമ്പോള്‍ അദ്ദേഹത്തിനായുള്ള വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതും സുബ്ബയ്യ ആയിരുന്നു. രത്തന്‍ ടാറ്റയുടെ അയല്‍ക്കാരനായ ജേക്ക് മാലൈറ്റ് എടുത്ത പലിശരഹിത വിദ്യാഭ്യാസ ലോണും എഴുതിത്തള്ളുമെന്നാണ് വില്‍പ്പത്രത്തിലുള്ളത്.
ഇതുകൂടാതെ 12 ലക്ഷംരൂപയുടെ ഫണ്ട് അരുമമൃഗങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം മാറ്റിവെച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കായി മൂന്ന് മാസം കൂടുംതോറും 30,000 രൂപവീതം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ടാറ്റയുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമായ ടിറ്റോ എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയെ സംരക്ഷിക്കുന്നകാര്യവും വില്‍പ്പത്രത്തിലുണ്ട്. ടിറ്റോയുടെ കാലം കഴിയുന്നതുവരെ പരിചരണം ഉറപ്പാക്കുന്നരീതിയിലാണ് പണം നീക്കിവെച്ചിട്ടുള്ളത്. ഇതിനെ അഞ്ചു വര്‍ഷംമുന്‍പാണ് രത്തന്‍ ദത്തെടുത്തത്. രത്തന്റെ പാചകക്കാരിലൊരാളായ രാജന്‍ ഷായ്ക്കാണ് പരിചരണച്ചുമതല.
രത്തന്‍ ടാറ്റയ്ക്കു ലഭിച്ച അവാര്‍ഡുകള്‍ ടാറ്റ സെന്‍ട്രല്‍ ആര്‍ക്കൈവ്സിനു കൈമാറും. വില്‍പ്പത്രത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി അദ്ദേഹത്തിന്റെ വിശ്വസ്തനായ അഭിഭാഷകന്‍ ഡാരിയസ് ഖംബാട, ദീര്‍ഘകാലമായി ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മെഹ്ലി മിസ്ത്രി, അര്‍ധസഹോദരിമാരായ ഷിരീന്‍, ഡിയന്ന ജെജീഭോയ് എന്നിവരെയാണ് രത്തന്‍ ടാറ്റ ചുമതലപ്പെടുത്തിയിട്ടുള്ളത്. സ്വത്തുവകകള്‍ ലഭിക്കുന്നത് സംബന്ധിച്ച നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവരെല്ലാം ബോംബേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വില്‍പത്രത്തിന്റെ ആധികാരികതയടക്കം കോടതി ഉറപ്പാക്കിയശേഷമാവും തുടര്‍നടപടികള്‍.