കുത്തഴിഞ്ഞ ഭരണവും സാമ്പത്തിക കെടുകാര്യസ്ഥതയും; റിസര്‍വ് ബാങ്ക് ചുവപ്പുകൊടി വീശി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന് കടുത്ത നിയന്ത്രണങ്ങള്‍; വായ്പ നല്‍കുന്നതിനും പുതിയ നിക്ഷേപം സ്വീകരിക്കുന്നതിലും വിലക്ക്; 'കരുവന്നൂര്‍' പേടിയില്‍ നിക്ഷേപകര്‍

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന് കടുത്ത നിയന്ത്രണങ്ങള്‍

Update: 2025-07-31 11:20 GMT

തൃശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന് റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് ബാങ്ക്. വായ്പ നല്‍കുന്നതിന് വിലക്കുണ്ട്. കൂടാതെ പണം കടം വാങ്ങുകയോ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യാനും വില്‍ക്കാനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഒരാള്‍ക്ക് പരമാവധി 10,000 രൂപ മാത്രമേ പിന്‍വലിക്കാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2024- 25 വര്‍ഷത്തില്‍ 40 കോടി രൂപ നഷ്ടത്തിലാണ് ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക്. നിയന്ത്രണങ്ങള്‍ വന്നതോടെ, ബാങ്കിന്റെ എടിഎമ്മുകളും പ്രവര്‍ത്തന രഹിതമായി. 19 ബ്രാഞ്ചുകളിലായി 35000 നിക്ഷേപകരും 930 കോടി രൂപ നിക്ഷേപവുമാണ് ബാങ്കിന് ഉള്ളത്. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതാണ് നടപടിക്ക് കാരണമായതെന്ന് ആര്‍ബിഐ വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം, കെട്ടിട വാടക, വൈദ്യുതി ബില്‍ എന്നിവ നല്‍്കാന്‍ ബാങ്കിന് അനുമതിയുണ്ട്.

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ പരിരക്ഷയുടെ അടിസ്ഥാനത്തില്‍ നിശ്ചിത സമ്മതപത്രം പൂരിപ്പിച്ച് നല്‍കിയാല്‍ നിക്ഷേപത്തിന്റെ 5 ലക്ഷം വരെ ലഭിക്കും. നോണ്‍ ബാങ്കിങ് അസറ്റായി 365 കോടിയും ലോണ്‍ കുടിശ്ശികയായി 195 കോടി രൂപയുമാണ് ബാങ്കിന് ഉള്ളത്. 2020 മുതല്‍ നോണ്‍ ബാങ്കിംഗ് അസറ്റുകള്‍ ബാങ്കില്‍ വര്‍ധിച്ച് വരികയായിരുന്നു. 200 കോടി രൂപയാണ് ബാങ്കിന് സര്‍ക്കാര്‍ സെക്യൂരിറ്റീസില്‍ നിക്ഷേപമുള്ളത്.

അതേസമയം രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ തുടര്‍ന്ന് വായ്പ തിരിച്ചടവ് മോശമായത് കൊണ്ട് റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക സൂചകങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ കഴിയാതെ വന്നതാണെന്നും ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഈ താത്കാലിക നിയന്ത്രണങ്ങള്‍ നീക്കാന്‍ കഴിയുമെന്നും ബാങ്കിന്റെ സ്ഥിതി മെച്ചപ്പെട്ടാല്‍ പിന്‍വലിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ബാങ്ക് ചെയര്‍മാന്‍ കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എം പി ജാക്സണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ വന്നതോടെ, നിക്ഷേപകര്‍ ആശങ്കയിലായി. പലരും ബാങ്കിലേക്ക് എത്തിത്തുടങ്ങി.

Tags:    

Similar News