ഏകദേശം മുപ്പത് സെക്കൻഡോളം നീണ്ടു നിന്ന പൊട്ടിത്തെറി ശബ്ദം; പ്രാണരക്ഷാർത്ഥം ആളുകൾ ചിതറിയോടി; ചെങ്കോട്ടയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം വരെ പ്രകമ്പനം; പരിക്കേറ്റ ആളുകളുടെ ശരീരത്തിൽ അസാധാരണ കാഴ്ച; ഇത്..എങ്ങനെ സംഭവിച്ചു എന്നതിൽ ഉത്തരമില്ല; ഡൽഹി സ്ഫോടനത്തിൽ എങ്ങും വിലാപം മാത്രം
ഡൽഹി: നഗരഹൃദയത്തിൽ, തിരക്കേറിയ സമയത്ത് നടന്ന കാറിലെ സ്ഫോടനം രാജ്യത്ത് അതീവ ജാഗ്രതക്ക് ഇടയാക്കിയിരിക്കുകയാണ്. വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറിലുണ്ടായിരുന്നവരെ കൂടാതെ സമീപത്തുണ്ടായിരുന്ന ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയും കത്തിനശിച്ചു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹി പോലീസിന് പുറമെ ഫൊറൻസിക് സയൻസ് ലബോറട്ടറി (FSL), ദേശീയ അന്വേഷണ ഏജൻസി (NIA), ദേശീയ സുരക്ഷാ ഗാർഡ് (NSG) എന്നിവരും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. സംശയിക്കുന്ന ഭീകരവാദികളുടെ കേസ് ഫയലുകൾ നിരീക്ഷിച്ചുവരികയാണ്.
അസാധാരണമായ സ്ഫോടനം
സ്ഫോടനം നടന്ന കാറിനകത്ത് നിന്ന് പരിക്കേറ്റവരെ കണ്ടെത്തിയെങ്കിലും അവരുടെ ശരീരത്തിൽ ബോംബ് ചീളുകളോ മറ്റ് ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. ബോംബ് സ്ഫോടനങ്ങളിൽ ഇത്തരം സാഹചര്യം അസാധാരണമാണെന്നും, സംഭവത്തിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നദീം ഖാൻ എന്നയാളുടെ പേരിലാണ് സ്ഫോടനമുണ്ടായ ഹരിയാന രജിസ്ട്രേഷൻ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവസ്ഥലത്ത് ഡൽഹി പോലീസിന്റെ പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം FSL, NIA, NSG ടീമുകൾ വിശദമായ പരിശോധനകൾ ആരംഭിച്ചു. സ്ഫോടനത്തിന്റെ സ്വഭാവം, ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ തരം, ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം എന്നിവ കണ്ടെത്തുകയാണ് ഇവരുടെ പ്രധാന ദൗത്യം. സംശയിക്കുന്ന ഭീകരവാദികളുടെ വിവരങ്ങൾ ശേഖരിക്കുകയും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ആസൂത്രിതമായ ആക്രമണം?
ചെങ്കോട്ടയും ജമാമസ്ജിദും ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനം നടന്നത്. വൈകുന്നേരങ്ങളിലാണ് ഈ പ്രദേശങ്ങളിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നത്. ഇത് സ്ഫോടനം മുൻകൂട്ടി ആസൂത്രണം ചെയ്ത ഒന്നാണെന്ന നിഗമനത്തിലാണ് പോലീസ്. സ്ഫോടനത്തിന്റെ പ്രകമ്പനം ചെങ്കോട്ടയിൽ നിന്ന് രണ്ടര കിലോമീറ്ററോളം അകലെയുള്ള ഐടിഒ ജംഗ്ഷൻ വരെ അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. സ്ഫോടന ശബ്ദം ഏകദേശം 30 സെക്കൻഡ് നീണ്ടുനിന്നു. തീയണയ്ക്കാൻ അഗ്നിശമന സേനയ്ക്ക് അരമണിക്കൂറിലേറെ സമയമെടുത്തു.
സ്ഫോടനം നടന്ന കാറിന്റെ മുൻ ഉടമയായ മുഹമ്മദ് സൽമാനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. കാർ പിന്നീട് മറ്റൊരാൾക്ക് കൈമാറിയതായാണ് വിവരം. ഇയാളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അന്വേഷണത്തിന് നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൽഹിയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ചെങ്കോട്ടയിലേക്കുള്ള ഗതാഗതം നിരോധിക്കുകയും ഡൽഹിയിലെ പൊതു ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം വർദ്ധിപ്പിക്കുകയും സംസ്ഥാന അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
