സന്ദര്‍ശന സമയല്ലെങ്കില്‍ സൂപ്രണ്ടിന്റെ അനുമതി വേണമെന്ന് പറഞ്ഞ സെക്യൂരിറ്റി; മാധ്യമ സ്വാതന്ത്ര്യം എന്താണെന്ന് അറിയാമോ എന്ന് ചോദിച്ച് സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍; റിപ്പോര്‍ട്ടര്‍ ടിവിയിലെ നാലു പേര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ട് പത്തനംതിട്ട പോലീസ്; ജനറല്‍ ആശുപത്രിയിലെ 'റിപ്പോര്‍ട്ടിംഗ്' കേസാകുമ്പോള്‍

Update: 2025-02-07 05:15 GMT

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തുവെന്ന് പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റിപ്പോര്‍ട്ടര്‍ ചാനലിലെ ആസാദാണ് ഒന്നാം പത്രി. രണ്ടാം പ്രതി റിപ്പോര്‍ട്ടറാണ്. മൂന്നാം പ്രതി ക്യാമറാമാന്‍. നാലാം പ്രതി അറിയാത്ത വ്യക്തിയാണ്. എന്നാല്‍ വിലാസമായി കൊടുത്തിരിക്കുന്നത് പത്തനംതിട്ട റിപ്പോര്‍ട്ടര്‍ ചാനലെന്നും. അതായത് നാല് പ്രതികളും റിപ്പോര്‍ട്ടര്‍ ചാനലിലുള്ളവരാണ്.

ആദ്യ പ്രതിയുടെ പേര് മാത്രമേ എഫ് ഐ ആറിലുള്ളൂ. ആശുപത്രികളെ അതിക്രമം തടയാനുള്ള കേരളത്തിലെ പ്രത്യേക നിയമത്തിലെ മൂന്നും നാലും വകുപ്പ് ചുമത്തിയാണ് കേസ്. ഇതിനൊപ്പം ഭാരതീയ ന്യായ സംഹിതയിലെ 329(3), 115(2), 126(2), 352(2), 3(5) എന്നീ വകുപ്പുകളും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വാര്‍ഡില്‍ അതിക്രമിച്ച് കയറി സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ചുവെന്നാണ് കേസ്.

സന്ദര്‍ശന സമയമല്ലാത്ത നേരത്തെ അധികൃതരുടെ അനുവാദം കൂടാതെ അതിക്രമിച്ച് കയറിയെന്നും അത് വിലക്കിയ സെക്യൂരിറ്റിക്കാരനെ ആക്രമിച്ചുവെന്നുമാണ് എഫ് ഐ ആര്‍. തടഞ്ഞ സെക്യൂരിറ്റിക്കാരനെ നീയാരാടാ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ തടയാന്‍... മാധ്യമ സ്വാതന്ത്ര്യം എന്താണെന്ന് നിക്കറിയാമോ.. നിനക്ക് ഞങ്ങള്‍ ആരാന്ന് കാണിച്ചു താരം എന്ന് ഭീഷണിപ്പെടുത്തി. കഴുത്തിന് കുത്തി പിടിച്ച് തള്ളുകയും ചെയ്തു. പിടിച്ചു തള്ളി. ഇടതു കൈയ്യില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി തളളി വീഴ്ത്താന്‍ നാലു പ്രതികളും ചേര്‍ന്ന് ശ്രമിച്ചെന്നും എഫ് ഐ ആറിലുണ്ട്.

കഴിഞ്ഞ ദിവസം ആശുപത്രിയിലെ സ്റ്റാഫ് കൗണ്‍സില്‍ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു്. റിപ്പോര്‍ട്ടര്‍ ടിവി ജീവനക്കാരായിരുന്നു ആശുപത്രി ജീവനക്കാരന് നേരെ കയ്യേറ്റവുമായി എത്തിയതെന്ന് അവര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ പൊലീസ് അതിക്രമത്തിന് ഇരയായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തുലാപ്പള്ളി സ്വദേശി സിത്താരയുടെ പ്രതികരണം തേടാനെത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ആശുപത്രി വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നയാളുടെ വീഡിയോ എടുക്കുന്നതിന് ആശുപത്രി സൂപ്രണ്ടിന്റെ അനുമതി വേണമെന്ന് സെക്യൂരിറ്റി ജീവനക്കാരനായ അജയഘോഷ് പറഞ്ഞു. ഇത് ചോദ്യം ചെയ്ത് ചാനല്‍ റിപ്പോര്‍ട്ടറുടെ ഒപ്പമെത്തിയ ജീവനക്കാരന്‍ അജയഘോഷിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ പരാതി.


 



ഇതിനെതിരെ നടത്തിയ പ്രതിഷേധ ധര്‍ണ ഡോ. പി കെ സുഷമ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അജിത്കുമാര്‍ അധക്ഷ്യനായി. കെജിഎന്‍എ സംസ്ഥാന കമ്മിറ്റിയംഗം ഗീതാകുമാരി, നേഴ്സിങ് സൂപ്രണ്ട് ചന്ദ്രമതി, ആര്‍ഒ ജി സുധീഷ്, കെജിഎച്ച്ഡിഎസ് ജില്ലാസെക്രട്ടറി മനുലാല്‍, അനില്‍കുമാര്‍, ബി ബി ദിനേശ്, അജിത് പ്രഭാകര്‍ എന്നിവര്‍ സംസാരിച്ചു. സംഭവം സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് സൂപ്രണ്ട് ജില്ല പൊലീസ് ചീഫിന് പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് എഫ് ഐ ആര്‍ ഇട്ടത്.

Tags:    

Similar News